മലയാളത്തിന് നിരവധി വിജയ സിനിമകൾ സമ്മാനിച്ച സംവിധായകനാണ് അൻവർ റഷീദ്. ഫഹദ് നായകനായി എത്തിയ ട്രാൻസ് ആണ് അദ്ദേഹത്തിൻറേതായി ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയത്. ഇപ്പോൾ വലിയൊരു ഇടവേളയ്ക്ക് ശേഷം പുതിയൊരു ചിത്രവുമായി എത്തുകയാണ് അൻവർ റഷീദ്. ആർഡിഎക്സിന്റെ നിർമ്മാതാവായ സോഫിയ പോൾ ആണ് നിർമ്മാണം. സിനിമാ മേഖലയിൽ തങ്ങൾ ഒരു ദശാബ്ദം പിന്നിടുന്നതിൻറെ ഭാഗമായി ഒരേ ദിവസം നാല് ചിത്രങ്ങളാണ് സോഫിയ പോളിൻറെ നിർമ്മാണകമ്പനിയായ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് പ്രഖ്യാപിച്ചത്. ഇതിൽ നാലാമത്തെതാണ് അൻവർ റഷീദ് സംവിധാനം നിർവഹിക്കുന്ന ഈ പുതിയ ചിത്രം.

മലയാള സിനിമയുടെ യുവ സംവിധായകന്മാരിൽ പ്രശസ്തനാണ് അൻവർ റഷീദ്. ‘ട്രാൻസ്’ എന്ന വിജയ ചിത്രത്തിന് ശേഷം അടുത്ത സിനിമയ്ക്കായി കാത്തിരുന്ന ആരാധകരെ ആകാംക്ഷയിലാഴ്ത്തിക്കൊണ്ടാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള അൻവറിന്റെ ഈ ചിത്രം നിർമ്മിക്കുന്നത് സോഫിയ പോളിന്റെ വീക്കെൻഡ് ബ്ലോക്ബസ്റ്റേഴ്സാണ്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിൻറെ പത്താമത്തെ ചിത്രമാണിത്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡെയ്സ് നിർമ്മിച്ചത് അൻവർ റഷീദും സോഫിയ പോളും ഒരുമിച്ചായിരുന്നു. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിൻറെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ബാംഗ്ലൂർ ഡെയ്സ്.

പ്രേക്ഷകർ പൂർണമനസ്സോടെ സ്വീകരിച്ച ‘ഉസ്താദ് ഹോട്ടൽ’ പുറത്തിറങ്ങി ഏഴ് വർഷത്തിന് ശേഷമായിരുന്നു ട്രാൻസുമായി അൻവർ റഷീദ് എത്തിയത്. ബോക്സ് ഓഫീസിൽ ചിത്രത്തിന് വിജയം കാണാൻ കഴിഞ്ഞിരുന്നില്ലെങ്കിലും നിരൂപകപ്രശംസകൊണ്ടും കഥ കൊണ്ടും ട്രാൻസിനെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. അമൽ നീരദായിരുന്നു ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്. ക്യാമറയിലെ പുതിയ പരീക്ഷണങ്ങളായ റോബോട്ടിക്സ് ക്യാമറ ഈ സിനിമയിലൂടെ അമൽ നീരദ് കൊണ്ടുവന്നിരുന്നു. പുതിയ ചിത്രത്തിന്റെ മറ്റു വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നാണ് റിപ്പോർട്ട്.

അതേസമയം സോഫിയ പോളിനൊപ്പം ആന്റണി വർഗീസ് പെപ്പെ ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പൂജയും ഇന്ന് നടന്നു. ആർഡിഎക്സിന്റെ മാസ്മരിക വിജയത്തിന് ശേഷമാണ് വീക്കെൻ്റ് ബ്ലോക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന പുതിയ ചിത്രം ആരംഭിക്കുന്നത്. ആന്റണി വർഗീസ് പെപ്പെ ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. നവാഗതനായ അജിത് മാമ്പള്ളിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. തമിഴ് സംവിധായകനായ എസ് ആർ പ്രഭാകരൻ കൂടാതെ സലീൽ – രഞ്ജിത്ത്, ഫാന്റം പ്രവീൺ, പ്രശോഭ് വിജയൻ തുടങ്ങിയവർക്കൊപ്പം സഹസംവിധായകനായി പ്രവർത്തിച്ച സംവിധായകനാണ് അജിത് മാമ്പള്ളി. കടൽ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഒരു പ്രതികാര ആക്ഷൻ ഡ്രാമയാണ് ചിത്രം കെെകാര്യം ചെയ്യുന്നതെന്നാണ് സൂചനകൾ. ആർ.ഡി.എക്സ് പോലെ വലിയ ക്യാൻവാസ്സിൽ, വലിയ മുതൽ മുടക്കിൽ ഒരുക്കുന്ന ചിത്രമായിരിക്കും ഇത്. വമ്പൻ താരനിരതന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ

