ഇന്ത്യന്‍ സിനിമയിൽ ഇപ്പോൾ ഏറ്റവുമധികം ഡിമാന്‍ഡുള്ള നടന്മാരിലൊരാളാണ് അല്ലു അര്‍ജുന്‍. പുഷ്പ 2നായി പ്രേക്ഷകർ കാത്തിരിക്കുന്ന ഈ വേളയിൽ മറ്റൊരു വാർത്തയാണ് താരത്തെക്കുറിച്ചു വരുന്നത്. ലണ്ടനിലെ ലോക പ്രശസ്ത വാക്‌സ് മ്യൂസിയമായ മാഡം തുസാഡ്‌സില്‍ അല്ലു അർജുന്റെ പ്രതിമ ഒരുങ്ങുകയാണ്. ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ തെന്നിന്ത്യന്‍ നടനാണ് അല്ലു അര്‍ജുന്‍. പ്രഭാസും മഹേഷ് ബാബുവുമാണ് മറ്റു തെന്നിന്ത്യൻ താരങ്ങൾ.
ബാഹുബലിയിലെ ലുക്കിലാണ് പ്രഭാസന്റെ മെഴുകു പ്രതിമയുള്ളത്. സ്‌പൈഡര്‍ ചിത്രത്തിലെ രൂപത്തിൽ മഹേഷ് ബാബുവിന്റെ പ്രതിമയും. പുഷ്പയിലെ ലുക്കിലാണ് അല്ലു അര്‍ജുന്റെ മെഴുക് പ്രതിമ ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ. ‘പുഷ്പ’യാണ് അല്ലുവിന്റെ കരിയര്‍ ബ്രേക്ക് ചിത്രം.ഈ ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും അല്ലു സ്വന്തമാക്കി.
അമിതാഭ് ബച്ചന്‍,ഷാരൂഖ് ഖാന്‍,സല്‍മാന്‍ ഖാന്‍, ഹൃത്വിക് റോഷന്‍, ഐശ്വര്യ റായ്, പ്രിയങ്ക ചോപ്ര, ദീപിക പദുക്കോണ്‍ തുടങ്ങി ഇന്ത്യന്‍ താരങ്ങളുടെ മെഴുക് രൂപങ്ങളുടെ വലിയൊരു ശേഖരവും ലണ്ടനിലെ മാഡം തുസാഡ്സ് വാക്സ് മ്യൂസിയത്തിൽ ഇതിനകം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ആരാധകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട് 2024 ആഗസ്റ്റ് പതിനഞ്ചിന് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് പുഷ്പ: ദി റൂള്‍ തീയേറ്ററുകളിൽ എത്തുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രത്തിന്റെ റിലീസ് തീയതി പുറത്തു വിട്ടത്. ലോകമെമ്പാടുമുള്ള ഗ്രാൻഡ് റിലീസായാണ് ‘പുഷ്പ 2’ തീയേറ്ററുകളിൽ എത്തുക. സുകുമാര്‍ സംവിധാനം ചെയ്യുന്ന ‘പുഷ്പ 2’ വിന്റെ ഒഫീഷ്യല്‍ പോസ്റ്റര്‍ നേരത്തെ അല്ലു അര്‍ജ്ജുന്റെ പിറന്നാള്‍ തലേന്ന് നിര്‍മ്മാതാക്കള്‍ പങ്കുവെച്ചിരുന്നു. ആരാധകരിൽനിന്നും മികച്ച പ്രതികരണമാണ് പോസ്റ്ററിന് ലഭിച്ചത്.
അതേസമയം, ആദ്യഭാഗത്തിൽ എസ് പി ബന്‍വര്‍സിങ് ശെഖാവത്ത് എന്ന വില്ലന്‍ കഥാപാത്രമായി മികച്ച പ്രകടനം കാഴ്ചവച്ച ഫഹദ് ഫാസിൽ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിൽ ജോയിൻ ചെയ്തിരുന്നു. പുഷ്പ ദി റൈസിൽ നായികയായ രശ്മിക മന്ദാന തന്നെയാണ് രണ്ടാം ഭാഗത്തിലും എത്തുന്നത്. തെന്നിന്ത്യൻ സൂപ്പർ നായിക സായ് പല്ലവി പുഷ്പ ദ റൂളിന്റെ ഭാഗമാകുമെന്നു൦ റിപ്പോര്‍ട്ടുകളുണ്ട്. ഒരു അതിഥി വേഷത്തിലാകും നടി അഭിനയിക്കുക. മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ദേവി ശ്രീ പ്രസാദ് ആണ്. ’പുഷ്പ: ദി റൂളി’നൊപ്പം ദേവി ശ്രീ പ്രസാദ് രചിക്കുന്ന ഗാനങ്ങള്‍ ആഗോള പ്ലാറ്റ്ഫോമിലേക്കെത്തിക്കുന്നത് ടീ സീരീസാണ്.