നീണ്ട 20 വർഷത്തെ ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരികെയെത്തുന്നതിന്റെ സന്തോഷം പങ്കുവെച്ച് നടൻ സിദ്ധാർത്ഥ്. ലാലേട്ടന്റെയും മമ്മൂക്കയുടെയുമൊക്കെ സിനിമകൾ പഠിച്ച ഒരാളാണ് ഞാൻ എന്നും താരം വ്യക്തമാക്കുന്നു. ചിറ്റ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള പത്രസമ്മേളനത്തിൽ ഇടയിലാണ് ഇത്തരമൊരു പരാമർശം നടത്തിയത്.
താരത്തിന്റെ വാക്കുകൾ….
ബോയ്സ് സിനിമ റിലീസ് ചെയ്ത് ഇരുപത് വർഷമായി അന്ന് ഞാൻ ഇവിടെ വന്നപ്പോൾ ഈ ഹോട്ടൽ ഇല്ല. കാരണം 20 വർഷം കൊണ്ട് കേരളത്തിന് ഒരുപാട് മാറ്റം വന്നിട്ടുണ്ട്. ഇത്രയും കാലമായിട്ടും എന്നും നിങ്ങളുടെ സ്നേഹം നിങ്ങൾ എനിക്ക് നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ കേരളത്തിലുള്ള കൂട്ടുകാർ, ആരാധകർ എല്ലാവർക്കും ഒരുപാട് നന്ദി. ചെറിയ പ്രായത്തിൽ ഞാൻ തീയേറ്ററിൽ പോയി ഒരുപാട് സിനിമ കണ്ട് വളർന്ന ഒരാളാണ്. ഞാൻ ഒരുപാട് കേരളത്തിൽ വന്നിട്ടുണ്ട് കാരണം എന്റെ അച്ഛൻ കേരളത്തിൽ ജോലി ചെയ്തിരുന്ന ഒരാളാണ്.
എറണാകുളത്തും, തിരുവനന്തപുരത്തും എല്ലാം എനിക്ക് ഒരുപോലെയാണ്, അവിടെങ്ങളിൽ എല്ലാം തന്നെ ഒരുപാട് ഓർമകളും എനിക്ക് എന്റേതായിട്ടുണ്ട്. ഞാൻ വളർന്നത് തന്നെ കേരളത്തിലെ സിനിമകൾ കണ്ടു കൊണ്ടാണ്. അതുകൊണ്ട് തന്നെ എനിക്ക് ഇഷ്ടപ്പെട്ട ഒരുപാട് സംവിധായകർ ഇവിടെ നിന്നുള്ളവരാണ്. സിബി മലയിൽ, ഭരതൻ തുടങ്ങിയവരും, ലാലേട്ടനെയും മമ്മൂക്കയെയുമൊക്കെ കണ്ടുകൊണ്ടാണ് ഞാൻ സിനിമ പഠിച്ചത്. എന്നാൽ അവർക്ക് മുന്നിൽ ഒരു സിനിമയുമായി ചെല്ലാൻ എനിക്ക് ഇന്നും പേടിയുണ്ട്. പക്ഷെ ഈ സിനിമ എനിക്ക് അവരെയൊക്കെ കാണിക്കണം കാരണം ഈ സിനിമ അത്രത്തോളം മികച്ച ഒന്നാണെന്ന വിശ്വാസം എനിക്കുണ്ട്.
മുതിർന്നവർ ആര് തന്നെ കണ്ടാലും ഈ സിനിമ അവർക്ക് ഇഷ്ടപ്പെടും. നിങ്ങൾ നല്ല സിനിമകളെയും, സന്ദേശങ്ങളെയും, നല്ല മേക്കിങ്ങിനെയും എല്ലാം നിങ്ങൾ പിൻതുണക്കും എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. ഗോകുലം ഗോപാലനെ പോലെയൊരു ഡിസ്‌ട്രിബ്യുട്ടർക്ക് ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി ഞാൻ കാണുന്നു. 28നു ഈ ചിത്രം മലയാളത്തിലും, തമിഴിലും, കന്നഡത്തിലും റിലീസാകുന്നുണ്ട്. എല്ലാ ഭാഷകളിലും ഇതൊരു സാധാരക്കാരന്റെ ചിത്രമായി നിങ്ങൾ ഏറ്റെടുക്കും എന്ന് ഞാൻ കരുതുന്നു. ഈ സിനിമ എനിക്ക് അത്രയേറെ പ്രിയപ്പെട്ടതാണ്അതുപോലെ നിങ്ങൾ ഏവരും സ്വീകരിക്കും എന്നുറപ്പുണ്ട്.