ആനന്ദ് ദേവെരകൊണ്ടെയുടെ നായികയായി വീണ്ടും വൈഷ്‍ണവി ചൈതന്യ

0
160

നിരവധി നല്ല നല്ല ചിത്രങ്ങളാണ് തെലുങ്ക് സിനിമ ഇൻഡസ്ട്രിയിൽ നിന്നും ശ്രദ്ധിക്കപ്പെടുന്നത്. അടുത്തകാലത്തായി തെലുങ്കില്‍ പ്രതീക്ഷിക്കാതെ ഹിറ്റായായ ചിത്രമാണ് ആനന്ദ് ദേവെരകൊണ്ട നായകനായി എത്തിയ ‘ബേബി’ എന്ന ചിത്രം. വൈഷ്‍ണവി ചൈതന്യയാണ് അതിൽ നായികയായി എത്തിയത്. ആനന്ദ് ദേവെരകൊണ്ട നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിലും വൈഷ്‍ണവി ചൈതന്യ തന്നെയാണ് നായികയാകാൻ പോകുന്നത്. നവാഗതനായ രവി നമ്പൂരിയാണ് ചിത്രത്തി​ന്റെ സംവിധാനം നിർവഹിക്കുക.

ആനന്ദ് ദേവെരകൊണ്ട നായക കഥാപാത്രമാകുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചതായാണ് ലഭിക്കുന്ന വിവരങ്ങൾ. സായ് രാജേഷ് നീലം തിരക്കഥയെഴുതുന്ന ചിത്രം 2024ല്‍ പ്രദർശനം ചെയ്യാനാണ് തീരുമാനം. എന്തായാലും ആരാധകരെ ആവേശത്തിലാക്കുന്നതാണ് ഈ ചിത്രത്തി​ന്റെ പ്രഖ്യാപനം. ചിത്രത്തിന്റെ നിര്‍മാണം അമൃത പ്രൊഡക്ഷൻസാണ് നിർവഹിക്കുന്നത്.

സായ് രാജേഷ് നീലമായിരുന്നു ബേബി എന്ന ചിത്രം സംവിധാനം ചെയ്‍തത്. തിരക്കഥയും സായ് രാജേഷ് നീലമായിരുന്നു ചെയ്തത്. കമിംഗ് ഓഫ് ഏജ് റൊമാന്‍റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം ജൂലൈ 14 നാണ് തിയറ്ററുകളില്‍ പ്രദർശനത്തിന് എത്തിയത്. റിലീസിനേ മികച്ച മൗത്ത് പബ്ലിസിറ്റിയുണ്ടായ ചിത്രം വൻ ഹിറ്റായി മാറുകയായിരുന്നു. ആനന്ദ് ദേവെരകൊണ്ട നായകനായി 80 കോടിക്ക് മുകളില്‍ നേടി തെലുങ്ക് പ്രേക്ഷകരെ വിസ്‍മയിപ്പിച്ച ചിത്രം കൂടിയായിരുന്നു ബേബി. ശ്രീനിവാസ് കുമാര്‍ നൈദുവാണ് ബേബി സിനിമ നിര്‍മിച്ചിരുന്നത്. എം എൻ ബല്‍റെഡ്ഡി ബേബി സിനിമയുടെ ഛായാഗ്രാഹണം കെെകാര്യം ചെയ്യുകയുണ്ടായി. വൈഷ്‍ണവി ചൈതന്യ ആനന്ദിന്റെ നായികയായി ചിത്രത്തില്‍ എത്തിയപ്പോള്‍ ഒപ്പം വിരാജ് അശ്വിന്‍, നാഗേന്ദ്ര ബാബു, ലിറിഷ കുനപ്പറെഡ്ഡി, ഹര്‍ഷ ചെമുഡു, സാത്വിക് ആനന്ദ്, സായ് പ്രസാദ് എന്നിവരും കഥാപാത്രങ്ങളായി വേഷമിട്ടു.

‘ദൊരസാനി’ എന്ന ചിത്രത്തിലൂടെ 2019 ല്‍ ആയിരുന്നു ആനന്ദ് ദേവരകൊണ്ട നായക കഥാപാത്രമായി സിനിമ മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ‘മിഡില്‍ ക്ലാസ് മെലഡീസ്’, ‘ഹൈവേ’ എന്നിവയിലും ആനന്ദ് ദേവെരകൊണ്ട നായകനായി വേഷമിട്ടു മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടിയിരുന്നു. പ്രമേയത്തിലെ തെരഞ്ഞെടുപ്പാണ് ആനന്ദിന്റെ മറ്റ് താരങ്ങളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത് എന്നാണ് നിരൂപകർ പറയുന്നത് . ഒന്നിനൊന്ന് വ്യത്യസ്‍ത വേഷങ്ങളാണ് ഓരോ സിനിമയിലും ആനന്ദ് ദേവെരകൊണ്ട അവതരിപ്പിക്കുന്നത്. അതിനനുസരിച്ചാണ് അദ്ദേഹം സിനിമകൾ തിരഞ്ഞെടുക്കുന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here