സിനിമ പ്രേമികൾക്ക് വളരെയേറെ പ്രിയപ്പെട്ട നടന്മാരാണ് സണ്ണി ഡിയോളും ഷാരൂഖ് ഖാനും. ഇരുവരും പിണക്കത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ കുറെ കാലങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടായിരുന്നു. എന്നാൽ ഇനി മുതൽ ഇരുവരും തമ്മിലുള്ള പതിനാറ് വർഷത്തെ പിണക്കം പഴങ്കഥയാവുകയാണ്. സണ്ണി ഡിയോളിന്റെ ഗദർ 2വിനെ പുകഴ്ത്തിയതിന് പിന്നാലെയാണ് ഇപ്പോൾ ഷാരൂഖ് ഖാന്‍ ഗദര്‍ 2 വിജയാഘോഷത്തിനും എത്തിയിരിക്കുന്നത്.
ചിത്രത്തിന്റെ വിജയാഘോഷ പാർട്ടിയിൽ എത്തിയ ഷാരൂഖിനെ സണ്ണി ഡിയോൾ ആലിംഗനം ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. പതിനാറ് വർഷത്തിലേറെയായുള്ള ഇരുവരുടെയും നീണ്ട പിണക്കത്തിന് ഇതോടെ വിരാമമായി എന്നാണ് ബോളിവുഡിലെ ഇപ്പോഴത്തെ സംസാരം. അടുത്ത കാലത്തായി ബോളിവുഡ് ചരിത്രത്തില്‍ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ സൃഷ്ടിച്ച് ഗദർ 2 വിന്‍റെ വിജയാഘോഷ പാര്‍ട്ടി ശനിയാഴ്ച മുംബൈയിൽ വെച്ചാണ് സിനിമയുടെ അണിയറക്കാര്‍ സംഘടിപ്പിച്ചിരുന്നത്.
ആമിർ ഖാൻ, കാർത്തിക് ആര്യൻ, സൽമാൻ ഖാൻ തുടങ്ങിയ ഒട്ടനവധി ബോളിവുഡ് താരങ്ങളും ചിത്രത്തിന്റെ വിജയാഘോഷ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ചടങ്ങിനെത്തിയ ഓരോരുത്തരെയും സ്വീകരിക്കാനും അവര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാനും ഇരുവരും ഒരുമിച്ചാണ് ഉണ്ടായിരുന്നത്. ഇരുവരും ഒരുമിച്ചുള്ള മനോഹരമായ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. 1993-ൽ യാഷ് ചോപ്രയുടെ ദർ എന്ന സിനിമയിൽ ആയിരുന്നു ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നത്.
ചിത്രത്തിൽ ഷാരൂഖ് വില്ലനായി ആയിരുന്നു എത്തിയത്. കഴിഞ്ഞ പതിനാറ് കൊല്ലമായി താൻ ഷാരൂഖിനോട് സംസാരിച്ചിട്ടില്ലെന്ന് ഒരു പ്രമുഖ ചാനലുമായി നടത്തിയ അഭിമുഖത്തിൽ വെച്ച് സണ്ണി ഡിയോള്‍ അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. എന്നാൽ ഇതിന് പിന്നാലെ സണ്ണിയുടെ വന്‍ ഹിറ്റായി ഓടികൊണ്ടിരിക്കുന്ന ഗദര്‍ 2വിനെ പ്രശംസിച്ചുകൊണ്ട് ഷാരൂഖ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കു വയ്ക്കുകയും ചെയ്തിരുന്നു.
ഈ പോസ്റ്റിന് പിന്നാലെ കാലം മായിക്കാത്ത പിണക്കങ്ങള്‍ ഒന്നുമില്ലെന്ന് പറഞ്ഞ് സണ്ണി സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ച് എത്തിയിരുന്നു. അനില്‍ ശര്‍മ സംവിധാനവും നിർമ്മാണവും നിർവഹിച്ച ചിത്രമാണ് ‘ഗദാര്‍ 2’. ‘പഠാനെ’യും ‘ബാഹുബലി 2’നെയും മറികടന്ന് ‘ഗദര്‍ 2’ റെക്കോർഡ് നേടിയിരിക്കുകയാണ് ചിത്രം. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 493.37 കോടിയാണ് ചിത്രം സ്വന്തമാക്കിയത്.