മലയാളത്തിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ ആൻസൻ പോളും, അമ്മ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ സ്മിനു സിജോയും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് ‘റാഹേൽ മകൻ കോര’. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ ഇപ്പോൾ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സെക്കൻഡ് ലുക്ക് പോസ്റ്ററുമെല്ലാം നേരത്തെതന്നെ സമൂഹ മാധ്യമങ്ങളിൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് വൈറലായിരുന്നു.
നാട്ടിൻപുറത്തെ ഒരു സാധാരണ കഥയാണ് റാഹേൽ മകൻ കോര’ പറയുന്നത്. ചിത്രത്തിലെ ഒരു വീഡിയോ ഗാനം മുൻപ് പുറത്തിറങ്ങിയിരുന്നു. ”മിണ്ടാതെ തമ്മിൽ” എന്നാരംഭിക്കുന്ന പ്രണയഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണനാണ്. കൈലാസ് മേനോന്‍ ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് മൃദുല വാര്യരും അരവിന്ദ് നായരും ചേർന്നാണ്. ഇതിനോടകം ചിത്രത്തിലെ ഗാനം നിരവധി ആളുകൾ കണ്ട് കഴിഞ്ഞു.
ഒരു സാധാരണ കുടുംബത്തിലെ കളിയും ചിരിയും പ്രണയവും കോർത്തിണക്കിയ ‘റാഹേൽ മകൻ കോര’ യുടെ ആദ്യത്തെ പോസ്റ്റർ പുറത്തു വന്നപ്പോൾ മുതൽ ആരാധകർ വളരെയധികം ആകാംക്ഷയിലാണ്. എസ്.കെ.ജി ഫിലിംസിൻറെ ബാനറിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദീർഘനാൾ ഒട്ടേറെ സിനിമകളിൽ അസോസിയേറ്റ് ഡയറക്ടറായിട്ടുള്ള ഉബൈനിയാണ്. അദ്ദേഹത്തിൻറെ ആദ്യ സ്വതന്ത്ര സംവിധാന സിനിമ കൂടിയാണിത്. ഷാജി കെ ജോർജ്ജാണ് നിർമ്മാണം. അൽത്താഫ് സലീം, മനു പിള്ള, മെറിൻ ഫിലിപ്പ്, വിജയകുമാർ തുടങ്ങി നിരവധി താരങ്ങൾ ഒന്നിക്കുന്ന ചിത്രത്തിന് ബേബി എടത്വയാണ് കഥയും തിരക്കഥയുമൊരുക്കുന്നത്.
അമ്മ വേഷം മനോഹരമാക്കി തീർക്കുന്നതിൽ കഴിവ് തെളിയിച്ച നടിയാണ് സ്മിനു സിജോ. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് നടി മലയാളികളുടെ മനസ്സിൽ ഇടം നേടിയത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടത് സിനിമയിൽ അമ്മയും മകനുമായി അഭിനയിക്കുന്ന സ്മിനു സിജോയും ആൻസൺ പോളുമായിരുന്നു. എന്നാൽ സെക്കൻഡ് ലുക്ക് പോസ്റ്ററിൽ സ്മിനുവിന് പകരം നായിക മെറിൻ ഫിലിപ്പാണ് എത്തിയിരുന്നത്.
ഛായാഗ്രഹണം ഷിജി ജയദേവൻ, എഡിറ്റർ അബൂതാഹിർ, സംഗീത സംവിധാനം കൈലാസ്, ഗാനരചന ഹരിനാരായണൻ, മനു മഞ്ജിത്ത്, പ്രൊഡക്ഷൻ കൺട്രോളർ ദിലീപ് ചാമക്കാല, അസോസിയേറ്റ് ഡയറക്ടർ ജോമോൻ എടത്വ, ശ്രിജിത്ത് നന്ദൻ, ഫിനാൻസ് കൺട്രോളർ ഷെബിൻ ചാക്കോ അറക്കത്തറ, സൗണ്ട് ഡിസൈനർ ധനുഷ് നായനാർ, മേക്കപ്പ് സിജേഷ് കൊണ്ടോട്ടി. കോസ്റ്റ്യൂം ഗോകുൽ മുരളി, വിപിൻ ദാസ്, ആർട്ട് വിനീഷ് കണ്ണൻ, ഡി.ഐ വിസ്ത ഒബ്സ്യുക്യൂറ, സി.ജി ഐ വി എഫ് എക്സ്, സ്റ്റിൽസ് അജേഷ് ആവണി, ശ്രീജിത്ത്, ഡിസൈൻസ് യെല്ലോ ടൂത്ത്സ്.