അപ്പാനി ശരത് കാരവാൻ ഇല്ലാതെ അഭിനയിക്കില്ല എന്നൊരു വാർത്ത വർഷങ്ങൾക്കു മുൻപ് പുറത്തുവന്നിരുന്നു. എന്നെ പല ചാനലുകാരും വിളിച്ച് ചോദിച്ചപ്പോൾ ഞാൻ ഒറ്റ ഉത്തരമേ പറഞ്ഞുള്ളൂ. നിങ്ങൾ ഞാൻ എന്താണെന്നോ ഞാൻ വന്ന വഴി എന്താണെന്നോ ഇവിടെയുള്ള ആളുകളുടെ അടുത്ത് അന്വേഷിച്ച് നോക്ക് എന്നേ പറഞ്ഞിട്ടുള്ളൂ. അതിനെതിരെ ഞാൻ പ്രതികരിക്കുകയോ ഒന്നും ചെയ്തിട്ടില്ല എന്ന് അപ്പാനി ശരത്. മൂവിവേൾഡ് മീഡിയയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അപ്പാനി ശരത്തിന്റെ വാക്കുകൾ…
അപ്പാനി ശരത് കാരവാൻ ഇല്ലാതെ അഭിനയിക്കില്ല എന്നൊരു വാർത്ത വർഷങ്ങൾക്കു മുൻപ് പുറത്തുവന്നിരുന്നു. ഞാൻ ലളിതമായൊരു കാര്യം പറയാം, തിരുവനന്തപുരത്ത് ശംഖുമുഖം എന്ന് പറയുന്ന സ്ഥലത്ത് ഒരു പടത്തിന്റെ ഷൂട്ട് നടക്കുകയാണ്, ഞാൻ റൂമിൽ നിന്ന് ലൊക്കേഷനിലേക്ക് വരികയാണ്. ലൊക്കേഷനിലേക്ക് വരുമ്പോൾ അന്ന് ഷൂട്ട് കാണാനായിട്ട് എന്റെ കൂടെ പഠിച്ച എന്റെ സുഹൃത്തുക്കളും എന്റെ ആ നാട്ടിലുള്ള കുറച്ച് ബന്ധുക്കളൊക്കെ എന്റെ കൂടെ ഫോട്ടോ എടുക്കാനൊക്കെ ആയിട്ട് നിൽക്കുന്നുണ്ട്. ഞാൻ വണ്ടിയിൽ വരുന്നു, ഇവരുടെയൊക്കെ കൂടെ നിന്ന് ഫോട്ടോ എടുക്കുന്നു, ഡ്രസ്സ് മാറാനായിട്ട് കാരവാനിലേക്ക് കയറുമ്പോൾ കാരവാനിലെ ആൾ എന്നെ തടയുകയാണ്. ഞാൻ ഇത് വീണ്ടും കുത്തിപ്പൊക്കാൻ ആഗ്രഹിക്കാത്ത കാര്യമാണ്, അത് വിട്ട വിഷയമാണ്. പക്ഷേ ഇപ്പോൾ അതിന്റെ യാഥാർഥ്യം മനസ്സിലാക്കിപ്പിക്കണമെന്നു തോന്നി.
കാരവാനിൽ ഇന്ന് കയറാൻ പറ്റില്ലെന്ന് ആ ചേട്ടൻ പറഞ്ഞു. അതിലും 25 ദിവസം പതിവായിട്ട് വസ്ത്രം മാറിയിരുന്നത് അതിനകത്താണ്. ഏത് സിനിമ എന്നോ, ഏത് പ്രൊഡക്ഷൻ എന്നോ ഞാൻ പറയുന്നില്ല, സെറ്റിലാണ്. എന്നെ കാരവാനിൽ കയറ്റിയില്ല, ആ കോസ്ട്യൂമർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ശംഖുമുഖത്ത് ബാത്‌റൂമിൽ നിന്നാണ് ഞാൻ വസ്ത്രം മാറിയത്, അപ്പോൾ ഞാൻ കരയുന്നുണ്ട്. എന്റെ കൂടെ വസ്ത്രം മാറിയ ആളാണ് എന്റെ അങ്കമാലി ഡയറീസിൽ എന്റെ കൂടെ അഭിനയിച്ച ബിറ്റോ ഡേവിസ് എന്ന ആൾ. ഞാൻ കരയുന്ന കണ്ടിട്ട് ആ ചേട്ടൻ എന്നോട് പറഞ്ഞു, നീയെന്തിനാടാ കരയുന്നെ എന്ന് പറഞ്ഞു. ഞാൻ ഡ്രസ്സ് മാറുമ്പോഴും എന്റെ കോസ്ട്യൂമർ എന്റെ അടുത്ത് പറഞ്ഞു മോൻ കരയൊന്നും വേണ്ട അവിടെപ്പോയിട്ട് നന്നായിട്ട് അഭിനയിക്കൂ, ഇതൊക്കെ മാറും എന്ന്.
സത്യമായിട്ടും ഞാൻ അത് കഴിഞ്ഞു, ഞാൻ വന്നു അഭിനയിച്ചു. എന്റെ മുഖം മാറി നിൽക്കുന്നത് എന്റെ സംവിധായകന് മനസ്സിലാകും. അദ്ദേഹം സ്നേഹത്തോടെ എന്ത് പറ്റി എന്ന് ചോദിച്ചു. എനിക്ക് ഇങ്ങനെ ഒരു സങ്കടം ഉണ്ടായി, സുഹൃത്തുക്കളൊക്കെ കണ്ടുപോയി അതാണ് വിഷമം എന്ന് പറഞ്ഞു. സംവിധായകൻ ഇത് ആരാണോ പറഞ്ഞേല്പിച്ചത് അയാളെ വിളിച്ചിട്ട് വഴക്കു പറഞ്ഞു. അതാണ് അപ്പാനി ശരത് കാരവാനില്ലാതെ അഭിനയിക്കില്ല എന്ന് പറഞ്ഞ് ആദ്യമായി ഒരു വാർത്ത പുറത്തുവന്നത്. ഞാൻ ഈ വാർത്തയുടെ സത്യാവസ്ഥ പറയാനോ ഒന്നും നിന്നിട്ടില്ല. എന്നെ പല ചാനലുകാരും വിളിച്ച് ചോദിച്ചപ്പോൾ ഞാൻ ഒറ്റ ഉത്തരമേ പറഞ്ഞുള്ളൂ. നിങ്ങൾ ഞാൻ എന്താണെന്നോ ഞാൻ വന്ന വഴി എന്താണെന്നോ ഇവിടെയുള്ള ആളുകളുടെ അടുത്ത് അന്വേഷിച്ച് നോക്ക് എന്നേ പറഞ്ഞിട്ടുള്ളൂ. അതിനെതിരെ ഞാൻ പ്രതികരിക്കുകയോ ഒന്നും ചെയ്തിട്ടില്ല.