ആരാധകർ ഒട്ടേറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ് നായകനാകുന്ന ‘ലിയോ’. ഒക്ടോബർ 19 നാണ് ചിത്രം പ്രദർശനത്തിനെത്തുക. അതിനിടെ ചിത്രത്തിലെ ഒരു രംഗത്തിനായി മുടക്കിയ തുകയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലെ ചർച്ചയായിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ പോസ്റ്റർ മുതൽ ഒരു കഴുതപ്പുലിയെ പോസ്റ്ററിൽ കാണിക്കുന്നുണ്ട്. ഈ കഴുതപ്പുലിയുമായുള്ള ഏറ്റുമുട്ടൽ രംഗത്തിനാണ് ഞെട്ടിപ്പിക്കുന്ന തുക മുടക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഉലകനായകൻ കമൽ ഹാസൻ നായകനായെത്തിയ ‘വിക്ര’ത്തിന്‍റെ വന്‍ വിജയത്തിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ലിയോ, ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്‍റെ ഭാഗമായുള്ള ചിത്രമായിരിക്കുമോ എന്നതും സിനിമാപ്രേമികളുടെ കൗതുകമാണ് . ലോകേഷ് ചിത്രങ്ങളില്‍ ഇതുവരെ കാണാത്തതരം ആക്ഷന്‍ രംഗങ്ങള്‍ ലിയോയില്‍ ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ പറഞ്ഞിരുന്നു. അതില്‍ പ്രധാനം ഈ കഴുതപ്പുലിയുമായുള്ള വിജയിയുടെ ഒരു ഏറ്റുമുട്ടല്‍ രംഗമാണ്.
ചിത്രത്തിന്‍റെ ആദ്യ പോസ്റ്റർ മുതല്‍ ട്രെയിലർ റിലീസ് ഡേറ്റ് അനൗണ്‍സ്‍മെന്‍റ് പോസ്റ്ററില്‍ വരെ ഈ രംഗമാണ് പ്രധാനമായും അണിയറക്കാര്‍ കാണിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ചിത്രത്തില്‍ ഈ രംഗത്തിനുള്ള പ്രാധാന്യം എത്രയെന്ന് പ്രേക്ഷകർക്ക് മനസിലാക്കാവുന്നതാണ്. മഞ്ഞ് മൂടിയ മലനിരകളില്‍ വച്ച് കഴുതപ്പുലിയുമായുള്ള വിജയിയുടെ ഈ നേര്‍ക്കുനേര്‍ ആക്ഷൻ രംഗത്തിന് വലിയ തുകയാണ് നിര്‍മ്മാതാക്കള്‍ മുടക്കിയത് എന്നാണ് സൂചനകൾ. ഈ ഒറ്റ രംഗത്തിനു വേണ്ടി മാത്രം 10 മുതല്‍ 15 കോടി വരെയാണ് നിര്‍മ്മാതാക്കളായ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ ചെലവഴിച്ചിരിക്കുന്നത് എന്നാണ് റിപോർട്ടുകൾ. ഒക്ടോബര്‍ 5 ന് എത്തുന്ന ട്രെയിലറിലും ഈ സീക്വന്‍സില്‍ നിന്നുള്ള ചില രംഗങ്ങൾ ഉണ്ടായിരിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത് . ഉന്നത നിലവാരത്തിലുള്ള വിഎഫ്എക്സിനുവേണ്ടിയാണ് ഇത്രയും മുടക്ക് വന്നിരിക്കുന്നത് എന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.
ലിയോയുടെ തമിഴ്നാട്ടിലെ തിയേറ്റര്‍ വിതരണാവകാശം വിറ്റ വകയില്‍ മാത്രം 101 കോടി രൂപയാണ് സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ സമാഹരിച്ചതെന്നാണ് ജി ധനഞ്ജയന്‍ മുൻപ് പറഞ്ഞത്. അതോടൊപ്പം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് പോലെ ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസ് തമിഴ്നാട് വിതരണാവകാശത്തിനായി ലിയോ നിര്‍മ്മാതാവായ ലളിത് കുമാറിനെ സമീപിച്ചിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മിനിമം ഗ്യാരന്‍റിയായി 100 കോടി നേടണമെന്നായിരുന്നു ലളിത് സാറിനെന്നും അത് അദ്ദേഹത്തിന് ലഭിച്ചെന്നും ധനഞ്ജയന്‍ പറഞ്ഞു.