സുരേഷ് ഗോപി ചിത്രം ‘എസ്ജി 251’ന് പ്രൊഡ്യൂസർ ഇല്ല !! വെളിപ്പെടുത്തി സംവിധായകൻ

0
217

സുരേഷ് ഗോപി കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഗരുഡൻ’. കഴിഞ്ഞ ദിവസം നടന്ന ‘ഗരുഡന്റെ’ പത്ര സമ്മേളനത്തിനിടെ സുരേഷ് ഗോപിയുടെ മറ്റൊരു സിനിമയേക്കുറിച്ചു മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നു. ‘എസ് ജി 25’1 എന്ന താൽക്കാലികമായി പേരിട്ട ചിത്രമായിരുന്നു അത്. എസ്ജി 251 അനിശ്ചിതത്വത്തിൽ ആണെന്നൊക്കെയാണ് പുറത്തുവന്ന റിപ്പോർട്ടുകൾ.

ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് രാഹുൽ രാമചന്ദ്രനാണ്. ഈ ചിത്രം പ്രതിസന്ധിയിലാണെന്നാണ് റിപ്പോർട്ട് വന്നിരുന്നത് . സംവിധായകൻ രാഹുൽ രാമചന്ദ്രൻ തന്നെ ഇക്കാര്യത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ്. തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് അക്കൗണ്ടിൽ പങ്കുവെച്ച കുറിപ്പിലൂടെ ആണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ഗരുഡൻ സിനിമയുടെ വാർത്താ സമ്മേളത്തിലായിരുന്നു എസ്‍ജി 25 നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചും പ്രശ്നങ്ങളെക്കുറിച്ചും ഉള്ള വിവരങ്ങൾ ആദ്യം വെളിപ്പെടുത്തിയത്. നടൻ സുരേഷ് ഗോപി പറഞ്ഞ കാര്യങ്ങൾ സംവിധായകൻ രാഹുൽ രാമചന്ദ്രനും ഇപ്പോൾ ശരിവെച്ചിരിക്കുകയാണ്. ചിത്രം കുറച്ചുനാളായി പ്രതിസന്ധിയിലാണ് എന്നത് വാസ്‍തവമാണ് എന്നും, എസ്‍ജി 251ന് ഒരു നിർമാതാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പി​ന്റെ പൂർണ്ണരൂപം…

”നമസ്കാരം, അതെ സുരേഷ് ഗോപി സർ കഴിഞ്ഞ ദിവസം നടന്ന ഗരുഡന്റെ പ്രസ്മീറ്റിൽ പറഞ്ഞത് സത്യം തന്നെയാണ്. ഞങ്ങളുടെ എസ്ജി 251ന് പ്രൊഡ്യൂസർ ഇല്ല !! പ്രൊഡക്ഷൻ പ്രശ്നം കഴിഞ്ഞ കുറച്ച് നാളുകളായി നേരിടുകയാണ് എന്നത് വാസ്തവം തന്നെയാണ്. ഈ പ്രസ്സ് മീറ്റ് വീഡിയോ വന്നത് മുതൽ എനിക്ക് വരുന്ന മെസേജുകൾക്കും, കോളുകൾക്കും, അതുപോലെ തന്നെ സിനിമാഗ്രൂപ്പ് ചർച്ചകൾക്കും ഒരു ക്ലാരിഫിക്കേഷൻ ഞാൻ തന്നെ കൊടുക്കണമെന്ന് തോന്നി അത് ഞാൻ ചുവടെ കൊടുക്കുന്നുണ്ട്  ധർമ്മ യുദ്ധം നടത്തി ജയിച്ചു എന്ന് വീമ്പ് പറഞ്ഞ പാണ്ഡവ പക്ഷത്തെ പതിനെട്ടാം നാൾ വിറപ്പിച്ച ദ്രോണ പുത്രൻ അശ്വത്ഥാമായെ ആരും പാടി പുകഴ്ത്താത്തത് അയ്യാൾ ഒരു ഹീറോ ആകാത്തത് കൊണ്ടല്ല…വേണ്ടപ്പെട്ടവരെ യുദ്ധത്തിന്റെ എല്ലാ നിയമങ്ങളും തെറ്റിച്ചു കൊന്നത് അറിഞ്ഞു, അതേ യുദ്ധനിയമങ്ങൾ തെറ്റിച്ചു ആ രാത്രി പാണ്ഡവ കൂട്ടത്തിൽ അയ്യാൾ നടത്തിയ നരവേട്ടയെ പറ്റിയാണ് എല്ലാരും ഓർത്തത്.

എന്നാൽ അതിലും അവസാനിപ്പക്കാത്ത പക മനസ്സിൽ ഉള്ള ദ്രോണ പുത്രൻ ലോകം മുച്ചൂടും മുടിക്കാൻ കെൽപ്പുള്ള ബ്രഹ്‌മശീർഷം ഉത്തരയുടെ ഗർഭത്തിലേക്ക് എയ്ത്, പാണ്ഡവ തലമുറയ്ക്ക് അന്ത്യം വരുത്തിയിട്ടാണ് അയ്യാൾ തന്റെ പക പൂർത്തിയാക്കുന്നത്.

ഇത്രയും പറഞ്ഞത്,ബ്രഹ്‌മശീർഷവുമായി കുറേ അശ്വത്ഥാമായെ പോലുള്ളവർ ചുറ്റുമുണ്ടെന്നറിയാം…ഉത്തരയുടെ ഗര്ഭത്തിലെന്ന പോലെ, ഞാൻ ചുമക്കുന്ന എന്റെ സിനിമയെ തകർക്കാൻ ആവനാഴിയിലെ അവസാന അസ്ത്രവും എയ്തു നിൽക്കുന്നവരോടാണ്…ചതിയുടെയും വെറുപ്പിന്റെയും പകയുടെയും എടുക്കുമ്പോൾ ഒന്ന് തൊടുക്കുമ്പോൾ ആയിരം എന്ന പോലുള്ള എല്ലാ കൺകെട്ടും നിങ്ങള് കാട്ടുമെന്നറിയാം, അത് കൊണ്ട് മുറുവേറ്റ് ശരശയ്യയിൽ കിടക്കാനും തയ്യാറല്ല…എന്റെ സിനിമയുടെ പിറവിയെ തടുക്കാൻ ഒരു ബ്രഹ്‌മശീർഷം മതിയാകില്ല നിങ്ങൾക്ക്… ഒരായിരം പ്രശ്നങ്ങളുടെ ചക്രവ്യൂഹം ഭേദിച്ച് #SG251 പുറത്ത് വരുമെന്നതിൽ ഞങ്ങൾക്ക് സംശയമൊന്നുമില്ല. ഒരുപിടി നല്ല പ്രൊഡ്യൂസർമാരോട് സംസാരിക്കുന്നുണ്ട്, കഥയും ബഡ്ജറ്റും മനസിലാക്കി അവർ ഇത് മുനോട്ട് കൊണ്ട് പോകുമെന്നുള്ള പൂർണ വിശ്വാസതയോടെ നിർത്തുന്നു.”

സിനിമയുടെ പിറവിയെ തടുക്കാൻ ആർക്കുമാകില്ലെന്നും സംവിധായകൻ രാഹുൽ രാമചന്ദ്രൻ കുറിപ്പിലൂടെ വ്യക്തമാക്കുന്നുണ്ട്. നിരവധി നല്ല നിർമ്മാതാക്കളോട് സംസാരിക്കുന്നുണ്ടെന്നും കഥയും ബജറ്റും മനസിലാക്കി അവർ ഇത് മുന്നോട്ടു കൊണ്ടുപോകുമെന്ന് വിശ്വാസമുണ്ട് എന്നും രാഹുൽ രാമചന്ദ്രൻ പറഞ്ഞു. എന്തുതന്നെ ആയാലും എസ്‍ജി 251 പുറത്തിറങ്ങുമെന്ന് തനിക്ക് സംശയമൊന്നും ഇല്ലെന്നും രാഹുൽ രാമചന്ദ്രൻ സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നുണ്ട്.

സുരേഷ് ഗോപി നായകനായെത്തുന്ന എസ്‍ജി 251 ഒരു വാച്ച് മെക്കാനിക്കിന്റെ കഥയാണ് പറയുന്നത് എന്ന് നേരത്തെ തന്നെ രാഹുൽ രാമചന്ദ്രൻ വ്യക്തമാക്കിയിരുന്നു. മുൻപ് ജോലിയുണ്ടായിരുന്ന ഒരു ആൾ പിന്നീട് റിട്ടയർ ആവുകയും. ആ റിട്ടയർ ജീവിതം ആസ്വദിക്കുകയും ചെയ്യുന്നതാണ് കഥയുടെ പശ്ചാത്തലം. ഈ സിനിമ ഒരിക്കലും ഒരു മാസ് സിനിമയല്ല മറിച്ച് ഇതൊരു റിവഞ്ച് ത്രില്ലർ ഡ്രാമ ചിത്രം എന്നൊക്കെ വിശേഷിപ്പിക്കാമെന്നും രാഹുൽ രാമചന്ദ്രൻ മുൻപ് അഭിപ്രായപ്പെട്ടിരുന്നു. ഡ്രാമയ്‍ക്ക് ഏറെ പ്രാധാന്യമുള്ളതായിരിക്കും എസ്‍ജി 251 സിനിമ എന്നും രാഹുൽ രാമചന്ദ്രൻ പറഞ്ഞിരുന്നു. അതെ സമയം ഗരുഡൻ സിനിമയ്ക്കായി ആരാധകർ അക്ഷമയോടെ കാത്തിരിക്കുകയാണ്. മിഥുൻ മാന്വൽ തോമസ് സംവിധാനം നിർവഹിക്കുന്ന സിനിമയിൽ ബിജു മേനോനും സുരേഷ് ഗോപിയും നേർക്കുനേർ ആണ് അഭിനയിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here