ദുൽഖർ നായകനായി എത്തിയ ”കിംഗ് ഓഫ് കൊത്ത” കഴിഞ്ഞ ദിവസമാണ് ഒടിടിയിൽ പ്രദർശനത്തിന് എത്തിയത്.ഒടിടിയിൽ എത്തിയതിന് പിന്നാലെ ചിത്രത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിൽ വലിയ ചര്‍ച്ചകളാണ് ഉയർന്ന് വന്നത് . ഇതിൽ ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിട്ടത് നടി സജിതാ മഠത്തിലിനെതിരെയാണ്.ദുൽഖർ സൽമാൻ അവതരിപ്പിച്ച കൊത്ത രാജുവിനെ ‘കൊന്ന്’ പൂച്ചയെ രക്ഷിച്ച കഥാപാത്രത്തിനെതിരെയാണ് വിമർശനങ്ങൾ ഉയർന്നുവന്നത്.ഇപ്പോൾ ഇതിനെതിരെ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് താരം.
”കൊത്ത രാജുവിനെ കൊന്ന് പൂച്ചയെ രക്ഷിച്ച കാളിക്കുട്ടിയെ തെറി പറയാനും പരിഹസിക്കാനും ഇൻബോക്സിൽ എത്തുന്നവരുടെ പ്രത്യേക ശ്രദ്ധക്ക്, പ്രസ്തുത വിഷയത്തിൽ എനിക്ക് യാതൊരു പങ്കുമില്ല. കൊത്ത എന്ന രാജ്യത്ത് ജീവിച്ചിരുന്ന കാളിക്കുട്ടിയെ കണ്ടെത്തിയാൽ ഞാൻ വിവരം അറിയിച്ചോളാം!ഇതെങ്കിലും ഫലിക്കുമായിരിക്കും അല്ലെ? എന്തൊരു കഷ്ടമാണിത്” എന്നും നടി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.”
ചിത്രത്തിൽ വില്ലനായ ഷബീർ കല്ലറയ്ക്കൽ അവതരിപ്പിച്ച കണ്ണൻ എന്ന കഥാപാത്രത്തിന്റെ അമ്മയാണ് സജിത മഠത്തിൽ ചിത്രത്തിൽ എത്തുന്നത്.ഈ കഥാപാത്രത്തിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയർന്നുവന്നത്.വിമർശനം രൂക്ഷമായതോടെയാണ് സജിത രംഗത്ത് എത്തിയത്.സിനിമ പ്രേമികൾ വളരെയേറെ ആകാംക്ഷയോടെ കാണാൻ കാത്തിരുന്ന ചിത്രങ്ങളിൽ ഒന്നാണ് അഭിലാഷ് ജോഷിയുടെ സംവിധാനത്തിൽ ദുൽഖർ സൽമാൻ നായകനായെത്തിയ കിംഗ് ഓഫ് കൊത്ത.ഓണം റിലീസായി എത്തിയ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ സാധിച്ചിരുന്നില്ല.ആദ്യം ദിവസം മുതലുണ്ടായ വ്യാപകമായ ഡീഗ്രേഡിങ്ങും റിലീസ് ആയ ദിവസം തന്നെ വ്യാജ പ്രിന്റുകൾ വന്നതും ചിത്രത്തിനെ കാര്യമായി ബാധിച്ചിരുന്നു.
രണ്ടു കാലഘട്ടങ്ങളിലെ കഥ പറയുന്ന ചിത്രം കുടുംബ ബന്ധങ്ങളിലൂടെ, സൗഹൃദത്തിന്റെ ആഴങ്ങളിലൂടെ കൊത്ത ഗ്രാമത്തിന്റെ കഥയാണ് പറയുന്നത്. വേറിട്ട രണ്ടു ഗെറ്റപ്പുകളിൽ എത്തുന്ന ദുൽഖർ സൽമാന്റെ രാജു എന്ന കഥാപാത്രം പ്രേക്ഷകപ്രീതി നേടിയിരുന്നു.കിംഗ് ഓഫ് കൊത്തയിലെ പ്രമോ ഗാനം വലിയ രീതിയിൽ വൈറലായിരുന്നു. തല്ലുമാലയിലെ മണവാളൻ തഗ്ഗും സുലൈഖാ മൻസിലിലെ ഓളം അപ്പും ആലപിച്ച ഡബ്സിയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഡബ്സിയുടെ മറ്റൊരു റാപ്പ് നമ്പറായ ഈ ഗാനത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് മുഹ്‌സിൻ പരാരിയാണ്.സീ സ്റ്റുഡിയോസും വേഫറെർ ഫിലിംസും നിർമ്മിച്ച കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്,ഷാൻ റഹ്‌മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു.