ബാസിൽ എ എൽ ചാലക്കൽ ആണ് ‘ടോബി’ എന്ന രാജ് ബി ഷെട്ടിയുടെ ചിത്രം സംവിധാനം ചെയ്തത്. നവാഗത സംവിധായകൻ എന്ന രീതിയിൽ ബാസിലിന്റെ കൂടെ പ്രവർത്തിച്ചതിനേകുറിച്ച് പറയുകയാണ് രാജ് ബി ഷെട്ടി. തന്റെ ടീമിന്റെ കൂടെ ഒന്നാം ദിനം മുതൽ കൂടെയുണ്ടായിരുന്ന ആളാണ് ബേസിലെന്നും, പുറത്തുനിന്നുള്ള ഒരാളല്ല അദ്ദേഹമെന്നും രാജ് ബി ഷെട്ടി പറഞ്ഞു. ടോബി എന്ന ചിത്രത്തിന്റെ കേരളത്തിലെ പ്രമോഷന്റെ ഭാഗമായി മൂവി വേൾഡ് മീഡിയയ്ക്കു നൽകിയ അഭിമുഖത്തിലാണ് താരം സംവിധായകനെക്കുറിച്ച് സംസാരിച്ചത്.
രാജ് ബി ഷെട്ടിയുടെ വാക്കുകൾ…
”ബാസിൽ എന്നുപറയുന്നത്, എന്റെ കൂടെ എപ്പോഴുമുണ്ടായിരുന്ന ആളാണ്, തുടക്കം മുതൽ തന്നെ ഞങ്ങളുടെ ടീമിനൊപ്പമായിരുന്നു.. എന്റെ ഒരു കൊളാബറേറ്റർ എന്ന് പറയാം. രാജ് ബി ഷെട്ടിയിൽ നിന്നും അകന്ന് നിൽക്കുന്ന ആളല്ല ബാസിൽ. രാജ് ബി ഷെട്ടിയുടെ സിനിമകൾ നല്ലതാണെന്ന് നിങ്ങൾ പറയുമ്പോൾ അദ്ദേഹവും അതിന്റെ ഒരു ഭാഗമാണ്. എന്റെ സിനിമകളിൽ നിങ്ങൾ കാണുന്ന ആ ടീമിൽ ഉള്ളത് ഒരേ ആളുകളാണ്, എപ്പോഴും. അവരിൽ എന്തൊക്കെ നല്ല കാര്യങ്ങളുണ്ടെന്ന് എനിക്കറിയാം, അതുപോലെതന്നെ അവരുടെ കുറവുകളും അറിയാം. അതുകൊണ്ട് എനിക്കവരെ പല കാര്യങ്ങളിലും സഹായിക്കാനും തിരുത്താനും കഴിയും. ഈ സിനിമയുടെ കാര്യം തന്നെ പറയുകയാണെങ്കിൽ ബാസിലിനെ എവിടെ തിരുത്തണം എന്നെനിക്കറിയാം, അതുപോലെതന്നെ അയാളുടെ കഴിവുകൾ ഉപയോഗിക്കാനും.
അതെനിക്കറിയാവുന്നതുകൊണ്ട്, തുടക്കം മുതൽ എന്റെ കൂടെ ഉള്ളവർ എപ്പോളും എന്റെ കൂടെ വേണമെന്നെനിക്കില്ല. അവരുടെ താല്പര്യങ്ങൾക്കനുസരിച്ച് അവർക്കെന്നിൽ നിന്നും വിട്ടു സ്വതന്ത്രമായി വർക്കുകൾ ചെയ്യാം, ബാസിലിന്റെ കാര്യമാണെങ്കിലും, ഭാവിയിൽ അവൻ മലയാളത്തിൽ സിനിമകൾ ചെയ്യുമ്പോൾ അവനെനെന്നെ വിട്ട് സ്വതന്ത്രമായി വർക്ക് ചെയ്യാം , കാരണം അവൻ എന്റെ കൂടെ തുടക്കം മുതൽ ഉണ്ടായിരുന്നവർ ആണ്. കൂടാതെ ബേസിൽ ഭയങ്കര മടിയനുംകൂടിയാണ്. അതാണ് അവന്റെ ഒരു നെഗറ്റീവുള്ളത്, പക്ഷെ ആൾ വളരെ ശാന്തനുമാണ്. എപ്പോളും ഏതൊരു സാഹചര്യത്തിലും ആള് നല്ല ശാന്തനാണ്, അതൊരു നല്ല കാര്യമാണ്.”
വ്യത്യസ്തമായ സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ അത്രമേൽ ശ്രദ്ധ പുലർത്തുന്ന രാജ് ബി ഷെട്ടിയുടെ പുതിയ ചിത്രമാണ് ‘ടോബി’.ഓരോ സിനിമയുടെ മേക്കിങ്ങിലും, പെർഫോമൻസിലും അത്രയേറെ പുതുമകൾ വരുത്തിക്കൊണ്ട് സിനിമ മേഖലയിലേക്ക് തന്റേതായ ഒരിടം സ്ഥാപിച്ചു വരികയാണ് രാജ് ബി ഷെട്ടി. ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.