രാജ് ബി ഷെട്ടി നായകനെയെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘ടോബി’. ചിത്രത്തിൽ ചൈത്ര ജെ ആചാർ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു നടി എന്ന നിലയിൽ ആ കഥാപാത്രം തനിക്ക് വളരെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നെന്ന് പറയുകയാണ് താരം. മൂവി വേൾഡ് മീഡിയയ്ക്കു നൽകിയ അഭിമുഖത്തിലാണ് താരം ഇതേക്കുറിച്ചു സംസാരിച്ചത്.
ചെെത്രയുടെ വാക്കുകൾ…
”ഒരു അച്ഛനെയും മകളെയും കുറിച്ചുള്ള സിനിമയാണിത്. അച്ഛൻ മകളോട് കാണിക്കുന്ന സ്നേഹവും, പിന്നീടതൊരു പ്രതികാരത്തിലേക്ക് വഴിയൊരുക്കുകയും ചെയ്യുന്ന കഥ ആവുകയാണ്. അതാണ് എനിക്ക് സിനിമയിൽ വളരെ ഇഷ്ടപ്പെട്ടത്. പ്രത്യേകിച്ച് എന്റെ കഥാപാത്രത്തെ എനിക്ക് വളരെ ഇഷ്ടമായി. ജെന്നി എന്നാണെന്റെ കഥാപാത്രത്തിന്റെ പേര്.
ടോബി എന്ന കഥാപാത്രം എന്റെ അച്ഛനാണെങ്കിലും ഞങ്ങൾ തമ്മിൽ അങ്ങനെ വിളിക്കുന്നൊന്നുമില്ല. അതായത് നീയെന്റെ മകളാണെന്നോ, ഞാൻ അങ്ങോട്ട് അപ്പാ എന്നോ അഭിസംബോധന ചെയ്യുന്നില്ല. അത്രയും പരിമിതികളിലും നിയന്ത്രണങ്ങളിലും സാഹചര്യത്തിലും നിന്നുകൊണ്ടുതന്നെ ഈ കഥ സഞ്ചരിക്കുന്നു. അതിൽ സ്നേഹം പ്രകടമാകുന്നത് വളരെ വികാരപരമായാണ്.
ഒരു നടി എന്ന നിലയിൽ അത്തരത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുക എന്നത് എനിക്കൊരു കടുപ്പമുള്ള ചുമതല ആയിരുന്നു. പക്ഷെ അവസാനം അതിന്റെ ഫലം കണ്ടപ്പോൾ ഞാൻ വളരെ സന്തോഷവതിയാണ്. ഇ സിനിമ പ്രേക്ഷകർക്ക് വളരെ ഇഷ്ടമാവുമെന്നാണ് എന്റെ പ്രതീക്ഷ. കാരണം കന്നഡ പ്രേക്ഷകർ വളരെയധികം സന്തോഷത്തോടെ സ്വീകരിക്കുകയുണ്ടായി. മലയാളി പ്രേക്ഷകരും ഇത് ഇഷ്ടപ്പെടും കാരണം. വികാരങ്ങൾ എന്നുപറയുന്നത് എല്ലാവർക്കും ഒരുപോലെ ആണല്ലോ.
എന്റെ ആദ്യത്തെ സിനിമ മഹിര ആണ് അവിടെ വെച്ചാണ് രാജ് ബി ഷെട്ടിയെ കാണുന്നത്, പക്ഷെ ഒരുമിച്ചുള്ള രംഗങ്ങളൊന്നും ഇല്ലായിരുന്നു, പിന്നീട് ഗരുഡ കാമന വൃഷഭ വാഹനയിൽ ഞാൻ അദ്ദേഹത്തിനായി പാട്ടു പാടിയിട്ടുണ്ട്. ഈ സിനിമയിലാണ് അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ സാധിച്ചത്. കൂടാതെ സംവിധായകൻ ബാസിലിനെ ഞാൻ രാജ് ബി ഷെട്ടിയുടെ കൂടെ എപ്പോഴും കാണാറുണ്ട്, പക്ഷെ ആദ്യമായാണ് അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കാൻ സാധിക്കുന്നത്.”
ബാസിൽ എ എൽ ചാലക്കൽ ആണ് ‘ടോബി’ എന്ന രാജ് ബി ഷെട്ടിയുടെ ചിത്രം സംവിധാനം ചെയ്തത്. കൂടാതെ രാജ് ബി ഷെട്ടി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ഒരു സിനിമ അണിയറയിൽ ഒരുങ്ങുന്നുണ്ട്. രുധിരം എന്നാണ് ആ സിനിമയുടെ പേര്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നുകൊണ്ടിക്കുകയാണെന്നാണ് അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞത് . ഓരോ സിനിമയുടെ മേക്കിങ്ങിലും, പെർഫോമൻസിലും അത്രയേറെ പുതുമകൾ വരുത്തിക്കൊണ്ട് സിനിമ മേഖലയിലേക്ക് തന്റേതായ ഒരിടം സ്ഥാപിച്ചു വരികയാണ് രാജ് ബി ഷെട്ടി.