മ്യൂസിക്കൽ ഗ്യാങ്‌സ്റ്റർ കോമഡി പശ്ചാത്തലത്തിൽ ഒരുക്കി 2014 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘ജിഗർതണ്ട’. കാർത്തിക് സുബ്ബരാജ് ആയിരുന്നു ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത്. ഈ സിനിമയുടെ രണ്ടാം ഭാഗമായ ‘ജിഗർതണ്ട ഡബിൾ എക്സ്’ വരുമെന്ന് നേരത്തെതന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോൾ തെന്നിന്ത്യൻ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട് രണ്ടാം ഭാഗത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
ആദ്യഭാഗത്തേപ്പോലെതന്നെ ആക്ഷൻ പശ്ചാത്തലമാക്കിതന്നെയായിരിക്കും ‘ജിഗർതണ്ട ഡബിൾ എക്സും’ എന്നാണ് ടീസറിലെ ദൃശ്യങ്ങൾ നൽകുന്ന സൂചനകൾ. എസ്‍.ജെ. സൂര്യയും രാഘവ ലോറൻസുമാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നത്. സെപ്തംബർ പതിനൊന്നായ ഇന്നാണ് സിനിമയുടെ ടീസർ അണിയറ പ്രവർത്തകർ റിലീസ് ചെയ്തത്. നിമിഷ സജയനാണ് ചിത്രത്തിലെ നായിക. ചിത്രം ദീപാവലി റിലീസായാണ് തിയറ്ററുകളിലെത്തുക. കാർത്തിക് സുബ്ബരാജ് തന്നെയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്.
സംഗീതം സംവിധാനം സന്തോഷ് നാരായണനും, ഛായാഗ്രഹണം നിർവഹിക്കുന്നത് എസ് തിരുവാണ്. എഡിറ്റിംഗ് ചെയ്യുന്നത് ഷാഫിഖ് മൊഹമ്മദ് അലി. സ്റ്റോൺ ബെഞ്ച് ഫിലിംസ് & ഫൈവ് സ്റ്റാർ ക്രീയേഷൻസിന്റെയും ബാനറിൽ, കാർത്തികേയൻ സന്താനവും,കതിരേശനുമാണ് ചിത്രം നിർമ്മിക്കുന്നത്.
2014 ൽ പ്രദർശനത്തിനെത്തിയ ‘ജിഗർതണ്ട’ തമിഴ്നാട്ടിൽ പുതിയ വഴികൾ വെട്ടിത്തെളിച്ച ഒരു ചിത്രമാണ്. ആദ്യം തമിഴിൽ നിർമിക്കുകയും പിന്നീട് തെലുങ്ക്, ഹിന്ദി ഭാഷകളിലേക്ക് റീമേക്ക് ചെയ്യുകയും ചെയ്തു. വരുൺ തേജ്, അക്ഷയ് കുമാർ എന്നിവരാണ് ചിത്രം റീമേക്ക് ചെയ്തത്. 2014-ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട അഞ്ച് ഇന്ത്യൻ സിനിമകളുടെ വിഭാഗത്തിൽ അഞ്ചാം സ്ഥാനം നേടിയ ഏക തമിഴ് ചിത്രം കൂടിയായിരുന്നു ജിഗർതണ്ട.
‘മധുരയെ കിടുകിടാ വിറപ്പിച്ച ‘അസോൾട്ട് സേതു’ എന്ന ക്രൂരനായ ഗുണ്ടാതലവനെയും സംഘത്തെയും കാർത്തിക് കണ്ടെത്തുകയും സേതുവിന്റെ ജീവിതത്തെക്കുറിച്ച് ഒരു സിനിമ നിർമ്മിക്കാൻ തീരുമാനിക്കുകയും ചെയ്‌തു.’ എന്നാണ് ‘ജിഗർതണ്ട’യുടെ ആദ്യഭാഗത്തെ കാർത്തിക് സുബ്ബരാജ് വിശേഷിപ്പിച്ചത്.
സിദ്ധാർഥ്, ബോബി സിംഹ, ലക്ഷ്മി മേനോൻ എന്നിവരായിരുന്നു ജിഗർതാണ്ട ആദ്യഭാഗത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കരുണാകരൻ, ഗുരു സോമസുന്ദരം, പ്രതാപ് പോത്തൻ തുടങ്ങിയവരായിരുന്നു മറ്റു താരങ്ങൾ. ഫൈവ് സ്റ്റാർ ഫിലിംസിന്റെ ബാനറിൽ കതിരേശൻ നിർമ്മിച്ച ചിത്രം വിതരണം ചെയ്തത് സൺ പിക്‌ചേഴ്‌സ് ആയിരുന്നു. സന്തോഷ് നാരായണനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.