പ്രേക്ഷകർക്കിടയിൽ വലിയ തരംഗമായ ചിത്രമായിരുന്നു സൂര്യ നായകനായെത്തിയ ചിത്രം ‘വാരണം ആയിരം’. യുവാക്കൾക്കിടയിൽ പ്രണയത്തിന്റെ പലതലങ്ങളിലൂടെ സഞ്ചരിക്കാൻ വാരണം ആയിരത്തിനു സാധിച്ചിരുന്നു. സിനിമയിലെ അനുൾ മേലെ പനിതുളി എന്ന ഗാനവും വമ്പൻ ഹിറ്റായിരുന്നു. ഗാനത്തിലെ നായികയായ ദിവ്യ സ്പന്ദനയെക്കുറിച്ചുള്ള ചില വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. താരം ഹൃദയഘാതത്തെതുടർന്ന് മരണപ്പെട്ടെന്നായിരുന്നു പ്രചരിച്ച വാർത്തകൾ. എന്നാൽ തീർത്തും വ്യാജമായ വർത്തകളാണിതെല്ലാമെന്നതാണ് വാസ്തവം.
വിദേശത്ത് യാത്രയിലായിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു എന്നാതായിരുന്നു പ്രചാരണം. പല പ്രമുഖ വാര്‍ത്താ ചാനലുകളും വ്യക്തികളും ഈ വ്യാജ വാര്‍ത്ത സമൂഹമാധ്യമമായ എക്സിലൂടെ പങ്കുവെച്ചിരുന്നു. നിലവിൽ ദിവ്യ സ്‍പന്ദന ജെനീവയിൽ നിന്ന് പ്രാഗിലേക്ക് യാത്ര ചെയ്യുകയാണെന്നും അവരുടെ ആരോഗ്യത്തിന് ഒരു കുഴപ്പവുമില്ല എന്നും കുടുംബവും സുഹൃത്തുക്കളും അറിയിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിന് ശേഷം അവർ ബംഗളുരുവിൽ തിരിച്ചെത്തുമെന്ന് താരത്തിന്റെ കുടുംബം വ്യക്തമാക്കി.
ഇത്തരത്തിലുള്ള വ്യാജവാർത്തകൾ പ്രചരിക്കുന്നതിൽ അസ്വസ്ഥരാണെന്നും ഇല്ലാത്ത വാർത്തകൾ പ്രചരിപ്പിക്കരുത് എന്നും ദിവ്യയുടെ സുഹൃത്തുക്കൾ അഭ്യര്‍ഥിച്ചിരുന്നു. കുറച്ചുനാളുകള്‍ക്ക് മുൻപാണ് നടനായ വിജയ് രാഘവേന്ദ്രയുടെ ഭാര്യ സ്‍പന്ദന അന്തരിച്ചത് . ചിലപ്പോൾ ആ വാർത്തകണ്ട് തെറ്റിദ്ധരിച്ചതായിരിക്കും എന്നാണ് താരത്തിന്റെ സുഹൃത്തുക്കൾ പറയുന്നത്.
താരം രാഷ്ട്രീയത്തിലും സജീവമാണ്. ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസിലൂടെ ആയിരുന്നു താരത്തിന്റെ രാഷ്‍ട്രീയ പ്രവേശം നടന്നത്. 2013ൽ കർണ്ണാടകയിലെ മാണ്ഡ്യ ലോക്സഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചാണ് ദിവ്യ സ്‍പന്ദന ലോക്സസഭയിലേക്ക് എത്തിയത്. പക്ഷേ ഏറ്റവും അടുത്തായിനടന്ന തെരഞ്ഞെടുപ്പില്‍ താരം പരാജയപ്പെടുകയും ചെയ്‍തിരുന്നു. താരത്തിന്റെ യഥാർത്ഥ പേര് രമ്യ എന്നാണ്.
‘അഭി’ എന്ന കന്നഡ ചിത്രത്തിലൂടെയായിരുന്നു ദിവ്യ സ്‍പന്ദന ആദ്യമായി നായികയായെത്തിയത്. നടൻ പുനീത് രാജ്‍കുമാര്‍ ‘അഭി’യായി ചിത്രത്തില്‍ അഭിനയിച്ചപ്പോൾ ഭാനു എന്ന നായിക വേഷമായിരുന്നു ദിവ്യ സ്‍പന്ദന ചെയ്തത്. തുടര്‍ന്നങ്ങോട്ട് നിരവധി കന്നഡ, തമിഴ് സിനിമകളില്‍ ചെറുതും വലുതുമായ മികച്ച വേഷങ്ങളില്‍ നടിയായി ദിവ്യാ സ്‍പന്ദന അഭിനയിച്ചു. അതിഥി വേഷങ്ങളിലും ദിവ്യ സിനിമയിൽ എത്തിയിട്ടുണ്ട്. മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡുകള്‍ ദിവ്യക്ക് ലഭിച്ചിട്ടുണ്ട്. മികച്ച നടിക്കുള്ള കര്‍ണാടക സര്‍ക്കാരിന്റെ അവാര്‍ഡും ദിവ്യ സ്‍പന്ദനസ്വന്തമാക്കിയിരുന്നു. എന്നാൽ താരം നിലവില്‍ സിനിമയില്‍ സജീവമല്ല.
വാരണം ആയിരം എന്ന സിനിമയിൽ ഇന്റർവെല്ലിനു ശേഷമാണ് ദിവ്യയുടെ കഥാപാത്രം ശ്രദ്ധനേടുന്നത്. സൂര്യയുടെ അനിയത്തിയുടെ കൂട്ടുകാരിയായെത്തി, പിന്നീട് സൂര്യയെ വിവാഹം കഴിക്കുകയാണ്. ഇവരുടെ പ്രണയവും ജീവിതവുമെല്ലാം സിനിമയിൽ വളരെ മനോഹരമായാണ് ചിത്രീകരിച്ചിട്ടുള്ളത്.