ആൾക്കൂട്ട വിചാരണയ്ക്ക് വിധേയനായി മരണപ്പെട്ട അട്ടപ്പാടി മധുവിന്റെ ജീവിതം ആസ്പദമാക്കുന്ന ആദിവാസി സിനിമയുടെ ചിത്രീകരണ അനുഭവങ്ങളെക്കുറിച്ച് നടൻ അപ്പാനി ശരത്ത്.ജീവിതത്തിൽ ഒരുപാട് പ്രതീക്ഷയുള്ള കഥാപാത്രമാണ് മധുവിന്റേതെന്നും ശരീരത്തെക്കാൾ കൂടുതൽ മാനസികമായി ആ കഥാപാത്രമായി മാറാൻ ഒരുപാട് സമയം വേണ്ടിവന്നെന്നും നടൻ പറയുന്നു.
അപ്പാനി ശരത്തിന്റെ വാക്കുകൾ …….
”മധുവിന്റെ ജീവിതം ആസ്പദമാക്കുന്ന ആദിവാസി എന്ന സിനിമ എന്റെ ജീവിതത്തിൽ ഒരുപാട് പ്രതീക്ഷയുള്ള കഥാപാത്രമാണ്.ഒരുപാട് ബുദ്ധിമുട്ടി ചെയ്ത കഥാപാത്രമാണ് അത്.പട്ടിണി കിടന്നിട്ടാണ് ഞാൻ ആ രൂപത്തിൽ എത്തിച്ചേർന്നത്.ശരീരത്തെക്കാൾ കൂടുതൽ മാനസികമായി ആ കഥാപാത്രമായി മാറാൻ ഒരുപാട് സമയം വേണ്ടിവന്നു.സിനിമയുടെ ചിത്രീകരണ സമയത്ത് മധുവിന്റെ കുടുംബത്തിലുള്ളവർ എല്ലാവരും കാണാൻ വരുമായിരുന്നു.മധുവിന്റെ രൂപത്തിൽ ആയതുകൊണ്ട് തന്നെ അവർക്ക് പ്രത്യേക ഇഷ്ടമായിരുന്നു എന്നോട്.ഒട്ടുമിക്ക സമയവും എന്നെ തൊടുകയും ലാളിക്കുകയും സ്നേഹം പങ്കിടുകയും ഒക്കെ അവർ ചെയ്തിരുന്നു.ബാംഗ്ലൂർ ഫിലിം ഫെസ്റ്റിവലിൽ ആദിവാസി പ്രദർശിപ്പിച്ചപ്പോൾ മധുവിന്റെ അമ്മയും പെങ്ങളും വലിയ കരച്ചിലായിരുന്നു.എന്നെ അത്രമാത്രം അവർ ആ വ്യക്തിയായി കണ്ടതുകൊണ്ടാണ് അവർക്ക് ഇത്രയും വിഷമമായത്.അവരെ ഒരിക്കൽ കൂടി പോയി കാണണം എന്ന ആഗ്രഹം എനിക്കുണ്ട്.അവർക്കായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം എനിക്കുണ്ട്.”
മധുവിന്റെ മരണം ആസ്പദമാക്കി ആദ്യമായി വെള്ളിത്തിരയിലെത്തുന്ന ചിത്രമാണ് ആദിവാസി.വിജീഷ് മണിയാണ് ചിത്രത്തിൻറെ സംവിധായകൻ .ചിത്രത്തിൽ മധുവായി എത്തുന്നത് അങ്കമാലി ഡയറീസിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ അപ്പാനി ശരത്താണ്. 2018 ഫെബ്രുവരി 22 നാണ് സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിച്ച ക്രൂരമായ കൊലപാതകം നടന്നത്. അരി മോഷ്ടിച്ചെന്ന കാരണത്തെ തുടർന്ന് 2018 ഫെബ്രുവരി 22ന് അട്ടപ്പാടിയിലെ മുക്കാലിയില്‍ മധുവിനെ ആള്‍ക്കൂട്ട വിചാരണ നടത്തി മര്‍ദിച്ച് അവശനാക്കി കൊലപ്പെടുത്തുകയായിരുന്നു.അതേസമയം, സൈനു ചാവക്കാടന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആക്ഷൻ ക്യാമ്പസ് ചിത്രമായ ‘പോയിന്റ് റേഞ്ച് ആണ് അപ്പാനി ശരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.ഡിഎം പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ഷിജി മുഹമ്മദും തിയ്യാമ്മ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കോഴിക്കോട് ,പോണ്ടിച്ചേരി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ക്യാമ്പസ് രാഷ്രീയവും പകയും പ്രണയവും എല്ലാം പോയിന്റ് റേഞ്ച് ചർച്ച ചെയ്യുമ്പോൾ ശരത് അപ്പാനിയുടെ ‘ആദി ‘ എന്ന കഥാപാത്രത്തിലൂടെ വേറിട്ട മുഖം ആയിരിക്കും പ്രേക്ഷകർക്കു സമ്മാനിക്കുക.