‘നദികളിൽ സുന്ദരി യമുന’ എന്ന സിനിമ യഥാർത്ഥത്തിൽ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയുള്ളതാണെന്ന് പറയുകയാണ് നടൻ ധ്യാൻ ശ്രീനിവാസൻ. സിനിമയുടെ സംവിധായകരുടെ സുഹൃത്തിന്റെ ബന്ധുവിന്റെ ജീവിതത്തിൽ നടന്ന സംഭവമാണ് ഈ സിനിമയ്ക്ക് പശ്ചാത്തലമായതെന്നാണ് താരം പറഞ്ഞത്. മൂവി വേൾഡ് മീഡിയയ്ക്കു നൽകിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
എന്താണ് ഈ കഥയിലേക്ക് ധ്യാനിനെ ആകർഷിച്ച ഘടകം എന്ന ചോദ്യത്തിനായിരുന്നു താരം ഈ സിനിമയ്ക്ക് പിന്നിലെ സംഭവം തുറന്നുപറഞ്ഞത്. അത് കേട്ടപ്പോൾ തനിക്ക് കൗതുകം വന്നെന്നും, അതുകൊണ്ടാണ് താൻ ഈ സിനിമ ഏറ്റെടുത്തതെന്നും ധ്യാൻ പറഞ്ഞു. കൂടാതെ ഈ സിനിമ ആളുകളെ ചിരിപ്പിക്കാൻ മാത്രം ഉദ്ദേശിച്ച് നിർമിച്ചതാണെന്നും, അല്ലാതെ പ്രത്യേക രാഷ്ട്രീയമോ സന്ദേശമോ നൽകാൻ ഉദ്ദേശിച്ചതല്ലെന്നും, അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് സ്വാഭാവികമായും സംഭവിച്ചതാണെന്നാണ് ധ്യാനിന്റെ അഭിപ്രായം.
ധ്യാൻ ശ്രീനിവാസന്റെ വാക്കുകൾ…
”കഥ കേട്ടുകഴിഞ്ഞ് കുറച്ച് ദിവസം കഴിഞ്ഞാണ് സിനിമയുടെ എഴുത്തുകാരും സംവിധായകരുമായ വിജേഷ് പനന്തൂരും, ഉണ്ണി വെള്ളോറയും
എന്റെടുത്ത് ആ കാര്യം പറയുന്നത്. അവരുടെ സുഹൃത്തിന്റെ ബന്ധുവിന്റെ ജീവിതത്തിൽ ശരിക്കും നടന്ന സംഭവമാണ് ഈ സിനിമയിലെ കഥ എന്ന്. യഥാർത്ഥ ജീവിതത്തിൽ അങ്ങനൊരു യമുനയും ഉണ്ട് അതേപോലൊരു കണ്ണനും ഉണ്ട്. ഇത് സിനിമയ്ക്ക് വേണ്ടി ചിന്തിച്ച് ഉണ്ടാക്കിയ ഒരു കഥയല്ല. അവരുടെ നാട്ടിൽ നടന്ന ഒരു സംഭവമാണ്. ഈ കഥ നടക്കുന്നത് കേരളം കർണാടക അതിർത്തിയിലാണ്. അതായത് കാന്താര സിനിമയൊക്കെ പശ്ചാത്തലമാക്കിയ തെയ്യത്തിന്റെയും ഒക്കെ നാട്. അപ്പോൾ അവിടെ നടന്നൊരു കഥ ആണെന്നുകേട്ടപ്പോൾ എനിക്കൊരു കൗതുകം തോന്നി. അല്ലാതെ സമൂഹത്തോടുള്ള ആക്ഷേപഹാസ്യമോ.. സന്ദേശമോ ഒന്നുമല്ല ഇത്. ഇനി സന്ദേശമുണ്ടെങ്കിൽ അത് അറിഞ്ഞുകൊണ്ട് ഉണ്ടാക്കിയതല്ല. സിനിമ നടക്കുന്ന സ്ഥലത്തെ ഒരു രാഷ്ട്രീയ സാഹചര്യം പറഞ്ഞതല്ലാതെ അധികം രാഷ്ട്രീയത്തിലേക്ക് കടന്നിട്ടില്ല. ആൾക്കാരെ ചിരിപ്പിക്കുക എന്നത് മാത്രമാണ് ഉദേശിച്ചത്.”
‘നദികളിൽ സുന്ദരി യമുന’ വളരെ വിജയകരമായാണ് തീയേറ്ററുകളിൽ പ്രദർശനം തുടരുന്നത്. മികച്ച പ്രതികരണമാണ് കേരളത്തിലെങ്ങുമുള്ള തീയേറ്ററുകളിൽനിന്നും ലഭിക്കുന്നത്. കൂടുതലും കുടുംബപ്രേക്ഷകരാണ് സിനിമ ഏറ്റെടുത്തിരിക്കുന്നത്. തീയേറ്ററിൽ പൊട്ടിച്ചിരി തീർത്ത നദികളിൽ സുന്ദരി യമുന കാണാൻ ധ്യാൻ വന്നത് അച്ഛൻ ശ്രീനിവാസനെയും അമ്മയെയും കൂട്ടിയാണ്. അച്ഛന് സിനിമ ഇഷ്ടമാവുമെന്ന പൂർണ വിശ്വാസം താരത്തിനുണ്ടായിരുന്നു. അതുപോലെതന്നെ ശ്രീനിവാസന് സിനിമ ഇഷ്ടമായെന്ന് പറയുകയും ചെയ്തു.