മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പര ആണ് സാന്ത്വനം. ഈ പരമ്പരയുടെ സംവിധായകൻ ആദിത്യൻ അന്തരിച്ചു. 47 വയസ് ആയിരുന്നു അദ്ദേഹത്തിന് . ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തുവച്ചാണ് മരണം സംഭവിച്ചത് . തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ തന്നെ മരണം സംഭവിക്കുകയായിരുന്നു . സാന്ത്വനം, വാനമ്പാടി, ആകാശദൂത് അടക്കമുളള നിരവധി വിജയ പരമ്പരകളുടെ സംവിധായകനാണ് ഇദ്ദേഹം.
കൊല്ലം ജില്ലയിലെ അഞ്ചൽ സ്വദേശിയാണ് ആദിത്യൻ. വളരെക്കാലമായി തിരുവനന്തപുരത്ത് പേയാട് ആയിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഭാരത് ഭവനിൽ പൊതുദർശനത്തിന് വെക്കുമെന്നാണ് റിപ്പോർട്ട്. സംസ്കാരം എവിടെവച്ചായിരിക്കുമെന്ന കാര്യത്തിൽ തീരുമാനം ആകുന്നതേയുള്ളു . തിരുവനന്തപുരത്തുതന്നെയുള്ള സിനിമാ, സീരിയൽ രംഗത്തുള്ള പ്രവർത്തകർ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. പ്രേക്ഷകരുടെ പൾസ് നന്നായി അറിയാവുന്ന സംവിധായകനായിരുന്നു ആദിത്യൻ എന്നാണ് അദ്ദേഹത്തെക്കുറിച്ചുള്ള അഭിപ്രായം. അദ്ദേഹം ഒരുക്കിയ പരമ്പരകളൊക്കെ എപ്പോഴും ചാനലിലും റേറ്റിംഗിലും വളരെ മുന്നിലായിരുന്നു. നിരവധി വിജയ പരമ്പരകൾ ഇദ്ദേഹം ചെയ്തുവെച്ചിട്ടുണ്ട്. ചെയ്യാനിരിക്കുന്ന സിനിമയുടെ ആലോചനകളിലുമായിരുന്നു അദ്ദേഹം .
സാന്ത്വനമാണ് അദ്ദേഹത്തിന്റെ അവസാനത്തെ പരമ്പര. പാണ്ഡ്യൻ സ്റ്റോർസിന്റെ റീമേക്ക് പരമ്പരയാണ് സാന്ത്വനം. മലയാളി പ്രേക്ഷകർക്ക് ഇഷ്ടമാവുന്ന തരത്തിലുള്ള മാറ്റങ്ങൾ വരുത്തിയാണ് സാന്ത്വനം ഒരുക്കുന്നതെന്ന് അദ്ദേഹം മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അപ്രതീക്ഷിതമായെത്തിയ വിയോഗ വാർത്തയിൽ സങ്കടവും നടുക്കവും രേഖപ്പെടുത്തി സഹപ്രവർത്തകരെല്ലാം രംഗത്ത് എത്തിയിരുന്നു. വാനമ്പാടി, ആകാശദൂത്, അമ്മ, സാന്ത്വനം തുടങ്ങിയ പരമ്പരകളിലൂടെയായാണ് ആദിത്യൻ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനാവുന്നത്. ആദിത്യന്റെ പിന്തുണയെക്കുറിച്ച് വാചാലരായി താരങ്ങളും എത്താറുണ്ട്. ഒരു കുടുംബം പോലെ തന്നെയാണ് അദ്ദേഹത്തിന്റെ പരമ്പരയുടെ ലൊക്കേഷൻ എന്ന് താരങ്ങൾ പറയാറുണ്ട്. സാന്ത്വനം ഇത്രയധികം വിജയമാകുമെന്ന് താനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പതിവിൽ നിന്നും വ്യത്യസ്തമായ തരത്തിലുള്ള മേക്കിംഗും പ്രമേയവുമാണ് സാന്ത്വനത്തിന്റേത് എന്നാണ് പൊതു അഭിപ്രായം.
ഒന്നും പറയാതെ ഒറ്റയടിക്ക് അങ്ങ് അദ്ദേഹം പോയിക്കളഞ്ഞു, രണ്ടു ദിവസം മുൻപും ഞങ്ങൾ ഒരുപാട് നേരം സംസാരിച്ചിരുന്നതാണ് തിരുവനന്തപുരം തിരുമലയിൽ പണിതു തുടങ്ങിയ പുതിയ വീടിനെക്കുറിച്ചും ഒക്കെ പറഞ്ഞു വലിയ സന്തോഷത്തിലായിരുന്നു അദ്ദേഹം.. വിശ്വസിക്കാൻ പറ്റുന്നില്ല.. ഏതൊരാളോടും വളരെ സൗമ്യമായി പെരുമാറിയിരുന്ന ആളാണ് ആദിത്യൻ എന്നാണ് സംവിധായകൻ പ്രസാദ് പ്രതികരിക്കുന്നത്.