പൊതുവേദികളിൽ വരുമ്പോഴെല്ലാം മുഖം പൂർണ്ണമായും മറയ്ക്കുന്ന മാസ്ക് ധരിച്ചാണ് ശിൽപ്പ ഷെട്ടിയുടെ ഭർത്താവും നിർമ്മാതാവുമായ രാജ് കുന്ദ്ര എത്താറുള്ളത്. എന്നാൽ ഇപ്പോൾ രണ്ടു വർഷത്തിന് ശേഷം മുഖം മൂടി മാറ്റി മാധ്യമങ്ങൾക്ക് മുന്നിലെത്തിയിരിക്കുകയാണ് താരം. ആദ്യമായാണ് പൊതു വേദിയിൽ രാജ് മാസ്ക് അഴിച്ചു മാറ്റിക്കൊണ്ട് എത്തുന്നത്.
സ്വന്തം ജീവിതം ആസ്പദമാക്കിയെടുത്ത യുടി69 എന്ന സിനിമയുടെ ട്രെയിലർ ലോഞ്ചിനിടയിൽ ആണ് കുന്ദ്ര മാസ്ക് ഊരി മാറ്റാൻ തയ്യാറായത് . ജയിലിൽ നിന്നും ഇറങ്ങിയ ശേഷം തനിക്കു നേരിട്ട മാധ്യമ വിചാരണ കാരണമാണ് താൻ മുഖം മാസ്ക് കൊണ്ട് മറയ്ക്കാൻ തീരുമാനമെടുത്തതെന്നും ഇനി മുതൽ മാസ്ക് ഇല്ലാതെയാകും തന്നെ കാണാൻ സാധിക്കുകയെന്നും കുന്ദ്ര മാധ്യമങ്ങൾക്കു മുന്നിൽ പറയുകയുണ്ടായി.
‘വേദനകൊണ്ടാണ് ഞാൻ മുഖംമൂടി ധരിച്ചത്. മാധ്യമ വിചാരണ അത്രയധികം വേദനാജനകമായിരുന്നു. പൊലീസിന്റെ വിചാരണയേക്കാൾ വേദന നൽകുന്നതായിരുന്നു ഇത്. നിങ്ങൾ നിങ്ങളുടെ ജോലി ചെയ്യുന്നതിനാൽ ഞാൻ നിങ്ങളെ ഒരിക്കലും കുറ്റപ്പെടുത്തുന്നില്ല. പക്ഷേ അത് എന്നെ വളരെ വേദനിപ്പിച്ചു. അത് മറക്കാൻ ഞാൻ നന്നായി ആഗ്രഹിച്ചു. ശ്രദ്ധിക്കപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല, എന്റെ ഫോട്ടോ എടുക്കുന്നതും എനിക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കി.
എന്നെ എന്തുവേണമെങ്കിലും പറഞ്ഞോളൂ, പക്ഷേ എന്റെ ഭാര്യയേയും മക്കളേയും നിങ്ങൾ വെറുതെ വിടണം. അവളില്ലായിരുന്നുവെങ്കിൽ ഞാൻ ഈ പ്രശ്നങ്ങളിൽ നിന്നും അതിജീവിക്കില്ലായിരുന്നു. ജയിലിൽ വച്ചു തന്നെ എല്ലാം അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നതാണ് ഞാൻ. അവളാണ് എനിക്ക് പ്രതീക്ഷയും ആത്മവിശ്വാസവും നൽകിയത്. ജയിലിലെ ആ 63 ദിവസമാണ് എന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയം. എന്റെ കൂടെ നിന്നതിനു ഞാൻ ശിൽപയോട് നന്ദി പറയുന്നു. എന്റെ ലോകം അവളാണ്. ’. എന്നാണ് രാജ് കുന്ദ്ര മാധ്യമങ്ങൾക്കു മുന്നിൽ പറഞ്ഞത്.
ശിൽപ ഷെട്ടിയുടെ ഭർത്താവും നിർമാതാവുമായ രാജ് കുന്ദ്ര ആരോപണം നേരിടുകയും ജയിലാവുകയും ചെയ്തത് അശ്ളീല ചിത്രം നിർമിച്ചതിന്റെ പേരിലാണ് . രാജ് കുന്ദ്ര ആരോപണം നേരിട്ടതിനു പിന്നാലെ ഭാര്യ ശിൽപ ഷെട്ടിക്കും മക്കൾക്കുമെതിരെ വലിയ തോതിലുള്ള സൈബർ ആക്രമങ്ങളാണ് വന്നത് . 69 ദിവസമാണ് രാജ് കുന്ദ്ര ജയിലിൽ നിന്നിരുന്നത് . ജയിലിൽ നിന്ന് ഇറങ്ങിയതിനു ശേഷം പൂർണ്ണമായും മുഖം മറയ്ക്കുന്ന മാസ്ക് ധരിച്ചു മാത്രമാണ് രാജ് കുന്ദ്ര പുറത്തിറങ്ങിയിരുന്നത്. താൻ അനുഭവിച്ച ജയിൽ ജീവിതം പശ്ചാത്തലമാക്കി യുടി69 എന്ന സിനിമയുമായി എത്തുകയാണ് കുന്ദ്ര ഇപ്പോൾ . ചിത്രം നിർമിച്ച് അതിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും കുന്ദ്ര തന്നെയാണ് . ഷാനവാസ് അലിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്.