തമിഴിലെ പ്രശസ്ത സംഗീതസംവിധായകൻ ഡി.ഇമ്മൻ നടൻ ശിവകാർത്തികേയന് നേരെ ചില ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. അദ്ദേഹം ഉയർത്തിയ ആരോപണങ്ങളെല്ലാം വാസ്തവവിരുദ്ധമാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഇമ്മന്റെ ആദ്യഭാര്യ മോണിക്ക റിച്ചാർഡ്. ശിവകാർത്തികേയൻ തങ്ങളുടെ കുടുംബസുഹൃത്താണെന്നും താനും ഇമ്മനും വിവാഹമോചിതരാകാൻ തീരുമാനിച്ചപ്പോൾ അതിനെ എതിർത്ത് തങ്ങളെ വീണ്ടും ഒരുമിപ്പിക്കാൻ ശ്രമിച്ച നല്ല വ്യക്തിത്വമാണെന്നും മോണിക്ക പറയുകയുണ്ടായി.
ഇമ്മൻ ശിവകാർത്തികേയനെ ഇരയാക്കുകയാണെന്നും അദ്ദേഹത്തിന്റെ ഇത്തരം വിവാദപരാമർശങ്ങൾ ശിവയുടെ ജീവിതത്തെ ഏതൊക്കെ തരത്തിൽ ബാധിക്കുമെന്നതിനെക്കുറിച്ച് അദ്ദേഹം ചിതിക്കുന്നില്ലെന്നും , വെറും പബ്ലിസിറ്റിക്കു വേണ്ടിയാണ് ഇമ്മൻ ഇത്തരത്തിൽ ഉള്ള കാര്യങ്ങൾ പറയുന്നതെന്നും മോണിക്ക കൂട്ടിച്ചേർത്തു. ഒരു പ്രാദേശിക മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മോണിക്ക ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
തമിഴിലെ വിജയ ജോഡികളാണ് നടൻ ശിവകാർത്തികേയനും സംഗീത സംവിധായകൻ ഡി ഇമ്മാനും. ഇരുവരും ഒന്നിച്ചെത്തിയാൽ ആ സിനിമയിൽ മനോഹരമായ പാട്ടുകൾ ഉണ്ടാവുമെന്നത് ഉറപ്പാണെന്നാണ് ആരാധകർക്കിടയിലുള്ള സംസാരം. വ്യക്തി ജീവിതത്തിലും ഇവർ രണ്ടുപേരും വളരെ അടുത്ത ബന്ധം പുലർത്തുന്നവരായിരുന്നു. എന്നാൽ അടുത്ത കാലത്തായി രണ്ടുപേരും അത്ര നല്ല രീതിയിലുള്ള ബന്ധമല്ല പുലർത്തുന്നതെന്ന റിപ്പോർട്ടുകൾ നേരത്തെതന്നെ വന്നിരുന്നു. ഇക്കാര്യം സംഗീത സംവിധായകനായ ഇമ്മാൻ തുറന്നു സമ്മതിക്കുകയും ചെയ്തിരുന്നു.
നടൻ ശിവകാർത്തികേയനെ ‘എൻ തമ്പി’ എന്നാണ് ഇമ്മാൻ പൊതുഇടങ്ങളിൽ മുൻപ് വിശേഷിപ്പിച്ചിരുന്നത്. ശിവകാർത്തികേയൻ തന്നെ വഞ്ചിച്ചുവെന്നാണ് ഇമ്മാൻ പറഞ്ഞത്. ശിവകാർത്തികേയനുമായി ചില പ്രശ്നങ്ങളുണ്ടെന്ന് തുറന്നു സമ്മതിച്ച ഇമ്മാൻ, ശിവകാർത്തികേയന്റെ ചിത്രങ്ങൾക്കായി ഇനി സംഗീത സംവിധാനം നിർവഹിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇരുവർക്കുമിടയിലെ പ്രശ്നം എന്താണെന്ന് തുറന്നുപറയാൻ അദ്ദേഹം തയ്യാറായിട്ടില്ല. ശിവകാർത്തികേയൻ തന്നെ വഞ്ചിച്ചുവെന്നും അത് ജീവിതത്തിൽ പ്രതിസന്ധി സൃഷ്ടിച്ചുവെന്നും മാത്രമാണ് ഇമ്മാൻ വ്യക്തമാക്കിയത്. തന്റെ കുഞ്ഞുങ്ങളുടെ ഭാവി കാരണമാണ് ചില കാര്യങ്ങൾ താൻ മൂടിവെയ്ക്കുന്നതെന്നാണ് സംഗീത സംവിധായകൻ പറയുന്നത്. ചില കാര്യങ്ങൾ മൂടിവെയ്ക്കുക തന്നെയാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ശിവകാര്‍ത്തികേയന്‍ തങ്ങളുടെ കുടുംബ സുഹൃത്താണെന്നും, അദ്ദേഹവും ഇമ്മനും നല്ല സുഹൃത്തുക്കളായിരുന്നെന്നും തങ്ങളുടെ കുടുംബത്തോട് അദ്ദേഹത്തിന് കരുതലുണ്ടായിരുന്നെന്നും മോണിക്ക പറഞ്ഞിരുന്നു.അവരുടെ മക്കള്‍ക്കും ശിവകാർത്തികേയനെ വളരെ ഇഷ്ടമാണ്, അതുകൊണ്ടാണ് ഇമ്മനും താനും പിരിയരുത് എന്നാവശ്യപ്പെട്ട് അദ്ദേഹം തങ്ങളുടെ അടുക്കലേക്കു വന്നതെന്ന് അവർ പറഞ്ഞു. തങ്ങള്‍ പിരിയരുതെന്നും കുടുംബം തകരരുതെന്നുമാണ് അദ്ദേഹം ആഗ്രഹിച്ചത്, അദ്ദേഹം ഞങ്ങളെ ഒരുമിപ്പിക്കാന്‍ ശ്രമിച്ചിരുന്നു, ന്യായത്തിനൊപ്പമാണ് ശിവ നിന്നതെന്നും അവർ കൂട്ടിച്ചേർത്തു. 2021 ലാണ് ഇമ്മനും മോണിക്കയും വിവാഹമോചിതരാകുന്നത്. ബ്ലെസിക്ക കാത്തി, വെറോനിക്ക ദൊറോത്തി എന്നിങ്ങനെ രണ്ട് മക്കളാണ് ഇരുവർക്കുമുള്ളത്. ഇരുവരും മോണിക്കയ്ക്കൊപ്പമാണ് താമസം. വിവാഹമോചിതനായി തൊട്ടടുത്ത വർഷം ഇമ്മൻ വീണ്ടും വിവാഹിതനായിരുന്നു.