അജിത് നായകനായി ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ചിത്രമാണ് ‘വിടാമുയർച്ചി’. ചിത്രത്തിന്റെ കലാ സംവിധായകൻ മിലൻ അന്തരിച്ച വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹൃദയാഘാതം മൂലമാണ് കലാ സംവിധായകന്റെ മരണം എന്നാണ് സ്ഥിരീകരിക്കുന്നത്. ‘വിടാമുയർച്ചി’ ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് അദ്ദേഹം മരണപ്പെട്ടത്. അസർബെെജാനിൽ വെച്ച് ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയായിരുന്നു. ലൊക്കേഷനിൽ വെച്ച് നടന്ന മരണത്തിന്റെ നടുക്കത്തിലാണ് അണിയറപ്രവർത്തകർ. മൃതദേഹം എപ്പോൾ ചെന്നൈയിലേക്ക് കൊണ്ടുവരുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
അജിത് നായകനായ ചിത്രങ്ങളായ ‘ബില്ല’, ‘വീരം’, ‘വേതാളം’ തുടങ്ങി ഒട്ടേറെ വമ്പൻ വിജയ ചിത്രങ്ങളുടെ കലാ സംവിധായകനാണ് മിലൻ . അദ്ദേഹത്തിന്റെ മരണത്തില്‍ സഹപ്രവര്‍ത്തകര്‍ അനുശോചനങ്ങൾ അറിയിക്കുന്നുണ്ട്. വിജയ് നായകനായ എത്തിയ ‘വേലായുധ’ എന്ന ചിത്രത്തിന്റെ കലാ സംവിധായകനുമായിരുന്നു മിലൻ. മഗിഴ് തിരുമേനിയാണ് വിടാമുയര്‍ച്ചിയുടെ സംവിധാനം നിർവഹിക്കുന്നത് . ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്.
അജിത് ചിത്രം ‘വിടാമുയര്‍ച്ചി’യ്ക്കായി തൃഷ കരാര്‍ ഒപ്പിട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു, എന്നാല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ‘പ്രയത്നങ്ങള്‍ ഒരിക്കലും പരാജയപ്പെടില്ല’ എന്നതാണ് വിടാമുയാര്‍ച്ചിയുടെ ടാഗ് ലൈന്‍. ചിത്രത്തിന്റെ ഇതിവൃത്തത്തെയും അഭിനേതാക്കളെയും കുറിച്ചുള്ള മറ്റ് വിശദാംശങ്ങള്‍ ഇതുവരെ വിശദമായി പുറത്തുവിട്ടിട്ടില്ല. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീതം.
ഏറ്റവും അവസാന തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയ അജിത് ചിത്രം ‘തുനിവ്’ ആണ്. എച്ച് വിനോദാണ് ‘തുനിവ്’ തിരക്കഥയെഴുതി സംവിധാനം നിർവഹിച്ചത് . ബാങ്ക് കൊള്ളയായിരുന്നു ഈ അജിത്ത് ചിത്രം പശ്ചാത്തലമാക്കിയത്. മഞ്‍ജു വാര്യരാണ് അജിത്ത് നായകനായ ചിത്രം തുനിവില്‍ നായികയായി എത്തിയത് . ബോണി കപൂറാണ് ചിത്രം നിർമിച്ചത്. തുനിവിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത് നിരവ് ഷായാണ്. അജിത്തും മഞ്‍ജു വാര്യരും ഒന്നിച്ച ചിത്രത്തില്‍ സമുദ്രക്കനി, ജോണ്‍ കൊക്കെൻ, അജയ് കുമാര്‍, വീര, ജി എം സുന്ദര്‍, പ്രേം കുമാര്‍, ദര്‍ശൻ, ഭഗവതി പെരുമാള്‍, ചിരാഗ ജനി, സിജോയ് വര്‍ഗീസ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.
നിരവധി വിജയ ചിത്രങ്ങൾ ഒരുക്കിയ അറ്റ്‍ലിയുടെ പുതിയ ഒരു ചിത്രത്തില്‍ അജിത്ത് നായകനാകും എന്ന് സ്ഥിരീകരിക്കാത്ത ചില റിപ്പോര്‍ട്ടുകൾ വരുന്നുണ്ട് . സുധ കൊങ്കരയുടെ സംവിധാനത്തിലുള്ള ചിത്രത്തില്‍ അജിത്ത് നായകനായേക്കുമെന്നും മറ്റൊരു റിപ്പോര്‍ട്ടുണ്ട്. സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി പുതിയ സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന റിപ്പോര്‍ട്ടും ആരാധകര്‍ക്കിടയില്‍ ചർച്ചയാവുന്നുണ്ട്.