രജനീകാന്ത് നായകനായി എത്തിയ ഹിറ്റ് ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ ഗംഭീര വിജയത്തെ തുടർന്ന് രജനികാന്തിന് പ്രതിഫലത്തിന് പുറമെ സൺ പിക്ചേഴ്സ് ലാഭവിഹിതം കൈമാറിയതും ബിഎംഡബ്യൂ എക്സ് 7 കാർ സമ്മാനിച്ചതും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. അതിനു പിന്നാലെ സംവിധായകൻ നെൽസൺ ദിലീപ്‍കുമാറിനും സമ്മാനം നൽകിയിരുന്നു സൺ പിക്ചേഴ്സ്. നെൽസണ് ചെക്ക് നൽകുന്നതിൻറെ ചിത്രം സൺ പിക്ചേഴ്സ് സോഷ്യൽ മീഡിയയിലൂടെ പങ്കു വെച്ചിരുന്നു. ലാഭവിഹിതം മാത്രമല്ല ഒരു ആഡംബര കാറും നെല്സണ് നൽകിയിട്ടുണ്ട്. രജനികാന്തിനെപ്പോലെ നൽകിയിരിക്കുന്നതിൽ നിന്ന് ഇഷ്ട കാർ തെരഞ്ഞെടുക്കാനുള്ള അവസരം നെൽസണും നൽകിയിരുന്നു.

ഒരു കോടിക്ക് മുകളിൽ വില വരുന്ന ആഡംബര ഇരുവർക്കും കലാനിധി മാരൻ കഴിഞ്ഞ ദിവസങ്ങളിലായി സമ്മാനിച്ചത്. ജയിലർ മെഗാവിജയം നേടിയത് കൊണ്ട് തന്നെയും കോടികൾ വാരിയെറിഞ്ഞാണ് അദ്ദേഹം ഈ വിജയം ആഘോഷമാക്കിയത്. എന്നാൽ ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് മറ്റൊരു വാർത്തയാണ്. ജയിലറിന്റെ വിജയത്തിന് പ്രധാനഘടകമായ നടൻ വിനായകനും സംഗീതം ചെയ്ത അനിരുദ്ധിനും ഇത്തരത്തിലുള്ള സമ്മാനം നൽകണമെന്നാണ് ആരാധകരുടെ ഇപ്പോഴത്തെ ആവശ്യം. സൺ പിക്ചേഴ്സിന്റെ പേജുകളിലാണ് ഇത്തരം ആവശ്യങ്ങൾ പറഞ്ഞുകൊണ്ട് കമന്റുകൾ നിറയുന്നത്.

വിക്രം സിനിമ വൻവിജയം നേടിയപ്പോൾ ലോകേഷിനും സൂര്യയ്ക്കും കമൽഹാസൻ സമ്മാനങ്ങൾ നൽകിയിരുന്നു. എന്നാൽ അന്നും അനിരുദ്ധിന് പ്രത്യേക സമ്മാനങ്ങൾ ആരും നൽകിയില്ലെന്നാണ് അവർ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം ആറായിരം കോടിക്ക് മുകളിൽ കളക്ഷൻ നേടി ഇപ്പോഴും തിയറ്ററിൽ തന്നെ തുടരുകയാണ് രജനികാന്ത് ചിത്രം ജയിലർ. അതോടൊപ്പം സിനിമയുടെ ലാഭവിഹിതത്തിൽ നിന്നും നൂറു കോടിയോളം രൂപ രജനികാന്തിന് കലാനിധി മാരൻ നൽകിയെന്നും റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഇതിന് പുറമേയാണ് കഴിഞ്ഞ ദിവസം കോടികൾ വിലയുള്ള കാറുകളും ഇരുവർക്കും സമ്മാനിച്ചത്.

രജനി സമ്മാനമായി കൈപ്പറ്റിയ ബിഎംഡബ്ല്യു എക്സ് 7 ൻറെ വില 1.24 കോടിയാണ്. 1.95 കോടി വിലവരുന്ന ബിഎംഡബ്ല്യുവിൻറെതന്നെ ഐ 7 തെരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടായിരുന്നപ്പോഴാണ് രജനി 1.24 കോടിയുടെ കാർ സ്വീകരിച്ചത്. സമീപ ദിവസം പ്രദർശനത്തിന് എത്തിയ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.നൂറ് കോടി രൂപക്ക് നെറ്റ്ഫ്ലിക്സാണ് സിനിമയുടെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഒടിടി റിലീസ് തീയതി ഇതുവരെയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. രണ്ട് ഒടിടി പ്ലാറ്റ് ഫോമിലൂടെയാണ് ചിത്രം ഇറങ്ങുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ .നെറ്റ്ഫ്‌ളിക്‌സിൽ സിനിമ റിലീസായി പതിനാല് ദിവസങ്ങൾക്ക് ശേഷമായിരിക്കും സൺനെസ്റ്റ് സിനിമ പുറത്തിറക്കുന്നത്.

