‘ടോബി’ ഞങ്ങളുടെ ഒരു പരീക്ഷണമായിരുന്നു : രാജ് ബി ഷെട്ടി

0
217

ടോബി’ എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെയാണ് രാജ് ബി ഷെട്ടി അവതരിപ്പിച്ചത്. എന്നാൽ സംസാരമില്ലാത്ത ഒരു കഥാപാത്രമായാണ് ചിത്രത്തിൽ രാജ് ബി ഷെട്ടി ടോബി എന്ന കഥാപാത്രമായെത്തുന്നത്. സംസാരമില്ലാതെയും പ്രേക്ഷകരുടെ മനസിനെ തൊട്ടറിയുന്ന കഥാപാത്രമായി ടോബി മാറുന്നുണ്ട്. അതേക്കുറിച്ചു സംസാരിക്കുകയാണ് നടൻ രാജ് ബി ഷെട്ടി. ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തുമ്പോൾ പ്രമോഷന്റെ ഭാഗമായി മൂവി വേൾഡ് മീഡിയയ്ക്കയു നൽകിയ അഭിമുഖത്തിലാണ് താരം ഇതേക്കുറിച്ചു സംസാരിച്ചത്.

കേന്ദ്ര കഥാപാത്രം സംസാരിക്കാതെയും പ്രേക്ഷക മനസിനെ തൊട്ടറിയാൻ ശ്രമിക്കുന്ന ഒരു സിനിമയായാണ് ടോബി ഒരുക്കിയതെന്നാണ് രാജ് ബി ഷെട്ടി പറയുന്നത്. അത് ഒരു പരിധി വരെ വിജയിച്ചിട്ടുണ്ടെന്നും അതായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ വികാരങ്ങൾ കൈമാറാൻ വാക്കുകൾ ഒരു തടസ്സമല്ലെന്നും, അതിന് മറ്റു പല വഴികളുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ് ബി ഷെട്ടിയുടെ വാക്കുകൾ…

”ഒരു വ്യക്തിക്ക് സംസാരിക്കാൻ കഴിയില്ലെങ്കിലും അയാൾക്ക് അപ്പോളും വികാരങ്ങളുണ്ട് . ആ വ്യക്തി അപ്പോളും ആശയവിനിമയം നടത്തും. അയാൾക്കു ചുറ്റുമുള്ളവർക്ക് അയാളുടെ വികാരം മനസിലാവും. കൂടാതെ വാക്കുകൾ എന്ന് പറയുന്നത് നമ്മുടെ വികാരം വെളിപ്പെടുത്താനുള്ള ഒരു വഴി മാത്രമാണ്. അല്ലാതെ നമുക്ക് ശബ്ദമുണ്ട്, ശരീരമുണ്ട്, മുഖമുണ്ട്, സാഹചര്യങ്ങളുണ്ട്. അതാണ് ഈ സിനിമയിലൂടെയുള്ള പരീക്ഷണം. കേന്ദ്ര കഥാപാത്രം സംസാരിക്കാതെ തന്നെ ഈ സിനിമ ആളുകളുമായി ആശയവിനിമയം നടത്തണം, അതായിരുന്നു ഞങ്ങളുടെ ലക്ഷ്യം.

സ്നേഹം പ്രകടിപ്പിക്കാൻ ഒരുപാട് വാക്കുകൾ ഉപയോഗിക്കുന്നത് എനിക്കിഷ്ടമല്ല, സ്നേഹം മാത്രമല്ല എന്തും.. എനിക്കെപ്പോഴും തോന്നാറുണ്ട് സിനിമയിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ബാക്കിയുണ്ടെന്ന്. അങ്ങനൊരു പരീക്ഷണമായിരുന്നു ടോബി. അതായത് കേന്ദ്ര കഥാപാത്രം സംസാരിക്കാതെയും അയാളുടെ ബന്ധങ്ങളും വികാരങ്ങളും പ്രേക്ഷകരെ സ്പർശിക്കണം. അതായിരുന്നു ഞങ്ങളുടെ പരീക്ഷണം, അത് ഒരു പരിധി വരെ വിജയകരമായി എന്നാണ് എനിക്ക് തോന്നുന്നത്.”

ഓരോ സിനിമയുടെ മേക്കിങ്ങിലും, പെർഫോമൻസിലും അത്രയേറെ പുതുമകൾ വരുത്തിക്കൊണ്ട് സിനിമ മേഖലയിലേക്ക് തന്റേതായ ഒരിടം സ്ഥാപിച്ചു വരികയാണ് രാജ് ബി ഷെട്ടി. രാജ് ബി ഷെട്ടി ‘ടോബി’യെന്ന കേന്ദ്രകഥാപാത്രമായും, ചൈത്ര ആചാർ, സംയുക്ത ഹെർണാഡ്‌ മറ്റു പ്രധാന വേഷങ്ങളിലും എത്തിയ ചിത്രത്തിന്റെ റിലീസ് ഓഗസ്റ്റ് 25 നായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here