സുരേന്ദർ റെഡ്ഢിയുടെ സംവിധാനത്തിൽ അഖിൽ അക്കിനേനിയും മമ്മൂട്ടിയും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഏജന്റ്. വലിയൊരു ഇടവേളയ്ക്കു ശേഷം മമ്മൂട്ടി തെലുങ്കിൽ അഭിനയിച്ച ചിത്രം കൂടിയാണിത്. തീയേറ്ററുകളിൽ പ്രതീക്ഷിച്ചത്ര വിജയം നേടാൻ ചിത്രത്തിന് കഴിഞ്ഞിരുന്നില്ല. അതേസമയം ചിത്രത്തിൻറെ ഒടിടി റിലീസ് എന്തുകൊണ്ട് വൈകുന്നുവെന്ന ചോദ്യങ്ങൾ ആരാധകരിൽ നിന്നും ഉയർന്നിരുന്നു. എന്നാൽ സെപ്റ്റംബര്‍ 29 ന് സോണി ലിവൂടെ ചിത്രത്തിന്റെ ഒടിടി റിലീസ് ഉണ്ടാകുമെന്നായിരുന്നു പറഞ്ഞിരുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് വീണ്ടും മാറ്റി വെച്ചിരിക്കുകയാണ്.
സിനിമയുടെ നിര്‍മ്മാതാവ് അനില്‍ സുങ്കരയും സോണി ലിവും തമ്മിലുള്ള സാമ്പത്തിക വിഷയമാണ് ഒടിടി റിലീസ് നീളാന്‍ കാരണമെന്ന് നേരത്തെ പ്രചരണം സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്നു. ഏപ്രില്‍ 28 ന് ആയിരുന്നു ചിത്രം റിലീസ് ചെയ്തിരുന്നത്. അതേസമയം തിയറ്ററിൽ പ്രദർശനത്തിനെത്തിയതിനു പിന്നാലെ ചിത്രം മെയ് 19 ന് ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുമെന്നാണ് ആരാധകർ വിചാരിച്ചിരുന്നത്. എന്നാൽ അന്ന് സിനിമ റിലീസ് ചെയ്തിരുന്നില്ല. പിന്നീട് ജുണിൽ വരുമെന്ന റിപ്പോര്‍ട്ടുകളാണ് തെലുങ്ക് മാധ്യമങ്ങളുൾപ്പെടെ അന്ന് നൽകിയിരുന്നത്.
എന്നാൽ ആ സമയത്തും ചിത്രം ഓടിടിയിൽ പ്രത്യക്ഷപ്പെട്ടില്ല. ഒടിടിക്ക് വേണ്ടി ചിത്രം വീണ്ടും എഡിറ്റ് ചെയ്യുന്നുവെന്നും പ്രചരണങ്ങൾ വന്നിരുന്നു. എന്നാൽ ഇങ്ങനെയുള്ള അടിസ്ഥാനമില്ലാത്ത പ്രചരണങ്ങൾക്കു പിന്നാലെ വിഷയത്തിൽ വിശദീകരണവുമായി നിര്‍മ്മാതാവ് അനില്‍ സുങ്കര രംഗത്തെത്തിയിരുന്നു. എന്തായിരുന്നു കാരണമെന്ന് വെളിപ്പെടുത്തിയിരുന്നില്ല. ഒടിടി സ്ട്രീമിംഗിനുവേണ്ടി ചിത്രം തയ്യാറാണെന്നും, ഇപ്പോഴുള്ള പ്രചരണങ്ങള്‍ യഥാർത്തമല്ലെന്നും തന്‍റെ ഭാഗത്തുനിന്ന് ഒടിടി റിലീസിനായി തടസങ്ങള്‍ ഒന്നുമില്ലെന്നും അദ്ദേഹം അന്ന് വ്യക്തമാക്കി. ഇരുവരും പരസ്പരം കാരണം വ്യക്തമാക്കാതെ സാഹചര്യത്തിലാണ് ഇപ്പോൾ വീണ്ടും ഒടിടി റിലീസ് മാറ്റി വെച്ചിരിക്കുന്നത്.
എന്തുകൊണ്ടാണ് ചിത്രം വൈകുന്നുവെന്നതിന്റെ കാരണം സോണി ലിവിന് മാത്രമേ അറിയൂ എന്നാണ് അദ്ദേഹം പറഞ്ഞത്. സാക്ഷി വൈദ്യയാണ് ചിത്രത്തിൽ നായികയായെത്തിയത്. എഡിറ്റിംഗ് ചെയ്തത് ദേശീയ അവാർഡ് ജേതാവായ നവീൻ നൂലിയായിരുന്നു. ചിത്രത്തിന് സംഗീതം ഒരുക്കിയത് ഹിപ്‌ഹോപ്പ് തമിഴയാണ് . ഛായാഗ്രഹണം നിർവഹിച്ചത് റസൂൽ എല്ലൂരും ആയിരുന്നു. എന്നാൽ എന്തുകൊണ്ടാണ് ചിത്രം വീണ്ടും ഒടിടിയിൽ വൈകുന്നുവെന്ന സംശയത്തിലാണ് ആരാധകർ. മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം ആയതിനാൽ തന്നെയും മമ്മൂട്ടിയുടെ ഫാൻസ് വലിയ നിരാശയിലാണ്.