പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന, പ്രഭാസ് നായകനായ പുതിയ ചിത്രമാണ് ‘സലാർ’. ഹിറ്റ് പാൻ ഇന്ത്യൻ ചിത്രമായ ‘കെജിഎഫ്’ സംവിധാനം ചെയ്ത പ്രശാന്ത് നീലാണ് ‘സലാർ’ സംവിധാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സലാർ സിനിമയുടെ റിലീസ് വെെകുമെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ ആ വാർത്തകൾ തള്ളിക്കൊണ്ട് ചിത്രം നവംബറിൽ തന്നെ എത്തുമെന്ന വിവരങ്ങളാണ് പിന്നീട് പുറത്തു വന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രതികരണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇപ്പോൾ ഈ വിഷയത്തിൽ നിർമ്മാതാക്കൾ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ഹൊംബാളെ ഫിലിംസിന്‍റെ സോഷ്യല്‍ മീഡിയ കുറിപ്പ് ഇങ്ങനെയാണ്, “സലാറിന് നിങ്ങളെല്ലാവരും നല്‍കുന്ന വലിയ പിന്തുണയ്ക്ക് ഞങ്ങള്‍ എല്ലാവരോടും നന്ദി അറിയിക്കുകയാണ്. ഒന്നും തന്നെ മുന്‍കൂട്ടി കാണാൻ കഴിയാത്ത കാരണങ്ങൾ കൊണ്ട് ഒറിജിനല്‍ റിലീസ് തീയതിയായ സെപ്റ്റംബര്‍ 28 ല്‍ നിന്നും സിനിമ മാറ്റിവെക്കേണ്ടി വന്നിരിക്കുകയാണ് ഇപ്പോൾ. ഒരുപാട് ആലോചിച്ചതിന് ശേഷമാണ് ഞങ്ങൾ ഈ തീരുമാനത്തില്‍ എത്തിയിരിക്കുന്നതെന്ന് നിങ്ങൾ എല്ലാവരും ദയവായി മനസിലാക്കണം. വളെരെ മികച്ചൊരു സിനിമാ അനുഭവം നിങ്ങൾക്ക് നൽകുന്നതിലാണ് ഇപ്പോൾ ഞങ്ങളുടെ ശ്രദ്ധ.
അതിനുവേണ്ടിയുള്ള വലിയൊരു കഠിനാധ്വാനത്തിലുമാണ് ഇപ്പോൾ ഞങ്ങളുടെ ടീം പ്രവർത്തിക്കുന്നത്. അതോടൊപ്പം സിനിമയുടെ പുതിയ റിലീസ് തീയതി യഥാസമയം ഞങ്ങൾ തന്നെ പ്രഖ്യാപിക്കുന്നതാണ്. സിനിമയുടെ അവസാന മിനുക്കുപണികള്‍ നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയും നിങ്ങൾ ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കണം. ഞങ്ങളുടെ ഈ മനോഹര യാത്രയില്‍ നിങ്ങളും ഒരു ഭാഗമാവുന്നതിന് വളരെയധികം നന്ദിയുണ്ട്. സലാർ ഉടന്‍ തന്നെ നിങ്ങൾക്ക് മുൻപിൽ എത്തും” എന്നാണ് ഹൊംബാളെ ഫിലിംസ് പറഞ്ഞത്. സിനിമ പ്രഖ്യാപിച്ച മുതൽതന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ച സിനിമയാണ് ‘സലാര്‍’ .
‘കെജിഎഫ്’ ഒരുക്കിയ പ്രശാന്ത് നീലിന്റെ ചിത്രമായതുകൊണ്ടുതന്നെ ‘സലാര്‍’ പ്രഭാസിന് നിര്‍ണായകമായ ഒരു ചിത്രം തന്നെയാണ്. ‘സലാര്‍’ വമ്പൻ വിജയം സ്വന്തമാക്കുമെന്ന് പ്രതീക്ഷയിലാണ് പ്രഭാസും താരത്തിന്റെ ആരാധകരും. ചിത്രത്തിന്റെ ഏതൊരു അപ്‌ഡേറ്റിനും വലിയ സ്വീകാര്യതയാണ് ജനങ്ങളിൽ നിന്നും ലഭിക്കുന്നത്. ‘കെജിഎഫ്’ പോലെതന്നെ ഒരു മാസ് ആക്ഷന്‍ പടമാണ് ‘സലാർ’ എന്ന സൂചനയാണ് ചിത്രത്തിന്‍റെ ടീസറിലൂടെ ആരാധകർക്ക് നൽകിയിരിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ പൃഥ്വിരാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.