ഉലകനായകൻ കമൽ ഹാസന്റെ പുതിയ ചിത്രമായ ‘കെഎച്ച് 233’ നേരത്തെതന്നെ പ്രഖ്യാപിച്ച ചിത്രമാണ്. പ്രശസ്ത സംവിധായകനായ എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്ന വാർത്തകൾ ആരാധകർ ഏറെ ആവേശത്തോടെയായിരുന്നു ഏറ്റെടുത്തിരുന്നത്. എന്നാൽ ഇപ്പോൾ ചിത്രത്തെ കുറിച്ചുള്ള ചില അഭ്യൂഹങ്ങളാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്. കമൽ ഹാസൻ കേന്ദ്രകഥാപാത്രത്തിലെത്തുന്ന ‘കെഎച് 233’ യുടെ ചിത്രീകരണം നവംബറിൽ തുടങ്ങുമെന്നാണ് ഉയരുന്ന ചില അഭ്യൂഹങ്ങൾ. അടുത്തകാലത്തായി നിരവധി പാൻ ഇന്ത്യൻ ചിത്രങ്ങളാണ് പ്രദർശനത്തിനെത്തിയിട്ടുള്ളത്. അത്തരം ചിത്രങ്ങളിലുള്ളതുപോലെ തന്നെ നിരവധി പാൻ ഇന്ത്യൻ താരങ്ങളും ഉണ്ടാവാമെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ ആരൊക്കെയാണ് കമൽ ഹാസനൊപ്പം ചിത്രത്തിൽ വേഷമിടുന്ന താരങ്ങൾ എന്ന വിവരം പുറത്തുവന്നിട്ടില്ല. കൂടാതെ ഒരു മിലിറ്ററി പശ്ചാത്തലത്തിലായിരിക്കും ചിത്രത്തിന്റെ കഥ ഒരുങ്ങുക എന്നാണ് റിപ്പോർട്ടുകൾ. തെന്നിന്ത്യയിൽ നടൻ അജിത്തുമായി ഒത്തുചേർന്ന് നിരവധി വിജയ ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് എച്ച് വിനോദ്. ഉലകനായകൻ കമൽ ഹാസനൊപ്പം അദ്ദേഹം ഒരു ചിത്രം ചെയ്യുമ്പോൾ അത്യധികം ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. കൂടാതെ ചിത്രത്തിന്റെ തിരക്കഥാരചനയിൽ കമൽ ഹാസൻ പങ്കാളിയാകുന്നു എന്നും ചില അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. എന്നാൽ ഇതിനൊന്നും വ്യക്തമായ സ്ഥിരീകരണങ്ങൾ ഇതുവരെ വന്നിട്ടില്ല.
കമൽ ഹാസൻ നായക കഥാപാത്രത്തിലെത്തി ഏറ്റവും അവസാനമായി തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രം ‘വിക്രം’ ആണ്. ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം വമ്പൻ വിജയമാണ് നേടിയെടുത്തത് . മലയാളത്തിൽനിന്നും ഫഹദ് ഫാസിലും ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിച്ചിരുന്നു. കൂടാതെ വിജയ് സേതുപതി , ഗായത്രി, അർജുൻ ദാസ്, കാളിദാസ് ജയറാം, നരേൻ എന്നിവരും ചിത്രത്തിൽ വേഷമിട്ടിരുന്നു. റോളക്‌സ് എന്ന കഥാപാത്രമായി അതിഥി വേഷത്തിൽ നടൻ സൂര്യയും ‘വിക്ര’ത്തിൽ എത്തിയിരുന്നു. കമല്‍ഹാസന്റെ രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലായിരുന്നു ‘വിക്രം’ നിർമ്മിച്ചത്.
അതേസമയം, വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ഹാസനും ഷങ്കറും ഒന്നിക്കുന്ന ചിത്രമാണ് ‘ഇന്ത്യന്‍2’. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ച് ദീര്‍ഘകാലമായെങ്കിലും ദ്രുതഗതിയിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കുന്നതെന്ന് വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. അടുത്തിടെ മാധ്യമങ്ങളോട് സംസാരിച്ച സംവിധായകന്‍ വരുന്ന ജൂണില്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കുമെന്നും പറഞ്ഞിരുന്നു. വിഎഫ്എക്സ് ജോലികള്‍ ജൂണിന് ശേഷം ആരംഭിക്കാനാണ് തീരുമാനം. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഫെസ്റ്റിവെല്‍ റിലീസ് ആക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനമെന്നാണ് വിവരങ്ങൾ.