നടന്‍ അലന്‍സിയര്‍ നടത്തിയ പ്രസ്താവന അപലപനീയം: വനിതാ കമ്മീഷന്‍

0
424

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ വേളയില്‍ പുരസ്‌കാര ജേതാവ് കൂടിയായ നടന്‍ അലന്‍സിയര്‍ നടത്തിയ പ്രസ്താവന തീര്‍ത്തും അപലപനീയമാണെന്ന് കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. സാംസ്‌കാരിക കേരളത്തിന് ഒട്ടും നിരക്കാത്ത വിധത്തിലുള്ള പരാമര്‍ശമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെന്നും സതീദേവി പറഞ്ഞു.

ഒരു സ്ത്രീപക്ഷ കാഴ്ചപ്പാട് മുന്നോട്ടുവച്ചുകൊണ്ടാണ് ചലച്ചിത്ര മേഖലയില്‍ വര്‍ഷങ്ങളായി നടത്തിവരുന്ന അവാര്‍ഡ് വിതരണത്തിലെ പുരസ്‌കാരം തന്നെ ഒരു സ്ത്രീയുടെ രൂപം ആലേഖനം ചെയ്ത ശില്‍പ്പമായി നല്‍കുന്നത്. വളരെയേറെ അഭിമാനത്തോടെ ഇതു കാണുന്നതിനു പകരം അവഹേളിച്ചു കൊണ്ട് ഒരു പ്രസ്താവന നടത്തിയത് തീര്‍ത്തും അനുചിതവും സാംസ്‌കാരിക കേരളത്തിനും ചലച്ചിത്ര മേഖലയ്ക്കും ആകെ അവഹേളനം ഉണ്ടാക്കുന്ന നടപടിയാണ് അലന്‍സിയറുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെന്നും ഇതു തീര്‍ത്തും അപലപനീയമാണെന്നും വനിത കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

അതേസമയം, പ്രത്യേക ജൂറി പരാമര്‍ശം ഏറ്റുവാങ്ങിയ ശേഷം അലന്‍സിയര്‍ നടത്തിയ പ്രസംഗത്തിലാണ് സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയത്. അലന്‍സിയര്‍ പറഞ്ഞത് ഇങ്ങനെയാണ്; ‘അവാര്‍ഡ് വാങ്ങി വീട്ടില്‍ പോകാനായി ഓടിയതായിരുന്നു ഞാന്‍, നല്ല ഭാരമുണ്ടായിരുന്നു ആ അവാര്‍ഡിന്. മുഖ്യമന്ത്രി ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തോട് പറയാമായിരുന്നു, ഇപ്പോള്‍ സാംസ്‌കാരിക മന്ത്രി ഉള്ളതുകൊണ്ട് പറയാം, ഇത് സ്പെഷ്യല്‍ ജൂറി അവാര്‍ഡാണ് ഞങ്ങള്‍ക്ക് തന്നത്. നല്ല നടനുള്ള പുരസ്‌കാരം എല്ലാവര്‍ക്കും കിട്ടും.


എന്നാല്‍ സ്പെഷ്യല്‍ കിട്ടുന്നവര്‍ക്കു സ്വര്‍ണത്തിലെങ്കിലും പൊതിഞ്ഞ പ്രതിമ തരണം. എനിക്കും കുഞ്ചാക്കോ ബോബനും ഇരുപത്തയ്യായിരം രൂപയെന്നുപറഞ്ഞു അപമാനിക്കരുത്. ഞങ്ങള്‍ക്കും പൈസയൊക്കെ കൂട്ടണം. അത് ഞാന്‍ ബംഗാളി ചലച്ചിത്ര സംവിധായകന്‍ ഗൗതം ഘോഷിനോട് പറയുകയാണ്. ഒരു അഭ്യര്‍ത്ഥനകൂടി എനിക്ക് പറയാനുണ്ട്. ഈ പെണ്‍ പ്രതിമ തന്നുകൊണ്ട് ഞങ്ങളെ പ്രലോഭിപ്പിക്കരുത്. ഇനിയെങ്കിലും ആണ്‍കരുത്തുള്ളൊരു മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍ കരുത്തുള്ള പ്രതിമ തരണം. ആണ്‍ കരുത്തുള്ള പ്രതിമ എന്ന് വാങ്ങിക്കാന്‍ കഴിയുന്നോ, അന്ന് ഞാന്‍ അഭിനയം നിര്‍ത്തും.” എന്നാണ് അലന്‍സിയര്‍ പറഞ്ഞത്.

അതേസമയം, നിരവധി പേരാണ് അലന്‍സിയറിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. നടനെതിരെ സോഷ്യല്‍മീഡിയയിലൂടെയാണ് വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഭാഗ്യലക്ഷ്മി, ശ്രുതി ശരണ്യം,നടന്‍ സന്തോഷ് കീഴാറ്റൂര്‍, മനോജ് രാമസിംഹ്, അവതാരക ജുവല്‍ മേരി തുടങ്ങി സിനിമ മേഖലയില്‍ നിന്ന് നിരവധി പേര്‍ രംഗത്തു വരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here