ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത സിനിമയാണ് ആര്‍ഡിഎക്സ്. ഓണം സ്പെഷ്യലായാണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്. ചിത്രത്തിന്റെ മോഷൻ പോസ്റ്ററും ട്രൈലറുമെല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച ഒന്നായിരുന്നു. തീയേറ്ററുകളിൽ ഏറ്റവും കുറവ് ലഭിക്കുന്ന ദിവസമാണ് തിങ്കളാഴ്ച. എന്നാൽ ആര്‍ഡിഎക്സ് ചിത്രത്തിന്റെ പതിനൊന്ന് ദിവസത്തെ കണക്കുകൾ പരിശോധിച്ചപ്പോൾ, തിങ്കളാഴ്ചയും ചിത്രത്തിന്റെ കളക്ഷൻ വലിയ ഇടിവ് സംഭവിച്ചില്ലെന്നാണ് മനസ്സിലാക്കുന്നത്.
ഓഗസ്റ്റ് 25 ന് തീയേറ്ററുകളിലെത്തിയ സിനിമയുടെ രണ്ടാമത്തെ തിങ്കളാഴ്ചയായിരുന്നു കഴിഞ്ഞ ദിവസം. സിനിമ 2 കോടിക്ക് അടുത്ത് കളക്ഷനാണ് നാലാം തീയതി സ്വന്തമാക്കിയത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ട്. എന്നാൽ ഇതോടെ കേരള ബോക്സ് ഓഫീസില്‍ നിന്ന് മാത്രം സിനിമ സ്വന്തമാക്കിയിരിക്കുന്നത് മുപ്പത്തിയാറ് കോടിയോളം രൂപയാണ്. ആഗോള ബോക്സ് ഓഫീസില്‍ അറുപത് കോടിയ്ക്ക് മുകളിലും സിനിമ സ്വന്തമാക്കി. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ആണ് ആര്‍ഡിഎക്‌സിന്റെ നിർമ്മാതാക്കൾ.
മലയാളസിനിമയിലെ വമ്പൻ ഹിറ്റായ മിന്നൽ മുരളി ,ബാംഗ്ലൂർ ഡെയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങി ഒട്ടേറെ മികച്ച ചിത്രങ്ങൾ നിർമ്മിച്ച ടീമാണ് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ്. ബാബു ആന്റണി, ലാൽ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരാണ് തിരക്കഥ ചെയ്യുന്നത്. അതേസമയം, തിയറ്ററിൽ പ്രേക്ഷകർക്ക് മനോഹരമായ അനുഭൂതി നൽകിയ ‘നീല നിലാവെ…’ എന്ന ഗാനം പുറത്തിറങ്ങിയിരുന്നു. കപിൽ കപിലൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.
മനു മഞ്ജിത്തിന്റെതാണ് വരികൾ. സാം സി എസ് ആണ് മനോഹരമായ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് . ഗാനത്തിനും ഷെയ്നിന്റെ നൃത്തത്തിനും വലിയ പ്രേക്ഷകപ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഗാനം യൂട്യൂബിൽ പുറത്തിറങ്ങിയതിനു പിന്നാലെ നിരവധി ആളുകളാണ് കമന്റുകളുമായി രംഗത്തെത്തിയത്. ആർഡിഎക്സിനെയും ഷെയ്ൻ നിഗത്തെയും പ്രശംസിച്ച് കൊണ്ടാണ് ഏറ്റവും കൂടുതൽ കമന്റുകൾ വരുന്നത്. സിനിമ പുറത്തിറങ്ങുന്നതിന് മുൻപേ ഒടിടി പ്ലാറ്റ്‍ഫോം ആയ നെറ്റ്ഫ്ലിക്സ് വന്‍ തുകയ്ക്ക് ആർഡിഎക്സിന്റെ റൈറ്റ്സ് സ്വന്തമാക്കിയിരുന്നു. മികച്ച പ്രതികരണത്തോടെയാണ് ചിത്രം മുൻപോട്ട് പോകുന്നത്.