നവംബറിൽ പ്രദർശനത്തിനെത്താനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ’ഗരുഡൻ’. സുരേഷ് ഗോപിയും ബജു മേനോനും ഒന്നിച്ചെത്തുന്ന സിനിമയ്ക്കായി പ്രേക്ഷകർ അക്ഷമയോടെ കാത്തിരിക്കുകയാണ്. അതേസമയം, ഏതൊരു സിനിമയ്ക്കും അതിന്റെതായ സ്വകാര്യതയുണ്ടെന്നും, അതുകൊണ്ടുതന്നെ എന്തൊക്കെ പറയാമെന്നും പറയരുതെന്നും പഠിച്ചാണ് താൻ വന്നിരിക്കുന്നതെന്നും പറയുകയാണ് നടൻ സുരേഷ് ഗോപി. ഗരുഡന്റെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിൽ നടന്ന പത്രസമ്മേളനത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
”കുറച്ചു ദിവസങ്ങളായി ഞാൻ ചില ഒരുക്കങ്ങളിലായിരുന്നു. ഈ സിനിമയുടെ ഉള്ളടക്കം ഒളിപ്പിച്ചു വെക്കാൻ അല്ലെങ്കിൽകൂടി, എല്ലാ സിനിമയ്ക്കും അതിന്റെതായ സ്വകാര്യത ഉണ്ട്. അതായത് തീയേറ്ററിലെ ആദ്യ പ്രദർശനത്തിന് മുൻപ് ഉള്ള ഒരു സ്വകാര്യത, അത് ഏതൊരു സിനിമയ്ക്കും ഉണ്ടാകും. ഏതു സിനിമയുടെ പ്രമോഷൻ ചെയ്യുമ്പോഴും ആളുകൾക്ക് മുന്നിൽ ആ സ്വകാര്യത കാത്തുസൂക്ഷിക്കുകയെന്നത് ഞങ്ങളുടെ വലിയ ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തം കൃത്യമായി നിർവഹിച്ചുകൊണ്ട്, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മനഃപാഠമാക്കിയ കാര്യങ്ങളുമായാണ് വന്നിരിക്കുന്നത്. അതായത് എന്തൊക്കെ സംസാരിക്കാം, അതിനേക്കാളേറെ എന്തൊക്കെ സംസാരിക്കരുത് എന്നെല്ലാം ക്ലാസെടുത്തതിന് ശേഷമാണ് ഇന്നത്തെ ദിവസം കാലത്തു മുതൽ തയ്യാറായി , ഇപ്പോൾ നിങ്ങൾക്ക് മുന്നിലെത്തിയിരിക്കുന്നത്.” എന്നാണ് സുരേഷ് ഗോപി പറഞ്ഞിരിക്കുന്നത്
നവാഗതനായ അരുൺ വർമ്മയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ മലയാള ചിത്രമാണ് ‘ഗരുഡൻ’. വലിയൊരു ഇടവേളയ്ക്ക് ശേഷം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സുരേഷ് ഗോപിയും ബിജു മേനോനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന 28-മത് ചിത്രമാണിത്.
ക്രൈം ത്രില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ചിത്രത്തിന്റെ ചിത്രീകരണം മട്ടാഞ്ചേരിയിൽ ആണ് ആരംഭിച്ചിരുന്നത്. ഹരീഷ് മാധവ് എന്ന പോലീസ് ഓഫീസർ ആയാണ് നടൻ സുരേഷ് ഗോപി ചിത്രത്തിൽ എത്തുന്നത്. സിദ്ധിഖ്, ജഗദീഷ് , അഭിരാമി, ദിവ്യ പിള്ള, ദിലീഷ് പോത്തൻ, നിഷാന്ത് സാഗർ, തലൈവാസൽ വിജയ്, ചൈതന്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം നിയമയുദ്ധത്തിൻ്റെ അകത്തളങ്ങളിലേക്കാണ് ഇറങ്ങിച്ചെല്ലുന്നത് എന്നാണ് സംവിധായകൻ പറയുന്നത്.
ഇത് പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തമായ ഒരു അനുഭവം ആയിരിക്കും എന്നതിൽ സംശയമില്ല. മേജർ രവിക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള ആളാണ് അരുൺ വർമ്മ. അമ്പതോളം ആഡ് ഫിലിമുകൾ ഒരുക്കിയിട്ടുണ്ട് അരുൺ. ഷാജി കൈലാസ് ചിത്രം ‘കടുവ’യിലെ എല്ലാവരും ഒരുപോലെ ഏറ്റുപാടിയ പാലാപ്പള്ളി തിരുപ്പള്ളി എന്ന ഗാനത്തിൻ്റെ മ്യൂസിക്ക് വീഡിയോ, കാപ്പയിലെ പ്രമോ സോംങ് എന്നിവ ഷൂട്ട് ചെയ്തതും അരുൺ വർമ്മയാണ്. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെ ആരാധക സമൂഹം ഉറ്റുനോക്കുന്ന ഒരു ചിത്രമാണ് ‘ഗരുഡൻ’.