ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രധാനമായും ചർച്ച ചെയ്യുന്ന വിഷയങ്ങളിൽ ഒന്നാണ് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് ജാതീയമായ വിവേചനം നേരിടേണ്ടി വന്ന വാർത്തയാണ്. ഒരു അമ്പലത്തിൽ ഉദഘാടനത്തിന് എത്തിയപ്പോൾ മന്ത്രിയ്ക്ക് ജാതിവിവേചനം നേരിടേണ്ടി വന്നത്. ഇതിനെതിരെ പ്രതികൂലിച്ചും അനുകൂലിച്ചും ഒട്ടനവധി ആളുകൾ ആയിരുന്നു രംഗത്ത് എത്തിയത്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ച് നടൻ സുബീഷ് സുധി പറഞ്ഞത് സംഭവത്തിൽ അതിയായ ദുഃഖമുണ്ടെന്നും താന്‍ തൊഴാന്‍ പോയിട്ടുള്ള അമ്പലത്തില്‍ നിന്ന് അനുഭവപ്പെട്ട വിവേചനം പുരോഗമന ചിന്ത വിത്തെറിഞ്ഞ നാട്ടില്‍ നിന്നായതില്‍ ലജ്ജിക്കുന്നുവെന്നും നടൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
സുബീഷിന്റെ വാക്കുകൾ ഇങ്ങനെയാണ്, “പ്രിയപ്പെട്ട സഖാവേ.. മനുഷ്യത്വത്തിന് മുന്നിൽ ജാതിയും മതവുമില്ലെന്ന് എന്നെപ്പഠിപ്പിച്ച പയ്യന്നൂരിൽ നിന്ന് താങ്കൾക്കുണ്ടായ ദുരനുഭവത്തിൻ വ്യക്തിപരമായി ഏറെ ഖേദം രേഖപ്പെടുത്തുന്നു. ഒപ്പം അങ്ങേയറ്റം രോഷവും പ്രതിഷേധവും അറിയിക്കുന്നു. പയ്യന്നൂർ പെരുമാൾക്ക് നേദിക്കാൻ മുസ്ലിം കുടുംബത്തിൽ നിന്ന് പഞ്ചസാര കൊണ്ടുവരുന്ന മത മൈത്രിയുടെ പാഠങ്ങൾ കണ്ടാണ് ഞങ്ങൾ വളർന്നത്. അമ്പലവും പള്ളിയും ചർച്ചും ഞങ്ങൾക്ക് കൂട്ടായ്മയുടെ തുരുത്തുകളാണ്. പലപ്പോഴായി ഞാൻ തൊഴാൻ പോയിട്ടുള്ള അമ്പലത്തിൽ നിന്ന് താങ്കൾക്ക് അനുഭവപ്പെട്ട വിവേചനം പുരോഗമന ചിന്ത വിത്തെറിഞ്ഞ നാട്ടിൽ നിന്നായതിൽ ഞാൻ ലജ്ജിക്കുന്നു.
ഇത്തരം വിഷക്കൂടുകൾ ശാന്തി നടത്തുന്ന അമ്പലത്തിൽ ഇനി ഞാൻ പോകില്ല. പയ്യന്നൂർ എന്ന് എതവസരത്തിലും ഉയിര് പോലെ ഉയർത്തിക്കാട്ടുന്ന എനിക്ക് താങ്കൾക്കുണ്ടായ പ്രയാസത്തിൽ അതീവ ദുഃഖമുണ്ട്. ഏതെങ്കിലും 2 കൃമികളുടെ ദുഷ്പ്രവൃത്തി നാടിന്റെ മുഖമായോ മനസ്സായോ ആരും ഉയർത്തിക്കാട്ടരുത്.. ഇത്തരം ചിന്താഗതിക്കാരെ ഒറ്റപ്പെടുത്തി വൈവിധ്യങ്ങളെ കണ്ണിചേർക്കാൻ നമുക്ക് സാധിക്കണം.. പ്രിയ രാധാകൃഷ്ണൻ സർ നിങ്ങൾക്കുണ്ടായ പ്രയാസത്തിന് മാപ്പ്.. മാപ്പ്..മാപ്പ്” എന്നാണ് സുബീഷ് സുധി പറഞ്ഞിരിക്കുന്നത്. താരത്തിന്റെ ഈ പോസ്റ്റിനെതിരെ ഒട്ടനവധി പേരാണ് ഇപ്പോൾ അനുകൂലിച്ചും പ്രതികൂലിച്ചും എത്തുന്നത്.
സോഷ്യൽ മീഡിയയിൽ സജീവമായ സുബീഷ് സാമൂഹികമായ വിഷയങ്ങളിൽ എല്ലാം തന്നെ തന്റെ അഭിപ്രായം രേഖപ്പെടുത്തിക്കൊണ്ട് എത്താറുണ്ട്. പലപ്പോഴും താരത്തിന്റെ പല അഭിപ്രായങ്ങളും വലിയ വിവാദങ്ങൾക്ക് ഇടയാക്കാറുണ്ട്. അതോടൊപ്പം പുതുപ്പള്ളി തിരഞ്ഞെടുപ്പിന്റെ ഭാഗമായി എൽഡിഎഫ് സ്ഥാനാർത്ഥിയായി പുതുപ്പള്ളിയിൽ മത്സരിച്ച ജൈയ്ക് സി തോമസിനെക്കുറിച്ച് പറഞ്ഞത് ജൈയ്ക് ജയിക്കാൻ ആഗ്രഹിച്ചിരുന്നെന്നും എന്നാൽ ഉമ്മൻ ചാണ്ടി എഫക്ട് കാരണം അതിന് കഴിയില്ലെന്ന് മനസിലാക്കിയിരുന്നെന്നും ആയിരുന്നു.