ഇത്തവണ തമിഴ് സിനിമാ ഇൻഡസ്ട്രി വളരെ പതുക്കെയായിരുന്നു സഞ്ചരിച്ചത്. നിരവധി സിനിമകൾ റിലീസായെങ്കിലും ചിത്രങ്ങളൊന്നും വലിയ വിജയം നേടിയില്ല. ബോക്സോഫീസ് കണക്കുകളിൽ വളരെ പിന്നിലായിരുന്നു ഇത്തവണ കോളിവുഡ് ഉണ്ടായിരുന്നത്. ആ അവസ്ഥയിൽ നിന്നും തമിഴകത്തെ പിടിച്ചുയർത്തിയത് അരൺമനെ നാലാം ഭാഗമാണ്. ഇത്തവണ തമിഴിൽ ഇറങ്ങി വിജയം നേടിയ അപൂർവ്വം ചിത്രങ്ങളിൽ ഒന്നായിരുന്നു സുന്ദർ സി സംവിധാനം ചെയ്ത ‘അറൺമണൈ 4’. തമിഴിൽ മുൻപും ഏറെ വിജയം നേടിയിട്ടുള്ള ഹൊറർ കോമഡി ഗണത്തിൽ പെടുന്ന ചിത്രം കൂടിയാണിത്. അഡ്വ. ശരവണൻ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചതും സുന്ദർ സി തന്നെ ആയിരുന്നു. തമന്നയും റാഷി ഖന്നയുമാണ് മറ്റ് രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോഴിതാ ചിത്രം ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്.
View this post on Instagram
മെയ് 3 ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ചിത്രമാണ് അരൺമനെ 4. ആദ്യ ദിനങ്ങളിൽത്തന്നെ മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടിയ ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് വെറും മൂന്ന് ആഴ്ച കൊണ്ട് നേടിയത് 88 കോടി ആയിരുന്നു. പ്രമുഖ ട്രാക്കർമാരായ സിനിട്രാക്ക് പുറത്തുവിട്ട കണക്കായിരുന്നു ഇത്. ചിത്രം 100 കോടി ക്ലബ്ബിൽ എത്തിയതായി പിന്നീട് നിർമ്മാതാക്കളും സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം ഇപ്പോൾ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. തമിഴിനൊപ്പം തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും ചിത്രം കാണാൻ സാധിക്കും.
രാമചന്ദ്ര രാജു, സന്തോഷ് പ്രതാപ്, കോവൈ സരള, യോഗി ബാബു, വിടിവി ഗണേഷ്, ദില്ലി ഗണേഷ്, ജയപ്രകാശ്, ഫ്രെഡറിക് ജോൺസൺ, രാജേന്ദ്രൻ, സിംഗം പുലി, ദേവ നന്ദ, സഞ്ജയ്, ലൊല്ലു സഭ സേഷു, വിച്ചു വിശ്വനാഥ്, യതിൻ കാര്യേക്കർ, നമൊ നാരായണ, ജയശ്രീ ചക്കി, ഹർഷ ഹരീഷ് തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കെ എസ് രവികുമാർ, ഖുഷ്ബു സുന്ദർ, സിമ്രൻ എന്നിവർ ചിത്രത്തിൽ അതിഥി താരങ്ങളായും എത്തിയിരുന്നു.
അരൺമനൈ ഫ്രാഞ്ചൈസിയിൽ ഇതുവരെ മൂന്ന് ചിത്രങ്ങളാണ് പുറത്തിറങ്ങിയത്. ആദ്യ ചിത്രം 2014ൽ ആണ് പ്രദർശനത്തിന് എത്തിയത്. സുന്ദർ, ഹൻസിക, വിനയ് റായ്, ആൻഡ്രിയ ജെറിമിയ എന്നീ താരങ്ങളായിരുന്നു ആദ്യ ഭാഗത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. വെങ്കട് രാഘവൻ ആയിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. 2016ൽ പുറത്തിറങ്ങിയ അരൺമനെയുടെ രണ്ടാമത്തെ ഭാഗത്തിൽ സിദ്ധാർത്ഥ്, തൃഷ എന്നിവരെ കൂടാതെ സുന്ദറും ഹൻസികയും അഭിനയിച്ചിരുന്നു. 2021ൽ പുറത്തിറങ്ങിയ മൂന്നാമത്തെ ചിത്രത്തിൽ സുന്ദർ, ആര്യ, റാഷി, ആൻഡ്രിയ ജെറിമിയ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായത്.