തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരുന്ന രവി തേജയുടെ പാൻ ഇന്ത്യൻ ചിത്രമാണ് ടൈഗർ നാഗേശ്വര റാവു . ഇപ്പോഴിതാ ചിത്രത്തിന്റെ കാരക്ടർ പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ്. നടൻ ഹരീഷ് പേരടി തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിൽ ഹരീഷ് പേരടിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നാണ് പോസ്റ്ററിൽ പറയുന്നത്. ചിത്രത്തിൽ യെലമണ്ട എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്.
പോസ്റ്റർ പങ്കുവെച്ചുകൊണ്ട് നടൻ പറഞ്ഞത് ഇങ്ങനെയാണ്, “ടൈഗറിനോടൊപ്പം ഹരീഷ് പേരടിയും മാസ് മഹാരാജ രവി തേജയുടെ പുതിയ ചിത്രം ടൈഗർ നാഗേശ്വര റാവുവിന്റെ പുതിയ കാരക്റ്റർ പോസ്റ്റർ പുറത്തിറങ്ങി. മലയാളി നടനായ ഹരീഷ് പേരടി അവതരിപ്പിക്കുന്ന യെലമണ്ടയുടെ പോസ്റ്ററുകളാണ് പുറത്തിറങ്ങിയത്. ബാക്കി ഇന്നിറങ്ങുന്ന ട്രെയിലറിൽ അനുഗ്രഹിക്കുക” എന്നാണ് പറഞ്ഞത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കുകയും ചെയ്തു.
അതേസമയം ചിത്രത്തിന്റെ ടീസറിന് വലിയ സ്വീകാര്യത ആയിരുന്നു ലഭിച്ചിരുന്നത്. യുട്യൂബിൽ പുറത്തിറങ്ങി വളരെ പെട്ടന്നാണ് ടീസർ മില്യൺ കാഴ്ചക്കാരെ നേടിയത്. ടൈഗർ ഇൻവേഷൻ എന്ന പേരിലാണ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയത്. എഴുപതുകളിലാണ് കഥയുടെ പശ്ചാത്തലം ഒരുക്കിയിരിക്കുന്നത്. അക്കാലത്തു ജീവിച്ചിരുന്ന ഒരു ഭീകരനായ ഒരു കള്ളന്റെ ജീവിതകഥയിലൂടെയാണ് ടൈഗർ നാഗേശ്വര റാവുവിന്റെ കഥ സഞ്ചരിക്കുന്നത്. സ്റ്റുവർട്ട്പുരം എന്ന ഗ്രാമത്തിലാണ് കഥ നടക്കുന്നതെന്നാണ് ടീസർ സൂചിപ്പിക്കുന്നത്.
ഹൈദരാബാദ്, മുംബൈ, ഡൽഹി, തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ മോഷണം നടത്തിയ സ്റ്റുവർട്ട്പുരത്തെ മോഷ്ടാവായ ടൈഗർ നാഗേശ്വര റാവു ജയിൽചാടിയതിനെകുറിച്ചാണ് ടീസറിൽ തുടക്കത്തിൽ പറയുന്നത്. മദ്രാസ് സെൻട്രൽ ജയിലിൽനിന്ന് ചാടിപ്പോയ വാർത്തയാണ് പശ്ചാത്തലത്തിൽ കാണിക്കുന്നത്. അത്തരത്തിലൊരു സംഭവം ആദ്യമായി നേരിടുന്നതിനാൽ പോലീസുകാർ വളരെ പരിഭ്രാന്തരായി നിൽക്കുന്നതായി കാണാം .
തുടർന്ന് ടൈഗർ എന്ന കള്ളന്റെ കഴിവുകളെപ്പറ്റി മുരളി ശർമ അവതരിപ്പിക്കുന്ന കഥാപാത്രം ടീസറിൽ വിശദീകരിക്കുന്നുണ്ട്. ഒരു മാസ് ഹീറോയ്ക്ക് ആവിശ്യമായ എല്ലാ ഗുണഗണങ്ങളും ഒത്തിണങ്ങിയ ടൈഗറിനെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നാണ് സിനിമയുടെ അണിയറപ്രവർത്തകരുടെ പ്രതീക്ഷ. രവി തേജ എന്ന നടന്റെ ഇതുവരെ കാണാത്ത ഒരു രൂപവും ഭാവവുമാണ് ടൈഗർ നാഗേശ്വര റാവുവിൽ കാണാനാവുക എന്നാണ് സിനിമയുടെ അണിയറയുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
വംശിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ആർ. മദിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സംഗീത സംവിധാനം നിർവ്വഹിക്കുന്നത് ജി.വി. പ്രകാശ് കുമാർ ആണ് . അവിനാഷ് കൊല്ലയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. ശ്രീകാന്ത് വിസ്സയാണ് ചിത്രത്തിൻറെ സംഭാഷണം രചിച്ചിരിക്കുന്നത് . മായങ്ക് സിൻഘാനിയയാണ് കോ-പ്രൊഡ്യൂസർ ആയി എത്തുന്നത്. ലോകത്തെങ്ങുമുള്ള തീയേറ്ററുകളിൽ ഒക്ടോബർ 20 നാണ് ചിത്രമെത്തുക. അഭിഷേക് അഗർവാൾ ആർട്‌സിന്റെ ബാനറിൽ അഭിഷേക് അഗർവാളാണ് ചിത്രം നിർമിക്കുന്നത്.