പ്രശസ്ത ഇറാനിയൻ സംവിധായകനും ഭാര്യയും കുത്തേറ്റുമരിച്ച നിലയിൽ

0
217

പ്രശസ്ത ഇറാനിയൻ സംവിധായകൻ ആയ ദാരിയുഷ് മെഹർജുയിയെയും ഭാര്യയായ വഹീദ മൊഹമ്മദീഫാറെയും കുത്തേറ്റുമരിച്ച നിലയിൽ കണ്ടെത്തി. ടെഹ്റാനിലെ അവരുടെ സ്വന്തം വീടിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാദേശിക മാധ്യമങ്ങൾ ഞായറാഴ്ച്ച റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം.ഈ കുറ്റകൃത്യത്തിന് പിന്നിൽ ആരെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ദാരിയുഷിനും വാഹിദയ്ക്കും കഴുത്തിലാണ് കത്തികൊണ്ടുള്ള മുറിവേറ്റതെന്ന് നീതിന്യായ വകുപ്പ് ഉദ്യോ​ഗസ്ഥൻ ഹൊസ്സേൻ ഫസേലിയെ ഉദ്ധരിച്ചുകൊണ്ട് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കഴുത്തിൽ മുറിവേറ്റ നിലയിൽ ഇരുവരുടേയും മൃതദേഹങ്ങൾ കാണപ്പെടുകയായിരുന്നെന്ന് ഹൊസ്സേൻ ഫസേലി പറയുകയുണ്ടായി. ഇതാണ് മരണ കാരണമെന്നാണ് കണ്ടെത്തൽ.

ടെഹ്റാൻ നഗരത്തിൽ നിന്നും നിന്ന് 30 കിലോമീറ്റർ അകലെയാണ് ദാരിയുഷും വഹീദയും താമസിക്കുന്ന വീട് സ്ഥിതി ചെയ്യുന്നത്. സംവിധായകന്റെ മകൾ ആയ മോനാ മെഹറുജി പിതാവിനെ കാണാൻ ശനിയാഴ്ച രാത്രി വീട്ടിലെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ചനിലയിൽ മാതാപിതാക്കളുടെ മൃതദേഹങ്ങൾ കണ്ടത്. ഇവരാണ് ഈ മരണ വിവരം പോലീസിൽ അറിയിച്ചത്. തങ്ങളുടെ ജീവന് ഭീഷണിയുള്ളതായി വഹീദ അടുത്തിടെ സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു.

ഈ സംഭവത്തിൽ അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ് . എങ്കിലും എന്ത് കാരണമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നത് സംബന്ധിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 1970-കളിൽ ഇറാനിലെ നവതരം​ഗ സിനിമകൾക്ക് തുടക്കംകുറിച്ചയാളെന്ന നിലയിൽ പ്രശസ്തനായിരുന്നു മെഹർജുയി എന്ന ഈ സംവിധായകൻ. റിയലിസമായിരുന്നു മെഹർജുയി ചിത്രങ്ങളുടെ മുഖമുദ്രയായി കണക്കാക്കപ്പെട്ടത് . 1960-കളിൽ ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയിൽ നിന്നായിരുന്നു അദ്ദേഹം സിനിമാ പഠനം പൂർത്തിയാക്കിയത്.

1969-ൽ പ്രദർശനത്തിനെത്തിയ ദ കൗ എന്ന ചിത്രമാണ് ഇദ്ദേഹത്തിൻറെ മികച്ച ക്ലാസിക്കുകളിൽ ഒന്നായി അറിയപ്പെടുന്നത്. ടു സ്‌റ്റേ എലൈവ്, ദി പിയർ ട്രീ, സാറ എന്നീ ചിത്രങ്ങൾ വിവിധ ചലച്ചിത്ര മേളകളിൽ പ്രേക്ഷകരുടെ പ്രശംസ നേടിയ സിനിമകളാണ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ എ മൈനറാണ് അദ്ദേഹത്തിന്റെ അവസാന ചിത്രം. 2015ൽ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ സമഗ്ര സംഭവാനയ്ക്കുള്ള പുരസ്‌കാരം നൽകി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 1998 -ലെ ചിക്കാഗോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിന്ന് സിൽവർ ഹ്യൂഗോയും കൂടാതെ 1993 -ലെ സാൻ സെബാസ്റ്റ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ സീഷെലും ഉൾപ്പെടെ അനവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here