‘കാലമെത്ര കഴിഞ്ഞാലും സംഗീത് എന്ന മഹാപ്രതിഭയെ കലാകേരളം ആദരവോടെ ഓർക്കും’ : സം​ഗീത് ശിവ​ന് ആദരാഞ്ജലിയർപ്പിച്ച് മോഹൻലാൽ

0
175

പ്രശസ്ത സംവിധായകനും ഛായാ​ഗ്രാഹകനുമായ സം​ഗീത് ശിവൻ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് അദ്ദേഹം മരണപ്പെട്ടത്. അദ്ദേഹത്തിന് ആ​ദരാഞ്ജലിയർപ്പിച്ചുകൊണ്ടെത്തിയിരിക്കുകയാണ് നടൻ മോഹൻലാൽ. ഫേഫ്ബുക്ക് കുറിപ്പിലൂടെ ആണ് മോഹൽലാൽ ത​ന്റെ സഹോദരതുല്യനായ സം​ഗീത് ശിവന് ആദരാഞ്ജലിയർപ്പിച്ചത്. യോദ്ധ , ഗന്ധർവ്വം , നിർണ്ണയം എന്നീ മൂന്ന് സിനിമകളിൽ മോഹൻലാലിനൊപ്പം സംഗീത് ശിവൻ പ്രവർത്തിച്ചിട്ടുണ്ട്.

മോഹൻലാലി​ന്റെ ഫേസ്ബുക്ക് കുറിപ്പ്…

‘സംവിധാനത്തിലും ഛായാഗ്രഹണത്തിലും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച, പ്രിയപ്പെട്ട സംഗീത് ശിവൻ, എനിക്ക് സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു. യോദ്ധയും, ഗാന്ധർവവും, നിർണ്ണയവും ഒക്കെ ഓരോ മലയാളിയുടെയും മനസിൽ ആഴത്തിൽ പതിഞ്ഞത്, അവയുടെയെല്ലാം പിന്നിൽ അദ്ദേഹത്തിൻ്റെ പ്രതിഭാസ്പർശം ഉള്ളതുകൊണ്ടാണ്. കാലമെത്ര കഴിഞ്ഞാലും സംഗീത് എന്ന മഹാപ്രതിഭയെ കലാകേരളം ആദരവോടെ ഓർക്കും, അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങൾ അനശ്വരരായി നിലകൊള്ളും. പ്രിയ സഹോദരന് വേദനയോടെ വിട.’

മമ്മൂട്ടിയും സം​ഗീത് ശിവന് ആദരാഞ്ജലിയർപ്പിച്ച് ഫേസ്ബുക്കിൽ പോ​സ്റ്റ് ഇട്ടിരുന്നു.

മലയാളം, ഹിന്ദി സിനിമകളിൽ സംവിധായകനും തിരക്കഥാകൃത്തുമായി സംഗീത് ശിവൻ പ്രവർത്തിച്ചിട്ടുണ്ട്. ആമിർ ഖാനും പങ്കജ് കപൂറും വേഷമിട്ട രാഖ് എന്ന ചിത്രത്തി​ന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായാണ് അദ്ദേഹം തൻ്റെ കരിയർ ആരംഭിച്ചത്. അതി​ന്റെ സിനിമാറ്റോ​ഗ്രാഫറായെത്തിയത് സഹോദരൻ സന്തോഷ് ശിവനായിരുന്നു. 1990-ൽ പുറത്തിറങ്ങിയ വ്യൂഹം എന്ന ചിത്രത്തിലൂടെയാണ് സംഗീത സംവിധാനരം​ഗത്തെത്തുന്നതെന്നെങ്കിലും 1992-ൽ പുറത്തിറങ്ങിയ യോദ്ധ എന്ന ചിത്രത്തിലൂടെയാണ് സംഗീതിന് മലയാളി പ്രേക്ഷകരിൽ നിന്നും സ്വീകാര്യത ലഭിച്ചത്.മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്ന സിനിമകളിൽ ഒന്നാണ് യോദ്ധ .മാത്രമല്ല ചിത്രത്തിലൂടെയാണ് എ.ആർ. റഹ്മാനെ മലയാളത്തിൽ ആദ്യമായി അവതരിപ്പിച്ചത് .ശേഷം ഡാഡി, ​ഗാന്ധർവം, ജോണി, നിർണയം, സ്നേഹപൂർവം അന്ന എന്നീ ചിത്രങ്ങൾ സംവിധാനംചെയ്തു. 2012-ൽ പുറത്തിറങ്ങിയ ഇഡിയറ്റ്സ് എന്ന ചിത്രത്തിന്റെ രചനയും നിർമാണവും സം​ഗീത് ശിവനായിരുന്നു.

മലയാളത്തിൽ മാത്രമല്ല ഹിന്ദിയിലും അദ്ദേഹം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. 1998-ൽ പുറത്തിറങ്ങിയ സോർ ആയിരുന്നു ബോളിവുഡിലെ ആദ്യ അരങ്ങേറ്റചിത്രം. 2003-ൽ ചുരാ ലിയാ ഹേ തുംനേ, 2005-ൽ ക്യാ കൂൾ ഹേ ഹം, 2006-ൽ അപ്നാ സപ്നാ മണി മണി, 2009-ൽ ഏക് -ദ പവർ ഓഫ് വൺ, 2010-ൽ ക്ലിക്ക്, 2013-ൽ യംലാ പ​ഗലാ ദീവാനാ 2, 2019-ൽ ഭ്രം തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹത്തിൻറെ സംവിധാനമികവിൽ പുറത്തെത്തിയ ചിത്രങ്ങളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here