പ്രശസ്ത സംവിധായകൻ കെ ജി ജോർജിന് സ്മരണാഞ്ജലികൾ നേർന്നുകൊണ്ട് ഫെഫ്ക. കാലാതീതമായ ചലച്ചിത്ര സൃഷ്ടികളിലൂടെ മലയാള സിനിമയെ സമ്പന്നമാക്കിയ ചലച്ചിത്രകാരൻ കെ.ജി ജോർജിന് സ്മരണാഞ്ജലികൾ അർപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ അന്ത്യകർമ്മങ്ങളുടെ വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഫെഫ്ക ജനറൽ സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ ബി.
നാളെ രാവിലെ 11 മണി മുതൽ 3 മണി വരെ എറണാകുളം ടൗൺഹാളിൽ അദ്ദേഹത്തിന്റെ ഭൗതിക ശരീരത്തിന്റെ പൊതുദർശനമുണ്ടായിരിക്കും.
തുടർന്ന് രവിപുരം ശ്മശാനത്തിൽ വെച്ച് അഞ്ച് മണിയോടെ സംസ്കാരം നടക്കുന്നതാണ്. അതിനുശേഷം, 6 മണിക്ക് വെെഎംസിഎ ഹാളിൽ വെച്ച് അനുശ്ശോചന യോഗവും ഉണ്ടായിരിക്കുന്നതാണ്. എന്നാണ് ഫെഫ്ക അറിയിച്ചിരിക്കുന്നത്.
സംവിധായകൻ കെ ജി ജോർജിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി സിനിമ, കലാ സാംസ്കാരിക, രാഷ്ട്രീയ രംഗത്തുള്ള നിരവധി ആളുകൾ രംഗത്തുവന്നിരുന്നു. സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് ആസ്വാദക ഹൃദയത്തിൽ സ്ഥാനം പിടിച്ച ചലച്ചിത്രകാരനായിരുന്നു കെ ജി ജോർജെന്നും സമൂഹഘടനയും വ്യക്തിമനസ്സുകളുടെ ഘടനയും അപഗ്രഥിക്കുന്നത് അദ്ദേഹത്തിന്റെ സവിശേഷ രീതിയായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സമൂഹ മാധ്യമത്തിലൂടെ പറഞ്ഞു.
രണ്ടു പതിറ്റാണ്ടിലേറെ നീണ്ടു നിന്ന സിനിമാ ജീവിതത്തില്‍ മലയാള സിനിമയ്ക്ക് പുതിയ ഭാവതലങ്ങള്‍ സമ്മാനിക്കുകയും കാലത്തിന് മുന്‍പേ സഞ്ചരിച്ച സിനിമകളുമായി ഇന്നും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ചലച്ചിത്രപ്രതിഭയാണ് കെ.ജി. ജോര്‍ജ്ജ് എന്ന കാര്യത്തിൽ സംശയമില്ല. കലാമൂല്യമുള്ള സിനിമ, കച്ചവട സിനിമ എന്നിങ്ങനെയുള്ള സാങ്കല്‍പ്പിക അതിര്‍ത്തികളെ തന്റെ ശൈലിയിലൂടെ കെ.ജി. ജോര്‍ജ്ജ് പൊളിച്ചെഴുതിയിരുന്നു .
സ്വപ്നാടനം, ഉള്‍ക്കടല്‍, കോലങ്ങള്‍, മേള, ഇരകള്‍, യവനിക, ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, കഥയ്ക്ക് പിന്നില്‍, മറ്റൊരാള്‍, പഞ്ചവടിപ്പാലം, ഈ കണ്ണി കൂടി തുടങ്ങി ഇരുപതോളം സിനിമകൾ കെജി ജോർജ് സംവിധാനം ചെയ്തവയാണ്.തന്റെ ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ ചരിത്രത്തില്‍ വിപ്ലവകരമായ പല മാറ്റങ്ങള്‍ക്കും അദ്ദേഹം തുടക്കമിട്ടു. വ്യവസ്ഥാപിത നായക-നായിക സങ്കല്‍പ്പങ്ങളെ, കപടസദാചാരത്തെ, അഴിമതിയെ സിനിമയിലൂടെ അദ്ദേഹം ചോദ്യം ചെയ്തു.യവനിക, സ്വപ്നാടനം, ആദാമിന്റെ വാരിയെല്ല്, ഇരകള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് അദ്ദേഹത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ലഭിച്ചു. 2016-ല്‍ ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്ക് ജെ.സി. ഡാനിയേല്‍ പുരസ്‌കാരത്തിനും അര്‍ഹനായി.