അലന്‍സിയര്‍ നല്ല നടന്‍; ഇപ്പോള്‍ പറഞ്ഞ പരാമര്‍ശം പറയാന്‍ പാടില്ലാത്തത്: വിഡി സതീശന്‍

0
224

ലന്‍സിയര്‍ നല്ല നടനാണെങ്കിലും ഇപ്പോള്‍ പറഞ്ഞ പരാമര്‍ശം പറയാന്‍ പാടില്ലാത്തതാണെന്ന് വിഡി സതീശന്‍. മാധ്യമപ്രവര്‍ത്തകരോടാണ് അലന്‍സിയറിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്.

‘ഒരിക്കലും അലന്‍സിയര്‍ ഇങ്ങനെ പറയാന്‍ പാടില്ലാത്തതാണ്. പ്രത്യേകിച്ച് കലാകാരന്മാരായി നില്‍ക്കുന്ന ആളുകള്‍ സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തില്‍ പറയാന്‍ പാടില്ല. വര്‍ഷങ്ങളായി കിടക്കുന്ന പുരുഷമേധാവിത്വത്തിന്റെ ബാക്കിപത്രമാണ് ഈ പറയുന്നത്. അദ്ദേഹം മികച്ച നടനാണ്. ഇഷ്ടമാണ്. അദ്ദേഹത്തിന്റെ അപ്പനെന്ന് പറയുന്ന പടം കണ്ടിട്ട് ഞാന്‍ വിളിച്ച് അഭിനന്ദിച്ചതാണ്. എന്നാല്‍ ഇതൊരിക്കലും പറയാന്‍ പാടില്ല. തെറ്റാണ്. ആര് പറഞ്ഞാലും തെറ്റാണ്. ആ കാര്യത്തില്‍ ഞങ്ങള്‍ക്ക് ഉറച്ച നിലപാടാണ്’ എന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞത്.

അതേസമയം, പ്രത്യേക ജൂറി പരാമര്‍ശം ഏറ്റുവാങ്ങിയ ശേഷം നടത്തിയ പ്രസംഗത്തിലാണ് സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയത്. അലന്‍സിയര്‍ പറഞ്ഞത് ഇങ്ങനെയാണ്; ‘അവാര്‍ഡ് വാങ്ങി വീട്ടില്‍ പോകാനായി ഓടിയതായിരുന്നു ഞാന്‍, നല്ല ഭാരമുണ്ടായിരുന്നു ആ അവാര്‍ഡിന്. മുഖ്യമന്ത്രി ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തോട് പറയാമായിരുന്നു, ഇപ്പോള്‍ സാംസ്‌കാരിക മന്ത്രി ഉള്ളതുകൊണ്ട് പറയാം, ഇത് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡാണ് ഞങ്ങള്‍ക്ക് തന്നത്. നല്ല നടനുള്ള പുരസ്‌കാരം എല്ലാവര്‍ക്കും കിട്ടും.

എന്നാല്‍ സ്‌പെഷ്യല്‍ കിട്ടുന്നവര്‍ക്കു സ്വര്‍ണത്തിലെങ്കിലും പൊതിഞ്ഞ പ്രതിമ തരണം. എനിക്കും കുഞ്ചാക്കോ ബോബനും ഇരുപത്തയ്യായിരം രൂപയെന്നുപറഞ്ഞു അപമാനിക്കരുത്. ഞങ്ങള്‍ക്കും പൈസയൊക്കെ കൂട്ടണം. അത് ഞാന്‍ ബംഗാളി ചലച്ചിത്ര സംവിധായകന്‍ ഗൗതം ഘോഷിനോട് പറയുകയാണ്. ഒരു അഭ്യര്‍ത്ഥനകൂടി എനിക്ക് പറയാനുണ്ട്. ഈ പെണ്‍ പ്രതിമ തന്നുകൊണ്ട് ഞങ്ങളെ പ്രലോഭിപ്പിക്കരുത്. ഇനിയെങ്കിലും ആണ്‍കരുത്തുള്ളൊരു മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍ കരുത്തുള്ള പ്രതിമ തരണം. ആണ്‍ കരുത്തുള്ള പ്രതിമ എന്ന് വാങ്ങിക്കാന്‍ കഴിയുന്നോ, അന്ന് ഞാന്‍ അഭിനയം നിര്‍ത്തും.” എന്നാണ് അലന്‍സിയര്‍ പറഞ്ഞത്.

 

അതിനുശേഷം, വിവാദപരാമര്‍ശത്തില്‍ പ്രതികരണവുമായി നടന്‍ അലന്‍സിയര്‍. പെണ്‍പ്രതിമ നല്‍കി പ്രലോഭിപ്പിക്കുന്നു എന്ന പ്രസംഗത്തില്‍ തെറ്റില്ലെന്നും പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അലന്‍സിയര്‍ വ്യക്തമാക്കി. അതില്‍ സ്ത്രീവിരുദ്ധതയില്ല. ഒരു പുരുഷന്‍ എന്ന നിലയില്‍ അഭിമാനിക്കുന്നു. ഒരു ലജ്ജയും ഇല്ല. കിട്ടിയ പുരസ്‌കാരം നടി പൗളി ചേച്ചിയ്ക്കാണ് ആദ്യം നല്‍കിയത്. ഞാനൊരു സ്ത്രീവിരുദ്ധന്‍ ഒന്നുമല്ല. അതൊക്കെ മനസ്സിലാക്കാനുള്ള വിവേകം പെണ്‍കൂട്ടായ്മക്ക് ഉണ്ടാകണം. ആണ്‍കരുത്തുള്ള പ്രതിമ വേണം എന്ന് പറഞ്ഞത് തന്റേടത്തോടെയാണ്. പുരുഷ ശരീരത്തിന് വേണ്ടി സംസാരിച്ചത് അമ്മയ്ക്കു വേണ്ടിയാണ്. എന്തിനാണ് എല്ലാവര്‍ഷവും ഒരേ ശില്പം തന്നെ നല്‍കുന്നത് എന്നാണ് ചോദിച്ചതെന്നുമാണ് പ്രസ്താവനയില്‍ അലന്‍സിയര്‍ വിശദീകരിച്ചത്.

അതേസമയം, സിനിമയില്‍ നിന്നുള്ള നിരവധി സിനിമ പ്രവര്‍ത്തകര്‍ ഈ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നത്. ഭാഗ്യലക്ഷ്മി, ശ്രുതി ശരണ്യം, സന്തോഷ് കീഴാറ്റൂര്‍, ട്രാന്‍സ് മോഡല്‍ ശീതള്‍ ശ്യാം എന്നിവരാണ് രംഗത്തെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here