വെള്ളപ്പൊക്കത്തി​ന്റെ കഥയെഴുതിയ അഖിലിന് വെള്ളപ്പൊക്കത്തിൽനിന്ന് പാമ്പുകടിയേറ്റു

0
235

വർഷം പുറത്തിറങ്ങിയ വിജയ ചിത്രമാണ് ജൂഡ് ആന്റണി ഒരുക്കിയ ‘2018’. പ്രളയത്തിന്റെയും അതുമൂലമുണ്ടായ ദുരിതങ്ങളുടെയും കഥ പറഞ്ഞ ചിത്രത്തിന്റെ തിരക്കഥാകൃത്തിന് പാമ്പുകടിയേറ്റ വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. അഖില്‍ പി ധര്‍മജന് ആണ് പാമ്പുകടിയേറ്റത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തിരുവന്തപുരത്ത് കനത്ത മഴയെത്തുടർന്ന് വലിയ വെള്ളപ്പൊക്കം ഉണ്ടായിരുന്നു.

പുതിയ സിനിമയുടെ തിരക്കഥ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ടാണ് തിരക്കഥാകൃത്ത് അഖില്‍ വെള്ളായണിയില്‍ ഒരു വാടകവീട്ടില്‍ താമസത്തിനെത്തിയത്. കായലിന്റെ തൊട്ടടുത്ത സ്ഥിതിചെയ്യുന്ന വീട്ടിലാണ് അഖിൽ താമസിച്ചിരുന്നത്. അതുകൊണ്ടുതന്നെ മഴ രൂക്ഷമായപ്പോൾ വെള്ളം വീട്ടിലേക്ക് വളരെ പെട്ടന്ന് കുതിച്ചെത്തുകയായിരുന്നു. അവിടെ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറാനുള്ള ശ്രമത്തിനിടയിലാണ് അഖിലിനെ പാമ്പ് കടിച്ചത്. മൂര്‍ഖന്‍ പാമ്പാണ് കടിച്ചതെന്നാണ് കരുതപ്പെടുന്നത്.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ അദ്ദേഹം ഇപ്പോൾ നിരീക്ഷണത്തിലാണ്. വെള്ളത്തില്‍വെച്ചു കടിയേറ്റാല്‍ മാരകമല്ലെന്നാണ് ആശുപത്രി അധികൃതരുടെ വിലയിരുത്തല്‍. പുതിയ ഹൊറര്‍ സിനിമയുടെ കഥയെഴുതാനായി സന്തത നിറഞ്ഞ സ്ഥലം തേടിയാണ് അഖില്‍ രണ്ടു മാസം മുന്‍പ് വെള്ളായണിയിലെ വീട്ടിലെത്തുന്നത്. കഴിഞ്ഞ ദിവസത്തെ മഴയും വെള്ളപ്പൊക്കവും വൈദ്യുതി പ്രതിസന്ധിയും കാരണം വീടുമാറാനല്ല ചിന്തയിൽ ഇരിക്കെയാണ് ഇന്നലെ വീണ്ടും വെള്ളം കയറിയതും പാമ്പുകടിയേറ്റതുമെന്ന് അഖില്‍ പറയുന്നുണ്ട് . വീട്ടുമുറ്റത്തേക്കും മുറികളിലേക്കും വെള്ളം കയറുന്നതിന്റെ വിഡിയോ അഖില്‍ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്തിരുന്നു. അതെ തുടർന്ന് നിരവധി ആളുകൾ അദ്ദേഹത്തെ ഫോണിലൂടെ ബന്ധപ്പെടുകയും ചെയ്തിരുന്നു.

അദ്ദേഹത്തി​ന്റെ പോ​സ്റ്റ്…

”വെള്ളം കയറിയ വീഡിയോ കണ്ടിട്ട് ഒരുപാട് പ്രിയപ്പെട്ടവരുടെ കോളുകൾ തുടരെത്തുടരെ വരുന്നുണ്ട്. ഇടിവെട്ട് കിട്ടിയ ആളെ പാമ്പ് കടിച്ച പോലെ രാവിലെ വെള്ളായണിയിൽ വച്ച് എന്നെ ഒരു പാമ്പ് കൂടി കടിച്ചു. ഇപ്പോൾ തിരുവനന്തപുരത്തുള്ള ഒരു ഹോസ്പിറ്റലിൽ ഒബ്സർവേഷനിൽ ആണ്. കോളുകൾ എടുക്കാത്തതിൽ ഭയപ്പെടേണ്ട. വെള്ളക്കെട്ടിൽ പാമ്പ് കടി കിട്ടിയതല്ലാതെ വേറെ കുഴപ്പം ഒന്നൂല്ല. നിലവിൽ മറ്റ് കുഴപ്പങ്ങൾ ഒന്നുമില്ല. ആരോഗ്യത്തോടെ മടങ്ങിയെത്താം.”

അഖിലിന്റെ തിരക്കഥയിൽ ജൂഡ് ആന്റണി സംവിധാനം ചെയ്ത ‘2018’ എന്ന ചിത്രം 2023 ൽ ഇറങ്ങിയ മലയാളം ചിത്രങ്ങളിൽ വളരെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. ചിത്രീകരണത്തിനായി ഒരു യഥാർത്ഥ വെള്ളപ്പൊക്കം തന്നെ സൃഷ്ടിച്ചത് വലിയ ചർച്ചയായിരുന്നു. കൂടാതെ ഈ ചിത്രം ഓസ്കാർ പുരസ്‌കാരത്തിനായി നാമനിർദേശം ചെയ്യപ്പെടുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here