നിരവധി ഗ്യാങ്സ്റ്റർ സിനിമകൾ ചെയ്തിട്ടുള്ള നടനാണ് ശിവരാജ് കുമാർ. കന്നഡ സിനിമകളിലും മറ്റു സിനിമ ഇൻഡസ്റ്റ്ട്രികളിലും ഗ്യാങ്സ്റ്റർ സിനിമകൾക്ക് ഒരു ട്രെൻഡ് സൃഷ്ടിച്ച വ്യക്തി കൂടിയാണ് അദ്ദേഹം. എന്നാൽ ആ സിനിമകളിൽ നിന്നും വ്യത്യസ്തമാണ് ഈ ഗോസ്റ്റ് എന്ന സിനിമ എന്ന് പറയുകയാണ് താരം. സിനിമയുടെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിലെത്തിയ താരം പത്രസമ്മേളനത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ശിവരാജ്‌കുമാറിന്റെ വാക്കുകൾ…
”കോമേഴ്ഷ്യലി ഇറങ്ങുന്ന ഗ്യാങ്സ്റ്റർ സിനിമകളിൽ നിരവധി കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടാകും. അത്തരം സിനിമകളിൽ ഒരു ഗാനം ,നായികാ എന്നിവ ഉണ്ടാകും . എന്നാൽ ഈ സിനിമ എന്ന് പറഞ്ഞാൽ അത്തരം ചിന്തകളെയെല്ലാം തകർത്തിട്ടുള്ള സിനിമയാണ്. ഈ സിനിമ രണ്ടു മണിക്കൂർ 7 മിനുറ്റിൽ പറഞ്ഞുതീർക്കാൻ പറ്റുന്ന ഒരു കഥയല്ല. പക്ഷെ സംവിധായകൻ ശ്രീനി ഈ കഥ എന്നോട് പറഞ്ഞപ്പോൾ വളരെ വ്യത്യസ്തമായി തോന്നി. ഈ സിനിമയിൽ മൂന്നു ഷേഡുകൾ ഉണ്ട് . അവ മൂന്ന് തമ്മിലും ബന്ധങ്ങളും ഉണ്ട്. ഗോസ്റ്റ് എന്ന് പറഞ്ഞാൽ ഭയം ആണ് . അതായത്, നിങ്ങൾ ഭക്ഷണം കഴിക്കാതിരിക്കുമ്പോൾ അമ്മ വന്നു പറയുകയാണ്, ഭക്ഷണം കഴിച്ചില്ലെങ്കിൽ ഭൂതം വരുമെന്ന്, അപ്പോൾ നമ്മൾ വേഗം കഴിക്കും, അതാണ് പറയുന്നത് എല്ലാത്തിനും ഒരു സ്കെയിൽ ഉണ്ടെന്ന്. അത് നല്ലതിനും ഉണ്ട് നെഗറ്റീവ് കാര്യങ്ങൾക്കും ഉണ്ട്.
ഈ സിനിമയിലേക്ക് വരുമ്പോൾ , എന്താണ് അയാളെ ഗോസ്റ്റ് എന്ന് വിളിക്കാൻ കാരണം. എന്തെന്നാൽ അയാൾ നൊട്ടോറിയസ് ആണ്, ഡേയ്ഞ്ചറസ് ആണ്. ഇതൊന്നുമല്ലാതെ ഈ സിനിമയിൽ ഒരു ഇമോഷൻ കൂടി സംസാരിക്കുന്നുണ്ട്. സിനിമയുടെ അവസാന ഭാഗത്തേക്ക് . അത് എന്നെ വല്ലാതെ ആകർഷിച്ച പ്രധാന ഘടകമായിരുന്നു. കൂടാതെ ജയറാമിന്റെയും എന്റെയും കഥാപാത്രങ്ങളുടെ കണക്ഷൻ വളരെ മനോഹരമായ ഒന്നുമാണ്.”
ഒക്ടോബർ 19 ന് ആണ് ശിവരാജ് കുമാർ നായകനായെത്തുന്ന ഗോസ്റ്റ് എന്ന സിനിമ പ്രദർശനത്തിന് എത്തുന്നത്. എം ജി ശ്രീനിവാസ് സംവിധാനം നിർവഹിച്ച സിനിമ ഒരു ഹീസ്റ്റ് ത്രില്ലർ ആയാണ് എത്തുന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ശിവരാജ് കുമാറിനെ കൂടാതെ നടൻ ജയറാം, അനുപം ഖേർ തുടങ്ങി നിരവധി പ്രശസ്ത താരങ്ങൾ ഈ സിനിമയിൽ അണിനിരക്കുന്നുണ്ട്. കൂടാതെ ശിവരാജ്‌കുമാറിന്റെ വിന്റേജ് കാലഘട്ടത്തിലുള്ള രംഗങ്ങളും ഇതിൽ സിജിഐ ഉപയോഗിച്ച് ചെയ്തിട്ടുണ്ട്.