തമിഴ് സിനിമാലോകത്തെ പ്രശസ്ത സംവിധായകനായ വെട്രിമാരൻ തിരക്കഥയൊരുക്കുന്ന പുതിയ തമിഴ് ചിത്രമാണ് കരുടൻ. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ മലയാളത്തിന്റെ സ്വന്തം നടൻ ഉണ്ണിമുകുന്ദനും എത്തുന്നുണ്ട്. നടൻ സൂരിയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തിലെത്തുന്നത്. ദുരൈ സെന്തിൽ കുമാറാണ് കരുടന്റെ സംവിധാനം നിർവഹിക്കുക. കാക്കി സട്ടൈ, എതിർ നീച്ചൽ, കൊടി എന്നീ വിജയ ചിത്രങ്ങളുടെ സംവിധായകനാണ് ദുരൈ സെന്തിൽ. ‘കരുടൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ശശികുമാറും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ലാർക്ക് സ്റ്റുഡിയോസും ഗ്രാസ് റൂട്ട് സിനിമ കമ്പനിയും ഒത്തുചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്. കുംഭകോണത്താണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചിട്ടുള്ളത്. ആർതർ വിൽസണാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. യുവ ശങ്കർ രാജയാണ് സംഗീതം ഒരുക്കുക. സമുദ്രക്കനി, ശിവദ, രേവതി ശർമ, രാജേന്ദ്രൻ എന്നീ പ്രശസ്ത താരങ്ങളും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
വെട്രിമാരൻ സംവിധാനം ചെയ്ത വിടുതലൈ എന്ന ചിത്രത്തിൽ സൂരി ആയിരുന്നു നായകൻ. ചിത്രത്തിന് രണ്ടാം ഭാഗമൊരുങ്ങുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. മാളികപ്പുറം എന്ന മലയാള സിനിമയാണ് ഉണ്ണി മുകുന്ദന്റേതായി ഒടുവിൽ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ചിത്രം. ഇതാദ്യമായല്ല ഉണ്ണി മുകുന്ദൻ തമിഴ് സിനിമകളുടെ ഭാഗമാകുന്നത് . ഇതിനു മുൻപും ഉണ്ണി മുകുന്ദൻ തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.
സിനിമാ ജീവിതത്തില്‍ ഉണ്ണി മുകുന്ദന്‍ എന്ന നടൻ നടത്തിയ പരിശ്രമങ്ങളെ പ്രശംസിച്ചുകൊണ്ട് സംവിധായകൻ സിബി മലയില്‍ മുൻപ് രംഗത്ത് എത്തിയിരുന്നു . ലോഹിതദാസിന്‍റെ സിനിമയിലൂടെ അരങ്ങേറ്റം കുറിക്കേണ്ടിയിരുന്ന ഉണ്ണി മുകുന്ദന്‍ ലോഹിയുടെ വിടവാങ്ങലിലും തളരാതെ മുൻപോട്ട് പോവുകയായിരുന്നെന്ന് സിബി മലയിൽ പറഞ്ഞിരുന്നു. മലയാള സിനിമയിൽ ഗോഡ്‍ഫാദര്‍മാരുടെ പിന്‍ബലമില്ലാതെയാണ് ഉണ്ണി വളര്‍ന്നതെന്നും അദ്ദേഹം അന്ന് പറഞ്ഞു.
ചിത്രീകരണത്തിന്റെ അവസാന ദിവസങ്ങളിൽ തമിഴ് സൂപ്പര്‍താരങ്ങള്‍ സെറ്റിലുളളവര്‍ക്ക് സ്വര്‍ണ നാണയം സമ്മാനമായി കൊടുക്കുന്നത് പതിവാണ്. അതുപോലെതന്നെ വെട്രിമാരന്‍ സംവിധാനം ചെയ്ത പുതിയ ചിത്രം ‘വിടുതലൈ’യ്ക്ക് തിയേറ്ററുകളില്‍ നിന്ന് വന്‍ സ്വീകാര്യത ലഭിച്ചതോടെ, സംവിധായകന്‍ വെട്രിമാരന്‍ വിടുതലൈയുടെ മുഴുവന്‍ അണിയറപ്രവര്‍ത്തകര്‍ക്കും സ്വര്‍ണനാണയം സമ്മാനിച്ചിരുന്നു . സിനിമ എട്ട് കോടിയിലധികം രൂപയാണ് അന്ന് നേടിയിരുന്നത്. സിനിമയ്ക്ക് ലഭിച്ച സ്വീകാര്യതയുടെ സന്തോഷത്തിന്റെ ഭാഗമായി സ്വർണനാണയങ്ങൾ നൽകുന്ന വീഡിയോകൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.