അമ്മയുടെ പ്രസിഡന്റിന് യോഗത്തിനെത്താന്‍ സാധിക്കില്ല:’അമ്മ’ എക്‌സിക്യുട്ടീവ് യോഗം മാറ്റിവച്ചു

0
90

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെയുണ്ടായ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച ചേരാനിരുന്ന ‘അമ്മ’ എക്‌സിക്യുട്ടീവ് യോഗം മാറ്റിവച്ചു. അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലിന് നാളെ കൊച്ചിയില്‍ എത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് യോഗം മാറ്റിവച്ചിരിക്കുന്നത് എന്നാണ് അറിയുന്നത്.

യോഗത്തില്‍ നേരിട്ടു പങ്കെടുക്കണമെന്ന് മോഹന്‍ലാല്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ കൂടി സൗകര്യാര്‍ഥം യോഗം മാറ്റിയിരിക്കുന്നത് എന്നു സംഘടനയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തില്‍ യോഗം നിര്‍ണായകമാണ്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനുശേഷം, ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ദിഖിന്റെ നേതൃത്വത്തില്‍ വാര്‍ത്താ സമ്മേളനം നടത്തുകയും അമ്മയുടെ നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു. പ്രതിസ്ഥാനത്തുള്ളവരെ അമ്മ സംരക്ഷിക്കില്ലെന്നായിരുന്നു സിദ്ദിഖ് പറഞ്ഞത്. ഇതു കഴിഞ്ഞ് രണ്ടാം ദിവസം സിദ്ദിഖിന് ജനറല്‍ സെക്രട്ടറി പദവി രാജി വയ്‌ക്കേണ്ടി വന്നു.

ജോയിന്റ് സെക്രട്ടറി ബാബുരാജിനാണ് ഇപ്പോള്‍ ജനറല്‍ സെക്രട്ടറിയുടെ ചുമതല. സിദ്ദിഖിന് പകരക്കാരനെ കണ്ടെത്തുക എന്ന വെല്ലുവിളിയും സംഘടനയ്ക്ക് മുന്‍പാകെയുണ്ട്. സംഘടനയുടെ ദൈനംദിന കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ജനറല്‍ സെക്രട്ടറിയുടെ ഉത്തരവാദിത്തമാണ്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു ശേഷം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ക്കിടയിലും അമ്മയിലെ അംഗങ്ങള്‍ക്കിടയിലും അഭിപ്രായവ്യത്യാസങ്ങള്‍ ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് ആഭിമുഖ്യമുള്ള വൈസ് പ്രസിഡന്റ് ജഗദീഷും സിപിഐ ആഭിമുഖ്യമുള്ള മറ്റൊരു വൈസ് പ്രസിഡന്റ് ജയന്‍ ചേര്‍ത്തലയും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചവരാണ്. നടി ഉര്‍വശി, കഴിഞ്ഞ എക്‌സിക്യൂട്ടീവില്‍ വൈസ് പ്രസിഡന്റായിരുന്ന ശ്വേത മേനോന്‍, നിലവിലെ എക്‌സിക്യൂട്ടീവ് അംഗം അന്‍സിബ ഹസന്‍ തുടങ്ങി നിരവധി പേര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്തിരുന്നു. ജനറല്‍ സെക്രട്ടറി രാജി വച്ചാലും അമ്മയ്ക്ക് ഒന്നും സംഭവിക്കില്ലെന്നും മുന്നോട്ടു പോവുമെന്നുമാണ് ബാബുരാജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. നിരവധി പേരാണ് പരാതിയുമായി രംഗത്ത് വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here