കോടിക്കണക്കിന് ആരാധകരുള്ള നടിമാരിൽ ഒരാളാണ് സണ്ണി ലിയോണി. കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ച് നടന്ന മെഗാ ഫാഷൻ ഷോയിൽ നടി പങ്കെടുക്കുമെന്ന് തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയുടെ അവസാന ദിവസം നടി പങ്കെടുക്കുമെന്നായിരുന്നു വാർത്തകളിൽ പ്രചരിച്ചിരുന്നത്. എന്നാൽ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് കസവുസാരിയണിഞ്ഞ്, മുല്ലപ്പൂ ചൂടി, ഓണാശംസകളുമായി ബോളിവുഡ് നടി സണ്ണി ലിയോണി കോഴിക്കോടിന്റെ മണ്ണിൽ എത്തുകയും ചെയ്തു. ഓണത്തിനോടനുബന്ധിച്ച് നടന്ന പരിപാടി ആയതിനാൽ തന്നെയും മലയാളത്തിൽ തന്നെ നടി എല്ലാവർക്കും ഓണശംസകൾ അറിയിക്കുകയും ചെയ്തു.
സരോവരത്തിലെ കാലിക്കറ്റ് ട്രേഡ് സെന്ററിൽനടന്ന ഫാഷൻ റേയ്‌സ്-വിൻ യുവർ പാഷൻ ഡിസൈനർ ഷോയിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം റാംപ് വാക്ക് നടത്തിയ സണ്ണി ലിയോൺ വീണ്ടും വീണ്ടും പ്രേക്ഷകരിൽ ആവേശം പകർന്നു. വലിയൊരു സുരക്ഷാ സംവിധാനം ഒരുക്കിയാണ് നടിയെ കോഴിക്കോടിന്റെ മണ്ണിലും അതുപോലെ വേദിയിലും എത്തിച്ചിരുന്നത്. വലിയൊരു ജനാവലി തന്നെ താരത്തെ കാണാൻ കാത്തിരിക്കുന്നുണ്ടായിരുന്നു. ജനങ്ങൾക്കിടയിൽ വലിയ തിരക്ക് രൂപപ്പെട്ടതിനാൽ ഓഡിറ്റോറിയത്തിലെ വെളിച്ചമണച്ച് സ്റ്റേജിനടുത്ത് കാറെത്തിച്ചാണ് നടിയെ പുറത്തെത്തിച്ചത്.
അതേസമയം നടി വരുന്നതിന് മുൻപായി സണ്ണി ലിയോണി വരുമെന്ന തരത്തിൽ പ്രചരിക്കുന്നത് വ്യാജ വർത്തകളാണെന്ന് പറഞ്ഞ് പരിപാടിയിൽ സംഘർഷവും വാക്കേറ്റവും ഉണ്ടായിരുന്നു. അവസാനം പോലീസ് ഇടപെട്ട് പരിപാടി നിർത്തിവെക്കുകയും നടത്തിപ്പുകാരനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പരിപാടിയിൽ പങ്കെടുക്കുമെന്ന് പറഞ്ഞ താരങ്ങൾ എത്താതെ വന്നതോടെ സംഘാടകരും, പങ്കെടുക്കാൻ വന്നവരും തമ്മിൽ ആരംഭിച്ച തർക്കം പിന്നീട് വലിയ പ്രതിഷേധത്തിൽ അവസാനിക്കുകയായിരുന്നു. സംഘാടകർ നിലവാരമില്ലാത്ത കോസ്റ്റ്യൂം നൽകിയെന്നും, പറഞ്ഞ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നുമായിരുന്നു അവരുടെ ആരോപണം.
പരിപാടിക്കുള്ള എൻട്രി ഫീസായി ആറായിരം രൂപ നൽകിയെങ്കിലും ആവശ്യമുള്ള സൗകര്യം പങ്കെടുക്കാനെത്തിയവർക്ക് നൽകിയില്ലായിരുന്നു. ഏറെ വൈകിയാണ് പലർക്കും കോസ്റ്റ്യൂം ലഭിച്ചത്, കിട്ടിയ വസ്ത്രങ്ങൾക്ക് നിലവാരമില്ലായിരുന്നെന്നും പങ്കെടുക്കാനെത്തിയവർ ആരോപിച്ചു. അവിടെയെത്തിയവർക്ക് ഭക്ഷണം പോലും നൽകിയില്ലെന്നാണ് രജിസ്റ്റർ ചെയ്ത് ഷോയിൽ പങ്കെടുക്കാനെത്തിയവർ പറഞ്ഞത്. ഈ ഡിസൈനർ ഷോയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള പ്രചാരണം മാസങ്ങൾക്ക് മുൻപ് തന്നെ നടന്നിരുന്നതായി പോലീസ് പറയുന്നുണ്ട്. സണ്ണി ലിയോണി അടക്കം നിരവധി ചലച്ചിത്ര താരങ്ങളും പരിപാടിയ്ക്ക് ആശംസകൾ നേരുന്ന വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.