മിഥുൻ മാന്വൽ തോമസിന്റെ തിരക്കഥയിൽ അദ്ദേഹംതന്നെ സംവിധാനം നിർവഹിച്ച ചിത്രമായിരുന്നു ‘അഞ്ചാം പാതിരാ’. കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ചിത്രം വമ്പൻ വിജയമായിരുന്നു. എന്നാൽ ‘ഗരുഡൻ’ എന്ന സിനിമ അതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒന്നാണെന്ന് പറയുകയാണ് തിരക്കഥാകൃത്തായ മിഥുൻ മാന്വൽ. കൊച്ചിയിൽ വച്ചുനടന്ന ഗരുഡൻ സിനിമയുടെ പത്രസമ്മേളനത്തിനിടെ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മിഥുൻ മാന്വലിന്റെ വാക്കുകൾ…
”നമ്മൾ തന്നെ മുൻപ് ചെയ്തവച്ച സിനിമകളുടെ പ്രതീക്ഷകൾ, നമ്മളുടെ പുതിയ സിനിമയെ ബാധിക്കാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എളുപ്പമുള്ളതാണ്. നമ്മൾ നമ്മളെ തന്നെ ആവർത്തിക്കില്ല എന്ന് തീരുമാനിച്ചാൽ വളരെ എളുപ്പത്തിൽ മറികടക്കാവുന്ന ഒരു കാര്യമാണ് അത്. അഞ്ചാം പാതിര ഒരു സീരിയൽ കില്ലർ ത്രില്ലർ ആയിരുന്നു. ഗരുഡന്റെ ട്രെയിലർ നിങ്ങൾ കണ്ടല്ലോ, അത് മറ്റൊരു തരം ത്രില്ലർ ആണ്. അഞ്ചാം പാതിരയുടെ അതെ പാറ്റേണിൽ അടുത്ത ഒരു ത്രില്ലറുമായി ഞാൻ വന്നുകഴിഞ്ഞാൽ ഞാൻ എന്നെ തന്നെ ആവർത്തിക്കുകയാണ് എന്ന് നിങ്ങൾ പറയില്ലേ. അപ്പോൾ ആ ഒരു പരിപാടിക്ക് ഞാൻ ശ്രമിച്ചിട്ടേ ഇല്ല.
തികച്ചും വ്യത്യസ്തമായ ത്രില്ലറിന്റെ സാധ്യതകളാണ് അവർ രണ്ടുപേരും വന്നു കഥ പറഞ്ഞപ്പോൾ എനിക്ക് തോന്നിയത്. അതുകൊണ്ടാണ് അത് എഴുതാൻ തീരുമാനിച്ചത്. അഞ്ചാം പാതിര അതിന്റെതായ ഒരു ട്രാക്കും ഈ സിനിമ അതിന്റെതായ വേറെ ട്രാക്കും എന്നൊരു സമീപനമാണ് ആദ്യം മുതലേ സ്വീകരിച്ചിട്ടുള്ളത്. അഞ്ചാം പാതിരയുമായി ഒരു തരത്തിലുള്ള സാമ്യതകളും ഉണ്ടാവില്ല. ഗരുഡൻ തനിച്ചു പറന്നു പോയികൊണ്ടിരിക്കുന്ന വേറൊരു പക്ഷിയായിരിക്കും.”
2020 ൽ പ്രദർശനത്തിന് എത്തിയ ചിത്രമാണ് ‘അഞ്ചാം പാതിരാ’. അന്വേഷണങ്ങളുടെയും തുടർകൊലപാതകങ്ങളുടെയും കഥപറഞ്ഞുപോകുന്ന ഒരു ത്രില്ലർ ആയിരുന്നു ആ സിനിമ. എന്നാൽ ഗരുഡൻ നിയമ യുദ്ധങ്ങളുടെ അകത്തളങ്ങളിലേക്ക് സഞ്ചരിക്കുകയും, അതിന്റെ നൂലാമാലകൾ സൃഷ്ടിക്കുന്ന ത്രില്ലിലേക്കും ഒക്കെയാണ് പോകുന്നത്.
നവാഗതനായ അരുൺ വർമ്മയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ മലയാള ചിത്രമാണ് ‘ഗരുഡൻ’. വലിയൊരു ഇടവേളയ്ക്ക് ശേഷം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സുരേഷ് ഗോപിയും ബിജു മേനോനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന 28-മത് ചിത്രമാണിത്.