‘പരാതികളൊന്നുമില്ല, പക്ഷെ അടുത്ത തവണ പരിഹരിക്കപ്പെടേണ്ട വിഷയമാണിത്’ : മൂവി വേൾഡ് മീഡിയയോട് പ്രതികരിച്ച് രമേഷ് പിഷാരടി

0
127

താരസംഘടന അമ്മയുടെ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തതിനുപിന്നാലെ നിരവധി വിമർശനങ്ങളും വിവാദങ്ങളും ഉയർന്നിരുന്നു. പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മൂന്ന് വനിതാ അംഗങ്ങളെ തിരഞ്ഞെടുത്ത രീതി ജനാധിപത്യ വിരുദ്ധമാണെന്ന് പറഞ്ഞ് നടൻ രമേഷ് പിഷാരടി രം​ഗത്തെത്തിയിരുന്നു. ഇതേ കാര്യം ഉന്നയിച്ചുകൊണ്ട് ‘അമ്മ സംഘടനക്ക് താരം കത്തുമയച്ചു. ഇപ്പോൾ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ് രമേഷ് പിശാരടി. ചെയ്ത കാര്യത്തിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും, എന്നാൽ കൃത്യമായ വോട്ടുനിലയടക്കം പറഞ്ഞ് കാര്യങ്ങൾ വിശദമാക്കിയിരുന്നെങ്കിൽ താൻ പരാജയപ്പെട്ടു എന്ന തരത്തിൽ വാർത്തകൾ വരില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമൊക്കെ തുറന്നുപറഞ്ഞിട്ടുള്ള ആളായതുകൊണ്ടുതന്നെ അത്തരമൊരു വാർത്ത കിട്ടിയാൽ ഉപയോ​ഗിക്കുന്നതിന് ഒരു മൂല്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യങ്ങൾ വിശദമാക്കിയത്.

രമേഷ് പിശാരടിയുടെ വാക്കുകൾ…

”വലിയ വിവാദ പ്രശ്നങ്ങളൊന്നുമില്ല ഇതിനകത്ത്. അമ്മയെന്ന സംഘടനയ്ക്ക് കിട്ടുന്ന വാർത്താ പ്രാധാന്യം കൊണ്ടാണ് സമൂഹത്തിൽ ഇതിന് ഒരു പ്രസക്തി കിട്ടുന്നത്. അഞ്ഞൂറിലധികം ആളുകൾ, മുന്നൂറോ അതിലധികമോ ആക്ടീവ് മെമ്പേർസ് ഉള്ളൊരു സംഘടന. താരസംഘടന എന്ന പേര് ശരിക്കും ഒരു ബാധ്യതയാണ്. കാരണം താരങ്ങൾ കുറച്ചേയുള്ളു, അഭിനയം തൊഴിലാക്കിയ വരുമാനത്തിനായി നിൽക്കുന്ന ഒരുപാട് പേരുള്ള കൂട്ടായ്മകൂടിയാണത്.

നമ്മുടെ സംഘടനയിൽ സംവരണത്തിൽ നാല് സ്ത്രീകൾ വേണമെന്നാണ് പറഞ്ഞിരിക്കുന്നത്. അത് കൃത്യമായി ആ സീറ്റുകൾ അവർക്കുവേണ്ടി മാറ്റിവെക്കുക. അതിലേക്ക് സ്ത്രീകൾ മാത്രം മത്സരിക്കുക. ആകെ നാല് സീറ്റുകളാണുള്ളതെങ്കിൽ, നാല് സ്ത്രീകൾ മാത്രമാണെങ്കിൽ ഇലക്ഷനില്ല. നാലിൽ കൂടുതൽ സ്ത്രീകൾ നോമിനേഷനിൽ വന്നാൽ ഇലക്ഷൻ നടത്തി നാലുപേരെ തെരഞ്ഞെടുക്കുക.. ഇപ്പോഴത്തെ കാര്യമെന്തെന്നാൽ നാല് പേർ വേണമെന്നേയുള്ളു. അത് പ്രത്യേക സീറ്റിലേക്ക് എന്നില്ല. അപ്പോ ഇലക്ഷനായിട്ട് നടക്കുമ്പോൾ സ്ത്രീ മത്സരാർത്ഥികൾക്ക് വോട്ട് കുറയുന്നു. പക്ഷെ സ്ത്രീകളെ ഉൾപ്പെടുത്തുക എന്ന സംഘടനയുടെ ബെെലോ പ്രകാരം പുരുഷന്മാരിൽനന്നും വോട്ടെണ്ണം നോക്കി കുറച്ചുപേർ മാറിനിൽക്കുകയും,അവിടേക്ക് സ്ത്രീകളെ ഉൾപ്പെടുത്തുക എന്നതാണ് ഇപ്പോൾ ചെയ്ത നടപടി. ശരിക്കും വളരെ മാതൃകാപരമായ നടപടിയായി അതിനെ എനിക്ക് തോന്നി. ഈ മത്സരത്തിൽ വോട്ടു കുറഞ്ഞാലും സഹപ്രവർത്തകരായിട്ടുള്ളവർക്ക് സ്ത്രീകളെ ഉൾപ്പെടുത്തുക എന്നതിനുവേണ്ടി മാറിക്കൊടുക്കുന്നത് വലിയ മാതൃകാപരമായ കാര്യമാണ്. അതാണവിടെ നടന്നത്.

പക്ഷെ അന്ന് നമ്മളുടെ ​സ്റ്റേജിൽ വേണമെങ്കിൽ വോട്ടുനില കൃത്യമായി പറഞ്ഞതിനുശേഷം ഇന്നേ കാരണത്താൽ ഇവർ മാറിനിന്നുകൊണ്ട് ആ സ്ത്രീകളെ ഉൾപ്പെടുത്തുന്നു എന്ന് പറയാമായിരുന്നു. അങ്ങനെ അക്കാര്യം ജനങ്ങളെ അറിയിച്ചിട്ടില്ലാത്തതുകൊണ്ട് ഞാൻ പരാജയപ്പെട്ടു എന്നുള്ള രീതിയിൽ വാർത്തകൾ വന്നു. ഞാനെ​ന്റെ രാഷ്ട്രീയമൊക്കെ തുറന്നുപറഞ്ഞിട്ടുള്ള ആളായതുകൊണ്ട് അത്തരമൊരു വാർത്ത കിട്ടിയാൽ ഉപയോ​ഗിക്കുന്നതിന് ഒരു മൂല്യമുണ്ട്. അതൊന്ന് വിശദമാക്കാം എന്നോർത്തിട്ടാണ് ഞാൻ അമ്മയ്ക്ക് കത്തയച്ചത്. അടുത്ത തവണതൊട്ട് നാല് സീറ്റുകൾ കൃത്യമായി വെക്കാം, ഇത്തവണ പോലും ഇവരെ ഇങ്ങനെ കയറ്റണമെന്നുണ്ടായിരുന്നെങ്കിൽ ഞങ്ങൾ ഒന്നുരണ്ടുപേർ നോമിനേഷൻ പിൻവലിച്ചേനെ.”

LEAVE A REPLY

Please enter your comment!
Please enter your name here