രജനികാന്ത് നായകനായെത്തിയ ‘ജയിലർ’ വമ്പൻ വിജയമാണ് സ്വന്തമാക്കിയത്. ചിത്രത്തിലെ വില്ലൻ കഥാപാത്രമായ വർമ്മനെ അവതരിപ്പിച്ച നടൻ വിനായകന് നിരവധി പ്രേക്ഷകപ്രശംസകളാണ് ലഭിച്ചത്. സിനിമയിലുടനീളം നായകന്മാരെ ശക്തമായി എതിർത്തുനിൽക്കുന്ന വില്ലൻ കഥാപാത്രത്തെ അത്രക്ക് നന്നായാണ് വിനായകൻ അവതരിപ്പിച്ചത്. ഇപ്പോൾ ജയിലർ സിനിമയെക്കുറിച്ചും, വർമ്മൻ എന്ന തന്റെ കഥാപാത്രത്തെക്കുറിച്ചും പ്രതികരിച്ചിരിക്കുകയാണ് വിനായകൻ. സൺ പിക്ടേഴ്സിന്റെ അക്കൗണ്ടിലൂടെയാണ് വിനായകന്റെ പ്രതികരണ വീഡിയോ പുറത്തുവിട്ടത്. ‘മനസ്സിലായോ, നാൻ താൻ വർമൻ’ എന്ന ‘ജയിലറി’ലെ ഹിറ്റ് ഡയലോഗ് പറഞ്ഞുകൊണ്ടാണ് വിനായകൻ സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കാൻ തുടങ്ങിയത്.
വിനായകന്റെ വാക്കുകൾ…
”ജയിലർ സിനിമയിലേക്ക് വിളിക്കുന്ന സമയത്ത് ഞാൻ വീട്ടിൽ ഇല്ല, ഒരു കാട്ടിലായിരുന്നു ഉണ്ടായിരുന്നത്. അവിടെയാണെങ്കിൽ റേഞ്ചുമില്ല, പത്ത് പതിനഞ്ച് ദിവസം ഞാൻ അവിടെത്തന്നെയായിരുന്നു. അതുകൊണ്ടതതന്നെ ഫോൺ ഓഫായിരുന്നു. തിരിച്ച് വന്ന് നോക്കിയപ്പോൾ ഒരുപാട് മിസ് കോളുകൾ ഉണ്ടായിരുന്നെന്ന് മാനേജർ വിളിച്ച് പറഞ്ഞു. അതിലേക്ക് തിരിച്ചു വിളിച്ചപ്പോഴാണ് രജനി സാറിന്റെ കൂടെ ഒരു പടം ചെയ്യുന്നതിനെ പറ്റി പ്രൊഡക്‌ഷനിൽ നിന്നും പറയുന്നത്. നെൽസൺ ആണ് സംവിധാനം എന്നുംകൂടെ പറഞ്ഞു. പിന്നീട് കൂടുതലൊന്നും എനിക്ക് ആലോചിക്കേണ്ടി വന്നില്ല. രജനി സാറിന്റെ പടം അല്ലേ. നെൽസണെയും എനിക്ക് നന്നായി അറിയാം. ഞാനാണ് പ്രധാന വില്ലൻ എന്ന് നെൽസൺ പറഞ്ഞു തന്നു. അതായിരുന്നു സിനിമയിലേക്കുള്ള ആദ്യത്തെ ചുവടു വയ്പ്പ്.
രജനി സാറിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ അനുഭവം കുറച്ചു വാക്കുകളിൽ പറയാൻ കഴിയില്ല. ഒന്ന് നേരിട്ട് കാണാൻ പോലും സാധിക്കാതിരുന്ന അദ്ദേഹത്തോടൊപ്പം അഭിനയിക്കുക ആന്നുപറയുന്നത് വലിയ കാര്യമാണ്. അദ്ദേഹം ചേർത്തണച്ചപ്പോൾ തന്ന എനർജി ഒരിക്കലും മറക്കാൻ പറ്റില്ല. വർമൻ എന്ന കഥാപാത്രം ഇത്രയും ലെവലിൽ എത്താൻ കാരണം രജനികാന്ത് ആണ്.
എന്റെ വേഷത്തെ കുറിച്ച് മാത്രമാണ് നെൽസൺ സർ പറഞ്ഞിരുന്നത്. സ്ക്രിപ്റ്റ് ഞാൻ കേട്ടില്ല. കാരണം, പല സിനിമകളിലും ഞാൻ സ്ക്രിപ്റ്റ് കേൾക്കാറില്ല. പലകാരണങ്ങളാലും സ്ക്രിപ്റ്റ് മാറാൻ സാധ്യതയുണ്ട്. വീട്ടിൽ നിന്നും പുറത്തു പോവാൻ കഴിയാത്ത രീതിയിൽ വർമൻ ഹിറ്റായി. സ്വപ്നത്തിൽ പോലും യോസിക്കലേ സാർ.. ചിത്രത്തിലെ രംഗങ്ങളെകുറിച്ച് പറയുകയാണെങ്കിൽ, എല്ലാ രംഗങ്ങളും എനിക്ക് പ്രധാനപ്പെട്ടവയാണ്. ഉറങ്ങുന്ന രംഗം മുതൽ പല്ല് കടിക്കുന്ന രംഗങ്ങൾവരെ എല്ലാം എനിക്കിഷ്ടമാണ്. വളരെ സന്തോഷത്തോടെയാണ് ഒരോന്നും ചെയ്തിരുന്നത്. നെൽസണോട് ഒരുപാട് നന്ദിയുണ്ട്. രജനി സാറിനെ ഒരിക്കലും മറക്കില്ല. കലാനിധി മാരൻ സാറിനും ഒരുപാട് നന്ദി.’’– വിനായകൻ പറഞ്ഞു.
ജയിലറിന്റെ ഗംഭീര വിജയത്തെ തുടർന്ന് രജനികാന്തിന് പ്രതിഫലത്തിന് പുറമെ സൺ പിക്ചേഴ്സ് ലാഭവിഹിതം കൈമാറിയതും ബിഎംഡബ്യൂ എക്സ് 7 കാർ സമ്മാനിച്ചതും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. അതിനു പിന്നാലെ സംവിധായകൻ നെൽസൺ ദിലീപ്‍കുമാറിനും സമ്മാനം നൽകിയിരുന്നു സൺ പിക്ചേഴ്സ്. പിന്നീട് അനിരുദ്ധിന് പോർഷെ കാറും സമ്മാനമായി നൽകിയിരുന്നു. അതേസമയം ജയിലറിന്റെ വിജയത്തിന് പ്രധാനഘടകമായ നടൻ വിനായകന് ഇത്തരത്തിലുള്ള സമ്മാനം നൽകണമെന്ന് ആരാധകർ ആവശ്യപ്പെട്ടിരുന്നു. സൺ പിക്ചേഴ്സിന്റെ പേജുകളിലാണ് ഇത്തരം ആവശ്യങ്ങൾ പറഞ്ഞുകൊണ്ട് കമന്റുകൾ നിറയുന്നത്.