കേരളത്തെ ഭയത്തിന്റെ മുൾമുനയിൽ നിർത്തിയ പാരിസ്ഥിതിക പ്രശ്നമായിരുന്നു ബ്രഹ്മപുരം മാലിന്യ സംസ്ക്കരണ പ്ലാന്റിലെ തീപിടിത്തം. ഈ പാരിസ്ഥിതിക പ്രശ്നം പ്രമേയമാക്കി ഒരുക്കുന്ന ചിത്രമാണ് ‘ഇതുവരെ’. ഗാന്ധിജയന്തി ദിനമായ ഇന്ന് ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിലൂടെ സുരഭിലക്ഷ്മിക്ക് ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത പ്രശസ്ത സംവിധായൻ അനിൽ തോമസ് ഒരുക്കുന്ന സിനിമയാണ് ‘ഇതുവരെ’. ബ്രഹ്മപുരം മാലിന്യ സംസ്ക്കരണ പ്ലാന്റ് പ്രമേയമാകുന്ന കാലികപ്രസക്തമായ ചിത്രത്തിൽ കലാഭവൻ ഷാജോൺ ആണ് മുഖ്യവേഷത്തിലെത്തുന്നത്. ദേശീയ ചലച്ചിത്ര പുരസ്ക്കാര ജേതാക്കളായ സുരേഷ്ഗോപി, സലീംകുമാർ, സുരാജ് വെഞ്ഞാറമ്മൂട്, സുരഭി ലക്ഷ്മി എന്നിവരുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇതുവരെയുടെ ട്രെയിലർ പുറത്തുവിട്ടിട്ടുള്ളത്. പ്ലാന്റിലെ തീപിടുത്തത്തെത്തുടർന്നു സമീപപ്രദേശത്ത് താമസിക്കുന്ന ജനങ്ങൾക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും മറ്റുമാണ് ചിത്രം അടിസ്ഥാനമാക്കിയിരിക്കുന്നത്.
ഡോ. ടൈറ്റസ് പീറ്റർ ആണ് സിനിമ നിർമിക്കുന്നത്. ഒപ്പം സിനിമയുടെ ക്യാമറ സുനിൽ പ്രേം ആണ് കൈകാര്യം ചെയ്യുന്നത് . കെ ശ്രീനിവാസ് ആണ് എഡിറ്റിംഗ് ചെയ്യുന്നത് . ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഔസേപ്പച്ചന്റേതാണ്. ചിത്രം വൈകാതെതന്നെ പ്രദർശനത്തിനെത്തും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ . ശുചിത്വമാണ് സ്വാതന്ത്ര്യത്തേക്കാൾ വലുതെന്ന് പറഞ്ഞ മഹാത്മാവിന്റെ ജന്മദിനത്തിലാണ് മാലിന്യമലയുടെ കഥപറയുന്ന ‘ഇതുവരെ’യുടെ ട്രെയിലർ പുറത്തുവിട്ടത്.
നിരവധി പുരസ്ക്കാരങ്ങൾക്കർഹമായ ‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിനു ശേഷം അനിൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇതുവരെ. കാന്തല്ലൂരിലാണ് ഇതുവരെയുടെ ചിത്രീകരണമാരംഭിച്ചിരുന്നത്. മണ്ണും പ്രകൃതിയും പ്രധാന പശ്ചാത്തലമാക്കിയാണ് ചിത്രം കഥ അവതരിപ്പിക്കുന്നത്. മെട്രോ നഗരമായ കൊച്ചിയിൽ നിന്നും ഒരു മലയോര മേഖലയിൽ എത്തിയ വിക്രമൻ നായർ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ കലാഭവൻ ഷാജോൺ അവതരിപ്പിക്കുന്നത്. വിജയകുമാർ, പ്രേം പ്രകാശ്, മനുരാജ്, പീറ്റർ ടൈറ്റസ്, ദേവി സ്വാതി, ലതാ ദാസ്, ഷൈനി, ഡോക്ടർ അമർ , മുൻഷി രഞ്ജിത്ത്, മധു പീരുമേട്, അൻസാരി ഈരാറ്റുപേട്ട ഷെറിൻ സ്റ്റാൻലി , ഷിനി ചിറ്റൂർ, വിനോദ് കുമാർ, കിട്ടു ആഷിഖ്, ഷെറിൻ ഖാൻ എന്നിവരാണ് മറ്റുതാരങ്ങൾ. മറയൂർ, ഈരാറ്റുപേട്ട, കൊച്ചി എന്നിവിടങ്ങളിലായാണ് ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയായിരുന്നത്.