മലയാളി പ്രേക്ഷകർ ഒന്നടങ്കം അക്ഷമയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘ഗരുഡൻ’. വളരെ കാലങ്ങൾക്കു ശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന സിനിമയാണിത്. ഒപ്പം നടൻ സിദ്ദിഖും സുരേഷ് ഗോപിയും കാലങ്ങൾക്കു ശേഷം ഒന്നിച്ച അഭിനയിക്കുന്ന സിനിമ കൂടിയാണ് ഗരുഡൻ. സിനിമയുടെ പ്രമോഷന്റെ ഭാഗമായി താരങ്ങൾ കൊച്ചിയിൽ എത്തിയപ്പോൾ സിദ്ദിക്ക് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമയിലെ വില്ലൻ താനാണെന്ന് ഇപ്പോൾ പറയണോ എന്നാണ് താരം സുരേഷ് ഗോപിയോട് ചോദിക്കുന്നത്. ഒപ്പം സിനിമയെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
”ഗരുഡൻ സിനിമ പ്രേക്ഷകർക്ക് പുതിയ ഒരു അനുഭവം തന്നെ ആയിരിക്കും. ഒരു സിനിമ നമ്മളെ മോഹിപ്പിക്കുന്നത്, നമ്മൾ കേട്ടിട്ടില്ലാത്ത കഥകളും അഭിനയിച്ചിട്ടില്ലാത്ത കഥാപാത്രങ്ങളും വരുമ്പോഴാണ് . ഇതിലെ എന്റെ കഥാപാത്രം വക്കീലാണ്, മുൻപും വക്കീൽ കഥാപാത്രമായി ഞാൻ അഭിനയിച്ചിട്ടുണ്ട്. പക്ഷെ ഈ സിനിമയുടെ കഥയും അവതരണവും തികച്ചും മോഹിപ്പിക്കുന്നത് തന്നെയാണ്. ”
സിനിമയുടെ ക്ലൈമാക്സിൽ താനാണ് വില്ലൻ എന്ന കാര്യം ഇവിടെ പറയണോ എന്ന് സിദ്ധിക്ക് വേദിയിൽ നിന്ന് സുരേഷ് ഗോപിയോട് ചോദിക്കുന്നുണ്ട്. തമാശയായുള്ള സിദ്ദിഖിന്റെ ഈ ചോദ്യത്തിന് സുരേഷ് ഗോപി പറയുന്ന മറുപടി അതിലും രസകരമാണ്. ‘ഞാൻ തന്നെക്കാൾ നല്ല വില്ലനല്ലെ’ എന്ന് സുരേഷ് ഗോപി പറയുന്ന ഡയലോഗ് വേണമെങ്കിൽ പറഞ്ഞോ എന്നാണദ്ദേഹം പറയുന്നത്. എന്തായാലും കഥയുടെ അവസാനം ആകുമ്പോൾ താനായിരിക്കും വില്ലനെന്നും ആ സസ്പെൻസ് ഇവിടെ പോട്ടെ എന്നും സിദ്ധിക്ക പറഞ്ഞു. സസ്പെൻസ് പുറത്തുപറയരുതെന്നു എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു, അപ്പോൾ തന്നെ തീരുമാനിച്ചതാണ് ഇത് എന്തായാലും പറയണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
നവാഗതനായ അരുൺ വർമ്മയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ മലയാള ചിത്രമാണ് ‘ഗരുഡൻ’. വലിയൊരു ഇടവേളയ്ക്ക് ശേഷം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സുരേഷ് ഗോപിയും ബിജു മേനോനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന 28-മത് ചിത്രമാണിത്. ക്രൈം ത്രില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ചിത്രത്തിന്റെ ചിത്രീകരണം മട്ടാഞ്ചേരിയിൽ ആണ് ആരംഭിച്ചിരുന്നത്. ഹരീഷ് മാധവ് എന്ന പോലീസ് ഓഫീസർ ആയാണ് നടൻ സുരേഷ് ഗോപി ചിത്രത്തിൽ എത്തുന്നത്. സിദ്ധിഖ്, ജഗദീഷ് , അഭിരാമി, ദിവ്യ പിള്ള, ദിലീഷ് പോത്തൻ, നിഷാന്ത് സാഗർ, തലൈവാസൽ വിജയ്, ചൈതന്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം നിയമയുദ്ധത്തിൻ്റെ അകത്തളങ്ങളിലേക്കാണ് ഇറങ്ങിച്ചെല്ലുന്നത് എന്നാണ് സംവിധായകൻ പറയുന്നത്.