അഭിനേത്രിയായ സജിത മഠത്തിൽ തന്റെ ഓണ സദ്യയെ കുറിച്ച് എഴുതിയ വരികളാണ് ഇപ്പോൾ ചർച്ചകൾക്ക് വഴിവെക്കുന്നത്. പരമ്പരാഗതമായി സദ്യ ഉണ്ടാക്കുന്ന രീതിയിൽ നിന്ന് വ്യത്യസ്‍തമായി പാക്ക് ചെയ്യപ്പെട്ട സദ്യയെക്കുറിച്ചാണ് സജിത മഠത്തിലിന്റെ സംസാരം. വിചാരിച്ചതിനേക്കാൾ രുചികരമായി ഉണ്ടാക്കി തന്ന കെടിഡിസിക്ക് നന്ദിയും പറയുന്നുണ്ട് താരം.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ…
സാധാരണ ഓണത്തിന് വീട്ടിലെ സദ്യയാണ് എനിക്ക് ഇഷ്ടം. പല തരം കറികൾ ഉണ്ടാക്കി ഒന്നിച്ചിരുന്നു കഴിക്കുന്നതാണ് സന്തോഷം. അതാണ് എനിക്ക് ആഘോഷം . ഇത്തവണ വിധു നൽകിയ ഓണം ഓഫറിൽ ‘സജി വന്നാൽ മതി സദ്യ ഞാനൊരുക്കും’ എന്നതായിരുന്നു തലവാചകം. അല്പം പേടിയോടെയാണ് തല വെച്ച് കൊടുത്തത്. പക്ഷെ ഉള്ളതു പറയാമല്ലോ അവൾ സദ്യ വാങ്ങിക്കാൻ തീരുമാനിച്ചത് എൻ്റെ ഭാഗ്യം.

അവൾ ഏർപ്പാക്കിയ കെ ടി ഡി സിയുടെ സ്പെഷൽ സദ്യ പ്രതീക്ഷയെക്കാൾ വളരെ മുകളിലായിരുന്നു. ഗംഭീര സദ്യ ! പാക്കിങ്ങ് എടുത്തു പറയേണ്ടതാണ്. പ്ലാസ്റ്റിക്ക് പാത്രങ്ങൾ ഉപയോഗിക്കാത്തതിന് പ്രത്യേക നന്ദി. വീട്ടിലെ സദ്യ എന്ന എൻ്റെ ‘പഴഞ്ചൻ ‘ സങ്കൽപ്പത്തെ അവർ തകർത്തെറിഞ്ഞു. ഒരു ബോക്സു കൊണ്ട് രണ്ടു പേർക്ക് ഗംഭീരമായി കഴിക്കാം.

ഇത് സ്ഥിരമായി ഒരുക്കുന്ന സദ്യയാണോ എന്നെനിക്കറിയില്ല. എന്നാലും ഒരു സർക്കാർ സ്ഥാപനത്തിൽ നിന്ന് ഞാനിത് പ്രതീക്ഷിച്ചിരുന്നില്ല.
കൊച്ചിയിൽ ഇത് കിട്ടാൻ മാർഗ്ഗമുണ്ടോ? ഏതായാലും വലിയ സംരംഭമായി മാറട്ടെ!
എൻ്റെ പഴയ അയൽ ഫ്ലാറ്റിയുടെ മടി കൊണ്ട് ചിലപ്പോൾ ചില ഗുണങ്ങളുമുണ്ടെന്ന് മനസ്സിലായില്ലെ!
വില പലരും ചോദിച്ചതിനാൽ അന്വേഷിച്ചു. ഒരു ചെറിയ കുടുബത്തിനുള്ള പാക്കറ്റിന് 1499 നും ചെറിയ പാക്കറ്റിന് 899 നും ആണെന്ന് അറിയുന്നു.
പോസ്റ്റിനു താഴെയായി ആരാധകർ ചോദിച്ച സംശയങ്ങൾക്ക് എല്ലാം തന്നെ കൃത്യമായ മറുപടിയും താരം നൽകിയിട്ടുണ്ട്. നിരവധി ആളുകൾ കെടിഡിസിയുടെ സദ്യയെയും ഭക്ഷണത്തെയും കുറിച്ചുള്ള അവരുടെ അനുഭവങ്ങൾ പങ്കുവെച്ചും രംഗത്ത് വന്നിട്ടുണ്ട്. പ്ലാസ്റ്റിക് പാത്രത്തിൽ ഭക്ഷണം നൽകാത്തതാണ് ഏറ്റവും വലിയ കാര്യം, ഒരു സർക്കാർ സ്ഥാനപത്തിൽ നിന്ന് പ്രതീക്ഷിച്ചതിനേക്കാൾ വളരെയേറെ മികച്ചതാണ് ഈ ഭക്ഷണം എന്നൊക്കെയാണ് പ്രധാനമായും അതിനു താഴെ വന്ന കമെന്റുകൾ.

