പാൻ ഇന്ത്യൻ ചിത്രമായ ‘കെജിഎഫി’ൽ യാഷിന്റെ നായികയായി തിളങ്ങിയ നടിയാണ് ശ്രീനിധി ഷെട്ടി. ഇപ്പോൾ കിച്ച സുദീപിനൊപ്പം ഏറ്റവും പുതിയ സിനിമയിൽ താരം നായികയായി എത്തുമെന്നാണ് പുതിയ വാർത്തകൾ. താരം തന്റെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച പോസ്റ്റിൽ ഇത് സ്ഥിരീകരിക്കുന്നുമുണ്ട്.
ഈ പോസ്റ്റ് Instagram-ൽ കാണുക
‘ബാദ്ഷയായ കിച്ച സുദീപ് സാറിന്റെ കൂടെ വർക്കുചെയ്യാൻ സാധിക്കുന്നതിൽ ഏറെ സന്തോഷമെ’ന്നാണ് താരം കുറിച്ചിരിക്കുന്നത്. സത്യജ്യോതി ഫിലിംസ് ആണ് പുതിയ ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. ശ്രീനിധി ഷെട്ടിയുടെ പിറന്നാളിനോടനുബന്ധിച്ചാണ് സിനിമയിലെ താരത്തിന്റെ പോസ്റ്റർ അണിയറക്കാർ പുറത്തുവിട്ടിരുന്നത്. സംവിധാനം നിർവഹിക്കുന്നത് ചേരൻ ആണ്. ‘കിച്ച 47’ എന്നാണ് ചിത്രത്തിന് താൽക്കാലികമായി പേര് നൽകിയിരിക്കുന്നത്.
‘കിച്ച 47’ പ്രഖ്യാപിച്ചപ്പോൾ മുതൽ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണിത്. കിച്ച സുദീപിന്റെ ഈ ചിത്രത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പിന് പിന്നിൽ കാരണങ്ങൾ ഏറെ ഉണ്ടെങ്കിലും, ചിത്രത്തിന്റേതായി പുറത്തുവിട്ട പോസ്റ്റർ ആണ് പ്രധാന കാരണം. ഇറങ്ങിയപ്പോൾ മുതൽ പോസ്റ്റർ വലിയ ചർച്ചകൾ നേരിട്ടിരുന്നു. കൈകളിലും ഷർട്ടിലും മുഴുവൻ ചോരക്കറയുമായി നിലത്തു ഇരിക്കുന്ന താരത്തിന്റെ ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്. താരത്തിന്റെ മുഖം പോസ്റ്ററിൽ കാണിക്കുന്നില്ല. എന്നാൽ വെള്ള ഷർട്ടിലും കൈകളിലും പുരണ്ട ചോര ഒരു ക്രൈം ത്രില്ലർ അല്ലെങ്കിൽ ഒരു ആക്ഷൻ ത്രില്ലർ സിനിമയുടെ സൂചനയാണ് നൽകുന്നത്.
മോഡലിംഗിലൂടെ സിനിമ രംഗത്തേക്ക് കാലെടുത്തുവെച്ച നായികയാണ് ശ്രീനിധി ഷെട്ടി. നിരവധി സിനിമകൾ ചെയ്‌തെങ്കിലും ‘കെജിഎഫി’ലൂടെ ആണ് താരം പാൻ ഇന്ത്യൻ തലത്തിൽ അറിയപ്പെടുന്നത്. കെജിഎഫിന്റെ ആദ്യഭാഗത്തു താരം എത്തിയെങ്കിലും രണ്ടാമത്തെ ഭാഗത്തിൽ ആണ് താരത്തിന് കൂടുതലും പ്രാധാന്യം ഉണ്ടായിരുന്നത്. രണ്ടാം ഭാഗത്തിൽ ഇരുവരുടെയും പ്രണയവും ജീവിതവും മരണവുമെല്ലാം പ്രേക്ഷകരെ അത്രയേറെ സ്വാധീനിച്ചിരുന്നു.
ചിയാൻ വിക്രം നായകനായെത്തിയ ‘കോബ്ര’ എന്ന ചിത്രത്തിലൂടെ ആണ് ശ്രീനിധി തമിഴ് സിനിമ ഇൻഡസ്ട്രിയിൽ തുടക്കം കുറിക്കുന്നത്. 2022 ൽ പ്രദർശനത്തിന് എത്തിയ ചിത്രമായിരുന്നു അത്. എന്നാൽ ആ ചിത്രം വേണ്ടവിധം ബോക്സ്ഓഫീസിൽ വിജയം കൈവരിച്ചില്ല. ചിയാൻ വിക്രം ഇരട്ട വേഷത്തിൽ പ്രത്യക്ഷപ്പെട്ട ഒരു സിനിമ കൂടിയായിരുന്നു അത്. ഒരു മാത്തമറ്റീഷ്യനായി എത്തിയ നായകൻ പിന്നീട് നിരവധി കൊലപാതകങ്ങൾ ചെയ്യുന്നതിലൂടെയാണ് കഥ സഞ്ചരിച്ചിരുന്നത്.