മലയാള സിനിമയിൽ എക്കാലത്തും ആഘോഷിക്കപ്പെട്ട ഒരു നടിയാണ് ഷക്കീല. ഒരുകാലത്ത് ഷക്കീല അഭിനയിച്ച സിനിമകൾ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയിരുന്നു. ഇപ്പോൾ മറ്റൊരു വെബ് സീരീസിന്റെ ഭാഗമായി ഇറങ്ങിയ പ്രൊമോയിൽ എത്തിയ ഷക്കീലയാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്. ഷക്കീലാസ് ‘ഡ്രൈവിംഗ് സ്കൂൾ’ എന്ന ചിത്രത്തിലാണ് താരം ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നെറ്റ്ഫ്ലിക്സിലെ ജനപ്രിയ പരമ്പരയായ ‘സെക്സ് എജ്യൂക്കേഷൻ’ എന്ന വെബ് സീരീസിന്റെ ഭാഗമായി മൈത്രി അഡ്വർടൈസിംഗ് വർക്സ് തയ്യാറാക്കിയ പ്രൊമോ വീഡിയോയിലാണ് മലയാളികൾ ഇതുവരെ കാണാത്ത ഒരു വേഷത്തിൽ ഷക്കീല എത്തുന്നത്.
ഡ്രൈവിംഗ് പഠിക്കാനെത്തുന്ന രണ്ട് യുവാക്കൾക്ക് ഡ്രൈവിംഗ് പാഠങ്ങൾ പറഞ്ഞുകൊടുക്കുന്നതിനൊപ്പം തന്നെ ലൈംഗിക അറിവുകളും പറഞ്ഞു കൊടുക്കുന്ന ഒരു കഥാപാത്രമായാണ് ഷക്കീല എത്തിയത്. ലൈംഗികതയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തെറ്റായ അറിവുകളെ തിരുത്തുന്ന ഒരു എജ്യൂക്കേഷണൽ ചിത്രമാണ് ഷക്കീലാസ് ‘ഡ്രൈവിംഗ് സ്കൂൾ’. ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ചുള്ള തുറന്ന സംഭാഷണങ്ങളുടെ പ്രാധാന്യവും അതുമായി ബന്ധപ്പെട്ട് നിലവിലുള്ള മുൻവിധികളിൽ നിന്ന് മാറി ചിന്തിക്കേണ്ടതിന്റെ ആവശ്യകതയുമാണ് ഈ പ്രൊമോ ചിത്രം പറയുന്നത്. നെറ്റ്‌ഫ്ലിക്സിന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെയാണ് പ്രൊമോ ഫിലിം റിലീസ് ചെയ്തിട്ടുള്ളത്.
മലയാളികൾക്ക് മറക്കാനാകാത്ത പേരുകളാണ് ഗോപുവും ഷീലയും. തെറ്റ് ചെയ്യാത്തവരയി ആരുമില്ല ഗോപു എന്ന ഷക്കീലയുടെ ആ ഒരു ഡയലോഗ് മതി മലയാളികൾക്ക് ആ സിനിമ ഓർത്തെടുക്കാൻ. ‘ഡ്രൈവിംഗ് സ്കൂൾ’ എന്ന ആ സിനിമയുടെ ഓർമ്മകളിലേക്കാണ് നെറ്ഫ്ലിക്സിന്റെ ഈ പുതിയ പ്രോമോ ചിത്രം ചെന്നെത്തിനിൽക്കുന്നത്.
ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി വളരെയധികം ആവിശ്യമുള്ള ഒരു സമൂഹത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. അത്തരം ഗൗരവതരമായ ദൗത്യവുമായി ഷക്കീല തന്നെ എത്തുമ്പോൾ അതിനൊരു പുതുമയും ശ്രദ്ധയും ഉണ്ടാകും എന്നാണ് ആരാധകരുടെ വിലയിരുത്തൽ . അതുകൊണ്ടായിരിക്കാം ഷക്കീലയുടെ പഴയ ചിത്രത്തിന്റെ പേര് അനുസ്മരിപ്പിച്ചുകൊണ്ട് ഷക്കീല ഈ ഹ്രസ്വ വിഡിയോയിൽ എത്തിയിരിക്കുന്നത്.
1990 കളിൽ മലയാളം തമിഴ് ചിത്രങ്ങളിലൂടെയായിരുന്നു ഷക്കീലയുടെ അഭിനയത്തിലേക്കുള്ള രംഗപ്രവേശം. സി. ഷക്കീല ബീഗം എന്നാണ് താരത്തിന്റെ മുഴുവൻ പേര്. 1977-ൽ മദ്രാസിലാണ് ഷക്കീല ജനിച്ചത്. പ്രായപൂർത്തി ആയവർക്ക് വേണ്ടിയുള്ള ചലച്ചിത്രങ്ങളിലെ വേഷങ്ങളാണ് താരം കൂടുതലും ചെയ്തിട്ടുള്ളത്. സിൽക് സ്മിത പ്രധാനവേഷം അവതരിപ്പിച്ച ‘പ്ലേഗേൾസ്’ എന്ന തമിഴ് സിനിമയിൽ വേഷം ചെയ്തുകൊണ്ട് പതിനെട്ടാം വയസ്സിലാണ് ഷക്കീല സിനിമാ ജീവിതം ആരംഭിക്കുന്നത്.