നീണ്ടനാളത്തെ ഷൂട്ടിങ് തിരക്കുകൾക്ക് ശേഷം മോഹൻലാലും കുടുംബവും ഒന്നിച്ചാണ് ഇത്തവണ ഓണം ആഘോഷിച്ചത്. ഇതിൽ പങ്കുചേർന്നിരുന്ന മോഹൻലാലിൻറെ അടുത്ത സുഹൃത്ത് സമീർ ഹംസ പങ്കുവെച്ച ചിത്രങ്ങളിലൂടെയാണ് ഈ വാർത്ത സമൂഹമാധ്യമങ്ങൾ അറിഞ്ഞത്. യാത്രകളുടെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് പ്രണവും ഇത്തവണ ഓണത്തിന് വീട്ടിൽ ഉണ്ടായിരുന്നു എന്നത് ചിത്രങ്ങൾ ചർച്ചയാവാൻ മറ്റൊരു കാരണമായി.

ഓണദിനത്തിൽ ആശംസകൾ അറിയിച്ച മോഹൻലാലിൻറെ വീഡിയോ വലിയ രീതിയിൽ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് നടൻ ഓണാശംസകൾ അറിയിച്ചിരിക്കുന്നത്. ആറാം തമ്പുരാൻ സിനിമയിലെ ഗെറ്റപ്പിലായിരുന്നു മോഹൻലാൽ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. വീഡിയോ നിമിഷനേരം കൊണ്ട് തന്നെ വൈറലായിരുന്നു.

അതേസമയം പാൻ ഇന്ത്യൻ തലത്തിൽ ഒരുങ്ങുന്ന വൃഷഭയാണ് മോഹൻലാലിൻറെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അതോടൊപ്പം ആദ്യ ഷെഡ്യൂൾ പൂർത്തിയായ വിവരവും താരം തന്നെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. വൃഷഭ സിനിമയിലേതായി ലൊക്കേഷൻ ചിത്രങ്ങൾ മാത്രമാണ് ഇതുവരെ പുറത്തുവന്നിരുന്നത്. അതുകൊണ്ട് തന്നെ കയ്യിൽ വാളേന്തി നിൽക്കുന്ന മോഹൻലാലിന്റെ പുതിയ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. നിമിഷനേരംകൊണ്ടാണ് ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയത്.

മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നേര്’ ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. നീതി തേടുന്നു എന്ന ടാഗ് ലൈനോടെ ആണ് ചിത്രം എത്തുന്നത്. കോടതി സസ്പെൻസുമായി ബന്ധപ്പെട്ടതായിരിക്കും ചിത്രം എന്നാണ് പുറത്തു വരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.
View this post on Instagram
വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ‘വർഷങ്ങൾക്ക് ശേഷം’ എന്നതാണ് പ്രണവിന്റെ ഏറ്റവും പുതിയ സിനിമ. പ്രണവ് മോഹൻലാലൈൻ കൂടാതെ ദർശന, കല്യാണി എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ഹൃദയം സിനിമയുടെ നിർമ്മാതാക്കളായ മെരിലാൻഡ് സിനിമാസ് ആണ് ഈ പുതിയ ചിത്രം അവതരിപ്പിക്കുന്നത്. ‘ വിനീത് ശ്രീനിവാസൻ തിരക്കഥയെഴുതി വിശാഖ് സുബ്രമണ്യമാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ഹൃദയം സിനിമയുടെ അതേ ടീം ആണെങ്കിലും മറ്റു താരങ്ങളും ഈ പുതിയ സിനിമയിൽ അണിനിരക്കുന്നുണ്ട്. മലയാളത്തിന്റെ സ്വന്തം താരം നിവിൻ പോളി ഈ പുതിയ ചിത്രത്തിൽ വേഷമിടുന്നുണ്ട്. കൂടാതെ ബേസിൽ ജോസഫ് , ധ്യാൻ ശ്രീനിവാസൻ , നീരജ് മാധവ് , കല്യാണി പ്രിയദർശൻ അജു വർഗീസ് , വിനീത് ശ്രീനിവാസൻ എന്നിവർ ഈ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നീത പിള്ള, അർജുൻ ലാൽ, ഷാൻ റഹ്മാൻ എന്നിവരും ചിത്രത്തിലുണ്ട്.

