സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയില്‍ നടന്‍ അലന്‍സിയര്‍ പറഞ്ഞ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി മന്ത്രി ആര്‍.ബിന്ദു. അലന്‍സിയറിന്റെ പ്രതികരണം പുരുഷാധിപത്യ ബോധത്തിന്റെ ബഹിസ്ഫുരണമാണെന്നും ഒരിക്കലും അത്തരം ഒരു വേദിയില്‍ നടത്താന്‍ പാടില്ലാത്ത പരാമര്‍ശമായിരുന്നെന്നും മന്ത്രി പറഞ്ഞു.
”അത്തരമൊരു പ്രതികരണം നിര്‍ഭാഗ്യകരമായിപ്പോയി. അതുപോലൊരു വേദിയില്‍വച്ച് അത്തരമൊരു പരാമര്‍ശം ഉണ്ടാകാന്‍ പാടില്ലായിരുന്നു. ഇത്തരം മനസ്സുകളില്‍ അടിഞ്ഞുകൂടി കിടക്കുന്ന പുരുഷാധിപത്യ ബോധത്തിന്റെ ബഹിസ്ഫുരണമാണത്. അത് ഒഴിവാക്കേണ്ടതായിരുന്നു. നിരന്തര ബോധവത്കരണത്തിലൂടെ മാത്രമേ അതു മാറ്റിയെടുക്കാന്‍ സാധിക്കൂ” മന്ത്രി ബിന്ദു പറഞ്ഞു.
എന്നാല്‍ ഈ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് നടന്‍ ഇന്ന് മാധ്യമങ്ങളോടു പ്രതികരിച്ചു.
അതേസമയം, പ്രത്യേക ജൂറി പരാമര്‍ശം ഏറ്റുവാങ്ങിയ ശേഷം നടത്തിയ പ്രസംഗത്തിലാണ് സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയത്. അലന്‍സിയര്‍ പറഞ്ഞത് ഇങ്ങനെയാണ്; ‘അവാര്‍ഡ് വാങ്ങി വീട്ടില്‍ പോകാനായി ഓടിയതായിരുന്നു ഞാന്‍, നല്ല ഭാരമുണ്ടായിരുന്നു ആ അവാര്‍ഡിന്. മുഖ്യമന്ത്രി ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തോട് പറയാമായിരുന്നു, ഇപ്പോള്‍ സാംസ്‌കാരിക മന്ത്രി ഉള്ളതുകൊണ്ട് പറയാം, ഇത് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡാണ് ഞങ്ങള്‍ക്ക് തന്നത്. നല്ല നടനുള്ള പുരസ്‌കാരം എല്ലാവര്‍ക്കും കിട്ടും.
എന്നാല്‍ സ്‌പെഷ്യല്‍ കിട്ടുന്നവര്‍ക്കു സ്വര്‍ണത്തിലെങ്കിലും പൊതിഞ്ഞ പ്രതിമ തരണം. എനിക്കും കുഞ്ചാക്കോ ബോബനും ഇരുപത്തയ്യായിരം രൂപയെന്നുപറഞ്ഞു അപമാനിക്കരുത്. ഞങ്ങള്‍ക്കും പൈസയൊക്കെ കൂട്ടണം. അത് ഞാന്‍ ബംഗാളി ചലച്ചിത്ര സംവിധായകന്‍ ഗൗതം ഘോഷിനോട് പറയുകയാണ്. ഒരു അഭ്യര്‍ത്ഥനകൂടി എനിക്ക് പറയാനുണ്ട്. ഈ പെണ്‍ പ്രതിമ തന്നുകൊണ്ട് ഞങ്ങളെ പ്രലോഭിപ്പിക്കരുത്. ഇനിയെങ്കിലും ആണ്‍കരുത്തുള്ളൊരു മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍ കരുത്തുള്ള പ്രതിമ തരണം. ആണ്‍ കരുത്തുള്ള പ്രതിമ എന്ന് വാങ്ങിക്കാന്‍ കഴിയുന്നോ, അന്ന് ഞാന്‍ അഭിനയം നിര്‍ത്തും.” എന്നാണ് അലന്‍സിയര്‍ പറഞ്ഞത്.
അതേസമയം, നിരവധി പേരാണ് അലന്‍സിയറിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. നടനെതിരെ സോഷ്യല്‍മീഡിയയിലൂടെയാണ് വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഭാഗ്യലക്ഷ്മി, ശ്രുതി ശരണ്യം,നടന്‍ സന്തോഷ് കീഴാറ്റൂര്‍, മനോജ് രാമസിംഹ് തുടങ്ങി സിനിമ മേഖലയില്‍ നിന്ന് നിരവധി പേര്‍ രംഗത്തു വരുന്നുണ്ട്.